2018 November 15 Thursday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

നാറ്റോ വേദിയില്‍ വാക്‌പോര്: ജര്‍മനി റഷ്യയുടെ നിയന്ത്രണത്തിലെന്ന് ട്രംപ്

ബ്രസ്സല്‍സ്: നാറ്റോ ഉച്ചകോടിയില്‍ അമേരിക്കയും ജര്‍മനിയും തമ്മില്‍ വാക്‌പോര്. ബ്രസ്സല്‍സില്‍ നടന്ന ഉച്ചകോടിയില്‍ ആദ്യം ജര്‍മനിയെ പരിഹസിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് രംഗത്തെത്തിയത്. തൊട്ടുപിന്നാലെ ട്രംപിന് മറുപടിയുമായി ജര്‍മന്‍ ചാന്‍സലര്‍ ആങ്കല മെര്‍ക്കലും രംഗത്തെത്തി.
ജര്‍മനി റഷ്യയുടെ നിയന്ത്രണത്തിലാണെന്നായിരുന്നു നാറ്റോ ഉച്ചകോടിക്കിടെ ട്രംപിന്റെ വിവാദ പരാമര്‍ശം. ജര്‍മനിയെ നിയന്ത്രണത്തിലാക്കാനാണ് റഷ്യ വാതക ഉടമ്പടിയുമായി എത്തിയതെന്നായിരുന്നു ട്രംപിന്റെ ആരോപണം.
ജര്‍മനി പൂര്‍ണമായും റഷ്യയുടെ നിയന്ത്രണത്തിലാണെന്ന് ട്രംപ് തുറന്നടിച്ചു. ജര്‍മനി, ഫ്രാന്‍സ്, തുടങ്ങിയ രാജ്യങ്ങളെ ദശകങ്ങളായി തങ്ങള്‍ സംരക്ഷിച്ചുകൊണ്ടിരിക്കുയാണെന്നും ട്രംപ് വ്യക്തമാക്കി. ഉച്ചകോടിക്കിടെ നാറ്റോ തലവന്‍ ജെന്‍സ് സ്റ്റോളന്‍ബര്‍ഗിനെതിരേയും ട്രംപിന്റെ ആക്രമണമുണ്ടായി.
റഷ്യക്കും ജര്‍മനിക്കും ഇടയിലുള്ള പൈപ് ലൈന്‍ പദ്ധതിയെ എതിര്‍ത്ത് മുന്‍പും പല രാജ്യങ്ങളും രംഗത്തെത്തിയിരുന്നു. യൂറോപ്പില്‍ കാര്യക്ഷമമായ ഊര്‍ജോല്‍പാദന സംവിധാനം സൃഷ്ടിക്കുന്നതിന് പദ്ധതി ദോഷം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി പോളണ്ട്, ഹംഗറി, ചെക് റിപ്പബ്ലിക്, സ്‌ളോവാക്യ മുതലായ രാജ്യങ്ങള്‍ മുന്‍പ് രംഗത്തെത്തിയിരുന്നു. ഇതെ വിഷയത്തിലാണ് ട്രംപും ജര്‍മനിക്കെതിരേ ആഞ്ഞടിച്ചിരിക്കുന്നത്.
എന്നാല്‍ ട്രംപിനെതിരേ അതേ നാണയത്തില്‍ മറുപടിയുമായി ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജല മെര്‍ക്കല്‍ രംഗത്തെത്തുകയായിരുന്നു. ജര്‍മനി റഷ്യയുടെ നിയന്ത്രണത്തിലാണെന്ന പരിഹാസവുമായി രംഗത്തെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തങ്ങള്‍ സ്വതന്ത്ര രാഷ്ട്രമാണെന്ന മറുപടിയാണ് മെര്‍ക്കല്‍ നല്‍കിയത്.
നാറ്റോ വേദിയിലായിരുന്നു മെര്‍ക്കലിന്റെയും പ്രതികരണം. ജര്‍മനി ഒരു ഫെഡറല്‍ റിപ്പബ്ലിക് ആണെന്നതില്‍ താന്‍ വളരെയധികം സന്തോഷിക്കുന്നുവെന്ന് പറഞ്ഞ മെര്‍ക്കല്‍ തങ്ങള്‍ക്ക് തങ്ങളുടേതായ സ്വതന്ത്ര നയങ്ങളും സ്വതന്ത്ര തീരുമാനങ്ങളുമാണ് ഉള്ളതെന്നും വ്യക്തമാക്കി.
ജര്‍മനിക്കെതിരേ ട്രംപിന്റെ ആവര്‍ത്തിക്കുന്ന വിമര്‍ശനങ്ങളെക്കുറിച്ചും മെര്‍ക്കല്‍ നാറ്റോ വേദിയില്‍ സംസാരിച്ചു. നാറ്റോയുമായി മഹത്തായ ഒരു ഉടമ്പടിയാണ് ജര്‍മനിക്കുള്ളതെന്നും മെര്‍ക്കല്‍ വ്യക്തമാക്കി. തങ്ങളുടെ സൈനിക ശക്തിയുടെ വലിയൊരു ശതമാനം നാറ്റോ സേവനങ്ങള്‍ക്കായി വിനിയോഗിക്കുന്ന രാജ്യമാണ് ജര്‍മനിയെന്നും മെര്‍ക്കല്‍ ട്രംപിന് മറുപടി നല്‍കി.
അതേസമയം ഈ മാസം 16നാണ് റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിനുമായുള്ള ട്രംപിന്റെ ആദ്യ സന്ദര്‍ശനം. ഫിന്‍ലന്‍ഡിന്റെ തലസ്ഥാനമായ ഹെല്‍സിങ്കിയിലാണ് ട്രംപും പുടിനുമായുള്ള നിര്‍ണായക കൂടിക്കാഴ്ച.
ഉഭയകക്ഷി വിഷയങ്ങളും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്ന് ഇരുരാജ്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.