2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

നാട്ടുകാര്‍ കൈകോര്‍ത്തു; വയനാംപാലത്തിലൂടെ ഇനി ചെറുവാഹനങ്ങള്‍ക്ക് പോകാം

മാനന്തവാടി: കനത്ത മഴയില്‍ തകര്‍ന്ന തവിഞ്ഞാല്‍ പഞ്ചായത്തിലെ വയനാംപാലത്തിലൂടെ താല്‍കാലിക യാത്രാ സൗകര്യമൊരുക്കി നാട്ടുകാര്‍. ഇതോടെ 44-ാം മൈല്‍ കൈതക്കൊല്ലി വഴി മക്കിമലയിലേക്ക് ചെറുവാഹനങ്ങള്‍ക്ക് ഇനി സഞ്ചരിക്കാന്‍ കഴിയും. എന്നാല്‍ ബസ് ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ക്ക് ഇതുവഴി സര്‍വിസ് നടത്തണമെങ്കില്‍ പുതിയ പാലം തന്നെ നിര്‍മിക്കേണ്ടി വരും. ഈ പ്രദേശത്തെ നിരവധിയാളുകള്‍ ചേര്‍ന്നാണ് ഇന്നലെ താല്‍കാലികമായി വയനാംപാലം ഗതാഗത യോഗ്യമാക്കിയത്. മണ്ണ്മാന്തി യന്ത്രത്തിന്റെ സഹായത്തോടെ തകര്‍ന്ന ഭാഗം കല്ലുംമണ്ണും ഉപയോഗിച്ചാണ് നന്നാക്കിയത്. ശക്തമായ മലവെള്ള പാച്ചിലിന്റെ കുത്തൊഴുക്കില്‍ ആഴ്ചകള്‍ക്ക് മുമ്പ് വയനാംപാലം തകരുകയും പുഴ ദിശമാറി ഒഴുകുകയും ചെയ്തിരുന്നു. ഇത് കാരണം നൂറ് കണക്കിനാളുകളാണ് വലഞ്ഞത്. പാലം തകരുകയും റോഡ് പലയിടങ്ങളിലായി ഇടിയുകയും ചെയ്തതോടെ ഇതുവഴിയുള്ള ബസ് സര്‍വിസ് നിലക്കുകയും ചെയ്തു. പൊയില്‍, കമ്പമല, കൈതക്കൊല്ലി എന്നീ പ്രദേശങ്ങളിലുള്ളവരാണ് വയനാംപാലം തകര്‍ന്നതോടെ ഏറ്റവും കൂടുതല്‍ ദുരിതത്തിലായത്. പുതിയിടം വഴി അഞ്ച് കിലോമീറ്ററോളം ചുറ്റിക്കറങ്ങിയാണ് ഈ പ്രദേശത്തുകാര്‍ യാത്ര ചെയ്തു വരുന്നത്. ബസ് ഇല്ലാത്തതിനാല്‍ ജീപ്പുകളെയും ഓട്ടോറിക്ഷകളെയും ആശ്രയിക്കേണ്ട സ്ഥിതിയായി. മക്കിമലയില്‍ ഉരുള്‍പ്പൊട്ടലിന് സമാനമായ മണ്ണിടിച്ചിലാണ് ഓഗസ്റ്റ് ഒമ്പതിന് രാത്രി ഉണ്ടായത്.
ഒപ്പം മക്കിമലയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ വനത്തിനുള്ളിലും വലിയ രീതിയില്‍ മണ്ണിടിച്ചിലുണ്ടായി. ഇതുമൂലം മലവെള്ളം കുത്തിയൊലിച്ച് വയനാപാലം തകരുകയായിരുന്നു. മൂന്ന് പതിറ്റാണ്ടു മുമ്പാണ് വയനാംപാലം നിര്‍മിച്ചത്. പാലത്തിന് ഉയരം കുറവായത് പെട്ടെന്നുള്ള തകര്‍ച്ചക്ക് വഴിവെച്ചു. 44-ാം മൈല്‍ കൈതക്കൊല്ലി മക്കിമല റോഡ് പൂര്‍ണതോതില്‍ ഗതാഗത യോഗ്യമാകണമെങ്കില്‍ വയനാംപാലത്ത് പുതിയ പാലം നിര്‍മിക്കുകയും ഈ റോഡില്‍ ഒന്നര കിലോമീറ്ററോളം നീളത്തില്‍ സംരക്ഷണ ഭിത്തി കെട്ടുകയും വേണം. റോഡും വയനാംപാലവും യുദ്ധകാല അടിസ്ഥാനത്തില്‍ നന്നാക്കണമെന്നാവശ്യപ്പെട്ട് അധികൃതര്‍ക്ക് നിവേദനം നല്‍കിയതായി പ്രദേശവാസിയും പൊതുപ്രവര്‍ത്തകനുമായ ടി.കെ ഗോപി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.