2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

നാട്ടങ്കത്തില്‍ പൂനെയ്ക്ക് ജയം

മുംബൈ: ഐ.എസ്.എല്‍ ടീമുകളുടെ നാട്ടങ്കത്തില്‍ മുംബൈ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് പൂനെ സിറ്റി പരാജയപ്പെടുത്തി. സമനിലയിലേക്ക് നീങ്ങുകയായിരുന്ന മത്സരത്തില്‍ യൂജിന്‍സന്‍ ലിങ്‌ദോയാണ് പൂനെയുടെ വിജയ ഗോള്‍ നേടിയത്. പൂനെയുടെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്.
സ്വന്തം തട്ടകത്തില്‍ പൂനെയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് മുംബൈ കളത്തിലിറങ്ങിയത്. മുന്നേറ്റത്തില്‍ സുനില്‍ ഛേത്രി കളത്തിലിറങ്ങിയത് മുംബൈയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്തു. അതേസമയം പൂനെ അഞ്ചു പ്രതിരോധ താരങ്ങളെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്. യൂജിന്‍സന് ലിങ്‌ദോ ടീമിലെത്തിയത് പൂനെയുടെ പ്രകടനത്തില്‍ നിര്‍ണായകമാവുകയും ചെയ്തു.
ആദ്യ പകുതിയില്‍ ഇരുടീമുകളും നിരവധി അവസരങ്ങളാണ് തുലച്ചത്. 12ാം മിനുട്ടില്‍ ഡീഗോ ഫോര്‍ലാന്റെ തകര്‍പ്പനൊരു ക്രോസ് അപ്പോല ഈദല്‍ തടുത്തിട്ടെങ്കിലും പന്തെത്തിയത് തിയാഗോ കുനയുടെ കാലില്‍. താരം സെഹ്‌നാജ് സിങിന് അവസരം ഒരുക്കിയെങ്കിലും സെഹ്‌നാജിന് ലക്ഷ്യം കാണാന്‍ സാധിച്ചില്ല. തൊട്ടുപിന്നീലെ തന്നെ കുനയുടെ മറ്റൊരു ഷോട്ടും പൂനെ പ്രതിരോധം സേവ് ചെയ്തു. ആദ്യ പകുതിയില്‍ മുംബൈ നിരന്തരം അവസരം ഒരുക്കിയപ്പോള്‍ പൂനെ പ്രതിരോധത്തിനാണ് പ്രാധാന്യം നല്‍കിയത്.
രണ്ടാം പകുതിയില്‍ യൂജിന്‍സന്‍ ലിങ്‌ദോ ടീമിലെത്തിയതോടെ പൂനെ മികച്ച രീതിയില്‍ കളിക്കാന്‍ തുടങ്ങി. പൂനെയുടെ ചില നീക്കങ്ങള്‍ ഗോളിനടുത്തെത്തുകയും ചെയ്തു.
പക്ഷേ മുംബൈക്കാണ് രണ്ടാം പകുതിയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചത്. എന്നാല്‍ ഗോളടിക്കാന്‍ ഇരുടീമുകള്‍ക്കും സാധിക്കാതിരുന്നതോടെ മത്സരം സമനിലയിലേക്ക് നീങ്ങുകയാണെന്ന് ഉറപ്പിച്ചു. എന്നാല്‍ 89ാം മിനുട്ടില്‍ ലിങ്‌ദോയുടെ ഗോള്‍ പൂനെയ്ക്ക് അപ്രതീക്ഷിത ജയം സമ്മാനിക്കുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.