2019 July 19 Friday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

നാലടിയില്‍ ബെല്‍ജിയം ക്വാര്‍ട്ടറില്‍

ടുലൂസ്: ഹംഗറിയെ തകര്‍ത്തു തരിപ്പണമാക്കി ബെല്‍ജിയം യൂറോ കപ്പിന്റെ ക്വാര്‍ട്ടറില്‍. ഗ്രൂപ്പ് ചാംപ്യന്‍മാരായി വന്ന ഹംഗറി ബെല്‍ജിയത്തിന്റെ വന്‍ താരനിരക്കു മുന്‍പില്‍ മഞ്ഞു പോലെ ഉരുകിത്തീരുകയായിരുന്നു. ആവേശകരമായ മത്സരത്തില്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് ബെല്‍ജിയത്തിന്റെ തോരോട്ടം. ടൂര്‍ണമെന്റിലെ ഏറ്റവും വലിയ വിജയമാണ് ബെല്‍ജിയത്തിന്റേത്.
1980നു ശേഷം ബെല്‍ജിയത്തിന്റെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരമാണിത്. മൈതാനത്ത് മുഴുവന്‍ ബെല്‍ജിയം താരങ്ങള്‍ നിറഞ്ഞാടുകയായിരുന്നു. കളി തുടങ്ങി പത്തു മിനുട്ടാവുമ്പോഴേക്കും ഹംഗറിയുടെ വലയില്‍ ബെല്‍ജിയം പന്തെത്തിച്ചിരുന്നു. ഒന്‍പതാം മിനുട്ടില്‍ ലഭിച്ച ഫ്രീകിക്ക് വലയിലാക്കിയാണ് ബെല്‍ജിയം അകൗണ്ട് തുടങ്ങിയത്. ജെര്‍ഗോ ലവറന്‍സിസ്‌ക് എടുത്ത ഫ്രീകിക്ക് സുന്ദരമായി ഹെഡ്ഡ് ചെയ്ത് വിങ്ങ്ബാക്ക് ആദം ലാംഗ് വലയിലാക്കുകയായിരുന്നു. ആദ്യ പത്തു മിനുട്ടില്‍ തന്നെ ഗോള്‍ വഴങ്ങിയ ഹംഗറി പതറിപ്പോയെങ്കിലും പിന്നീട് തിരിച്ചുവന്നു. പതിയെപ്പതിയെ കടന്നാക്രമിച്ചെങ്കിലും ഹംഗറിക്ക് ഗോള്‍ മടക്കാന്‍ സാധിച്ചില്ല. കളിയില്‍ രണ്ടാം ഗോള്‍ നേടാന്‍ പിന്നീട് 78ാം മിനുട്ട് വരെ കാത്തിരിക്കേണ്ടി വന്നു ബെല്‍ജിയത്തിന്.
ഇടതു വിങ്ങിലൂടെ കുതിച്ച സ്‌ലോട്ടന്‍ ഗീറ എതിര്‍ ദിശയിലേക്ക് നല്‍കിയ ഒന്നാന്തരം ഒരു ക്രോസ് മാര്‍ക്കു ചെയ്യാതെ നിന്ന മിക്കി ബാറ്റ്‌ഷോയ് വലയിലാക്കുകയായിരുന്നു. തൊട്ടടുത്ത മിനുട്ടില്‍ ചെല്‍സി താരം ഈദന്‍ ഹസാദും ഗോള്‍ നേടി. അതിമനോഹരമായിരുന്നു ഈ ഗോള്‍. നാലു പ്രതിരോധക്കാരെ മറികടന്ന് ബോക്‌സിന്റെ തൊട്ടരികില്‍ നിന്നുതിര്‍ത്ത ഉഗ്രന്‍ ഷോട്ട് പോസ്റ്റിന്റെ വലതു മൂലയിലൂടെ അകത്തു കയറുകയായിരുന്നു. 90ാം മിനുട്ടിലായിരുന്നു ബെല്‍ജിയത്തിന്റെ അവസാന ഗോള്‍.
ഒരു ഗോളെങ്കിലും തിരിച്ചടിക്കാനുള്ള ഹംഗറിയുടെ ശ്രമത്തിനിടെ വന്ന ഒരു കൗണ്ടര്‍ അറ്റാക്കിലായിരുന്നു ഈ ഗോള്‍. അത്‌ലറ്റിക്കോ മാഡ്രിഡ് താരം കരാസ്‌കോയായിരുന്നു അവസാന സ്‌കോറര്‍. തോല്‍വിയോട ഹംഗറി ടൂര്‍ണമെന്റില്‍ നിന്നു പുറത്തായി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.