2019 March 19 Tuesday
നല്ല ഹൃദയം സ്വര്‍ണത്തേക്കാള്‍ വിലപിടിപ്പുള്ളതാണ് – ഷേക് സ്പിയര്‍

നാനൂറോളം പേര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

 

ജമ്മു: പൂഞ്ചിലെ അതിര്‍ത്തി ഗ്രാമത്തിലെ വ്യാപാര കേന്ദ്രത്തിനു നേരേയുണ്ടായ കനത്ത പാക് ഷെല്ലാക്രമണത്തില്‍നിന്ന് നാനൂറോളം പേര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

ഇന്നലെ രാവിലെ 10.45ഓടെയായിരുന്നു അപ്രതീക്ഷിത ആക്രമണം. വ്യാപാര കേന്ദ്രത്തിനു പുറത്ത് പാലത്തിനു സമീപമാണ് മോര്‍ട്ടാര്‍ ഷെല്ലുകള്‍ പതിച്ചത്. പിന്നാലെ രണ്ടുതവണകൂടി ഷെല്ലുകളെത്തി. വ്യാപാര കേന്ദ്രത്തിന്റെ പരിസരത്താണ് ഇവയും വീണത്.
ആക്രമണത്തില്‍ ആര്‍ക്കും ജീവാപായമില്ല. വ്യാപാര കേന്ദ്രത്തിനും നാശനഷ്ടമില്ല. എങ്കിലും ഈ ഭാഗങ്ങളില്‍നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു.

ജമ്മുകശ്മിരിലെ അന്താരാഷ്ട്ര അതിര്‍ത്തിയോടു ചേര്‍ന്ന പൂഞ്ചിലെ ചക്കന്‍ദാ ബാഗിലെ വ്യാപാര കേന്ദ്രത്തിനുനേരെയായിരുന്നു പാക് ഷെല്‍ വര്‍ഷം. ആക്രമണമുണ്ടാകുമ്പോള്‍ ഇവിടെ നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പൊലിസ്, എമിഗ്രേഷന്‍ ഉദ്യോഗസ്ഥരും തൊഴിലാളികളും കച്ചവടക്കാരുമുണ്ടായിരുന്നു.

ആക്രമണത്തിന് തൊട്ടുമുന്‍പ് സമാധാനാന്തരീക്ഷമുണ്ടെന്ന് കണ്ട് 34 ട്രക്കുകള്‍ പാക് അധീന കശ്മിരിലേക്കും 31 ട്രക്കുകള്‍ തിരികെ ഇന്ത്യയിലേക്കും പോയിരുന്നതായി പൊലിസ് പറഞ്ഞു. ഷെല്ലാക്രമണം ഇന്നലെ ഏറെ വൈകിയും തുടരുന്ന സാഹചര്യത്തില്‍ ഇരുഭാഗത്തേക്കുമുള്ള ട്രക്ക് സര്‍വിസുകള്‍ തല്‍ക്കാലം നിര്‍ത്തിവച്ചു. പൂഞ്ചിലെ ഖാരി കര്‍മാരായില്‍ ജനവാസ കേന്ദ്രത്തിനുനേരെയും പാക് ആക്രമണമുണ്ടായി. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.

 

മുന്‍ സ്‌പെഷല്‍ പൊലിസ്
ഓഫിസറെ കൊലപ്പെടുത്തി

ശ്രീനഗര്‍: പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കശ്മിര്‍ പൊലിസിലെ മുന്‍ സ്‌പെഷല്‍ ഓഫിസര്‍ ആഷിക് അഹമ്മദ് നായക് കൊല്ലപ്പെട്ടു.

ജെയ്‌ഷെ മുഹമ്മദാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലിസ് പറഞ്ഞു. പിംഗ്ലീന ഗ്രാമത്തില്‍ റോഡരികിലൂടെ നടന്നുപോകുമ്പോഴായിരുന്നു ഇദ്ദേഹത്തിനുനേരേ ആക്രമണം ഉണ്ടായത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇവിടെവച്ച് മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു.

നായക് നേരത്തെ ജമ്മുകശ്മിര്‍ ലൈറ്റ് ഇന്‍ഫന്ററി വിഭാഗത്തില്‍ ജോലി ചെയ്യുകയും പിന്നീട് രാജിവയ്ക്കുകയും ചെയ്തിരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.