2017 May 30 Tuesday
ആലീസ് വാക്കര്‍

നാനൂറില്‍പരം വൃക്ഷവൈവിധ്യങ്ങളുമായി ബഹിയ

മാറഞ്ചേരി: വെളിയങ്കോട് ഗ്രാമപഞ്ചായത്തിലെ മുളമുക്കിലെ ബഹിയ എന്ന വീട്ടമ്മ തന്റെ 42 സെന്റ് സ്ഥലത്ത് വച്ചുപിടിപ്പിച്ചിരിക്കുന്നത് നാനൂറില്‍ പരം വൃക്ഷത്തൈകളാണ്.
മരങ്ങളെയും പ്രകൃതിയെയും സ്‌നേഹിക്കുന്ന ബഹിയയ്ക്കു വീടിനു ചുറ്റും വൃക്ഷങ്ങള്‍ വെച്ച് പിടിപ്പിക്കുന്നത് ജീവിതചര്യയുടെ ഭാഗമാണ്. കടമ്പ് , മാതളം, നീര്‍മാതളം, പേരാല്‍, അത്തി, ഇത്തി, ഏഴിലം പാല, പേരാല്‍, വെള്ളാല്‍, അരയാല്‍, കൃഷ്ണനാല്‍, അശോകം, നീര്‍മരുത്, പീനട്ട്, ആപ്പിള്‍ തുടങ്ങി അപൂര്‍വങ്ങളായ നിരവധി മരങ്ങള്‍ ബഹിയയുടെ വീടിനു ചുറ്റും വളരുന്നു.
നവമാധ്യമങ്ങളിലെ സുഹൃത്തുക്കള്‍ വഴിയും സംസ്ഥാനത്തെ വിവിധ നഴ്‌സറികള്‍ വഴിയുമാണ് തൈകള്‍ സംഘടിപ്പിക്കുന്നത്. ഇതിനു പുറമെ പച്ചക്കറി കൃഷിക്കും മൃഗപരിപാലനത്തിനും സമയം കണ്ടെത്തുന്നുണ്ട് ഇവര്‍.
ബന്ധുക്കളും അയല്‍വാസികളും സഹകരിച്ചുള്ള കൂട്ടായ്മയില്‍ സായാഹ്‌ന കൃഷി വിജയകരമായി മുന്നോട്ടു കൊണ്ടുപോവുന്നുമുണ്ട്. ആവശ്യക്കാര്‍ക്കു ഗ്രോ ബാഗ്, വളം എന്നിവ വിതരണം ചെയ്യാനും ഈ വീട്ടമ്മ സമയം കണ്ടെത്തുന്നു. പഴഞ്ഞി മുളമുക്ക് മായിന്‍ മുസ്‌ല്യാരകത്ത് ഫായിസിന്റെ ഭാര്യയാണ് ബഹിയ. ഫായിസ് കൊളപ്പുറം എ.ആര്‍ നഗര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളധ്യാപകനാണ്.
നാളികേര കര്‍ഷക ജേതാവായ ഗുരുവായൂര്‍ സ്വദേശി മുഹമ്മദുണ്ണി യുടെ മകളായ ബഹിയ ചെറുപ്പം മുതല്‍ തന്നെ കാര്‍ഷികരംഗത്ത് സജീവമായിരുന്നു. സോഷ്യോളജി, സൈക്കോളജി എന്നിവയില്‍ മാസ്റ്റര്‍ ബിരുദമുള്ള ബഹിയയ്ക്കു കുടുംബത്തിന്റെയും നാട്ടുകാരുടെയും പൂര്‍ണപിന്തുണയുമുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.