
മാണ്ടാട്: മണ്ണിനോടുള്ള അടങ്ങാത്ത സ്നേഹം മാണ്ടാടുകാരനായ ഹാരിസിനെ പ്രവാസ ജീവിതത്തില്‍ നിന്നും തിരിച്ചെത്തിച്ചത് മികച്ച യുവകര്ഷകനിലേക്ക്.
300 വാഴക്കന്നും രണ്ട് ചാക്ക് ഇഞ്ചി വിത്തുമായി മണ്ണിലേക്കിറങ്ങിയ മാണ്ടാട് മേലേത്ത് പുത്തന്‍പുരയില്‍ ഹാരിസ് ഇന്ന് നാലര ഏക്കര്‍ കൃഷിയിടത്തില്‍ വിളയിക്കുന്നത് നൂറ് മേനി വിളവാണ്. 1994ലാണ് കാര്‍ഷിക മേഖലയില്‍ ഈ യുവ കര്ഷകന് തുടക്കം കുറിക്കുന്നത്. 2008വരെ ലാഭനഷ്ടങ്ങളുടെ കണക്കിനിടയില്‍ വയനാടന്‍ പച്ചപ്പില്‍ നിന്നും അഞ്ചു വര്‍ഷം സഊദി അറേബ്യയുടെ മണലാരണ്യത്തിലേക്ക് ജോലി തേടി പോയി.
2006ല്‍ കര്‍ണ്ണാടകയിലെ സാമ്രാജ് നഗരത്തിലെ മൂടള്ളിയില് വാഴകൃഷി നടത്തിയ പരിചയവും നാട്ടിലെ കൃഷിരീതികളെ കുറിച്ചുള്ള അറിവുകളും വയനാടന്‍ കൃഷിയുടെ കരുത്തുമായി 2013ല്‍ വീണ്ടും നാട്ടിലെത്തി മണ്ണില്‍ വിത്തെറിഞ്ഞു. നഷ്ട കണക്കുകള്‍ നോക്കിയിരുന്നാല്‍ കര്ഷകന് എന്ന് പറയാന്‍ കഴിയില്ല. മണ്ണറിഞ്ഞ് വിത്തറിഞ്ഞ് വേണ്ട പരിചരണം സമയാസമയങ്ങളില്‍ നല്കിയെങ്കില് മാത്രമെ വിള നന്നാവുകയുള്ളൂവെന്ന പാഠമാണ് 2013 മുതലുള്ള അഞ്ചു വര്‍ഷങ്ങള്‍ തനിക്ക് സമ്മാനിച്ചതെന്ന് ജൈവകര്ഷകന് കൂടിയായ ഹാരിസ് പറയുന്നു. കൃഷിയിടത്തില്‍ കാലാവസ്ഥക്കനുയോജ്യമായ കൃഷികളൊരുങ്ങുമ്പോള് ഹാരിസിന്റെ പരീക്ഷണങ്ങളുടെയും കഠിനാധ്വാനത്തിന്റെയും വിജയമാണ് കാണാന്‍ കഴിയുക. കാപ്പി, കമുക്, തെങ്ങ്, കുരുമുളക്, വാഴ, ഇഞ്ചി, ചേന എന്നീ വാര്‍ഷിക വിളകള്‍ക്ക് പുറമെ പയറ്, പച്ചമുളക്, വെള്ളരി, വെണ്ട, ചീര, ചേമ്പ്, മരച്ചീനി, തക്കാളി എന്നിങ്ങനെ കൃഷിയിടത്തിലെ കാഴ്ചകളുടെ പട്ടിക നീളുകയാണ്. 2017ലെ മേപ്പാടി പഞ്ചായത്തിന്റെ യുവകര്ഷകന് അവാര്‍ഡിനര്‍ഹനായ ഹാരിസ് 2018ലെ മികച്ച യുവകര്‍ഷകനുള്ള കര്‍ഷക കോണ്‍ഗ്രസ് അവാര്‍ഡ് മുന്‍കൃഷി മന്ത്രിയും, മഹാരാഷ്ട്ര ഗവര്‍ണറുമായ ശങ്കരനാരായണനില്‍ നിന്നും ഏറ്റുവാങ്ങിയിരുന്നു.
ഹാരിസിന്റെ വീടിനുമുണ്ട് ഒരു പഴമ. ഓടുമേഞ്ഞ പഴയ തറവാടിത്തം വിളിച്ചോതുന്ന രണ്ട് നില കെട്ടിടം. ആ കെട്ടിടത്തില്‍ പുതുമയുടെ അലങ്കാരപ്പണികള്‍ ചേര്‍ത്ത് മനോഹരമാക്കിയിരിക്കുന്നു. ഈ വീടുള്‍പ്പടെ രണ്ടര ഏക്കര്‍ സ്ഥലം 11 വര്‍ഷം മുന്‍പാണ് ഹാരിസ് സ്വന്തമാക്കുന്നത്. ഇവിടെ ഹാരിസ് എന്ന യുവകര്ഷകന്റെയും ഭാര്യ നൂര്‍ജഹാന്റെയും പരിചരണത്തില്‍ കണ്ണിന് കുളിര്മയേകുന്ന കാഴ്ചകളുമായി മനോഹരമായ ഒരു കൃഷിയിടമാണ് ഒരുങ്ങിയത്. വീടിനോട് ചേര്‍ന്ന് കിടക്കുന്ന തൊഴുത്തില്‍ പുതിയൊരു ജെഴ്സി ഇനത്തില്‍പെട്ട കുഞ്ഞന്‍ പശുവിനെ വാങ്ങുവാനുള്ള ഒരുക്കത്തിലാണ് ഹാരിസ്. പശുത്തൊഴുത്തിന് തൊട്ടടുത്തായി വല കൊണ്ട് സംരക്ഷണമൊരുക്കിയ സ്ഥലത്ത് കാപ്പിച്ചെടികള്ക്കുള്ളിലൂടെ ഗോതമ്പുമണികള്‍ കൊത്തിത്തിന്നുന്ന നൂറോളം വിവിധ വര്‍ണ്ണങ്ങളിലുള്ള മുട്ടക്കോഴികളുമുണ്ട്. കൃഷിയിടത്തില്‍ കായ്ച്ചു നില്ക്കുന്ന മാവിലേക്ക് നോക്കുമ്പോള്‍ ഇതുപോലെ വ്യത്യസ്ഥ ങ്ങളായ മാവുകള്‍ തോട്ടത്തിലുണ്ടെന്ന് ഹാരിസിന്റെ മറുപടി. മാവുകള്‍ക്ക് പുറമെ ഔഷധ ഗുണമുള്ള മരത്തക്കാളി, മുള്ളന്‍ചക്ക, മുരിങ്ങ, റംബുട്ടാന്, കിലോ പേരക്ക, മുസംബി, സപ്പോട്ട, നെല്ലി, ചെറുനാരങ്ങ, ബട്ടര്‍ഫ്രൂട്ട്, ചാമ്പക്ക, പപ്പായ, കൊക്കോ, കടച്ചക്ക, വടുകപ്പുളി, വാളന്‍പുളി ഇവയെല്ലാം തോട്ടത്തില്‍ തലയെടുപ്പോടെ നില്‍ക്കുന്നുണ്ട്. ഇത്തരത്തിലുള്ള മതിവരാത്ത കാഴ്ചകളാണ് മാണ്ടാട് മേലേത്ത് പുത്തന്‍പുരയില്‍ ഹാരിസ്-നൂര്ജഹാന് ദമ്പതികളുടെ നാലര ഏക്കറില്‍ വിളഞ്ഞുനില്ക്കുന്നത്.