2020 June 04 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

നാടകീയ അതിജീവനങ്ങള്‍ക്ക് അറുതി; എന്‍മകജെയില്‍ ബി.ജെ.പി പുറത്ത്

അശോക് നീര്‍ച്ചാല്‍

എന്‍മകജെ: രണ്ടര വര്‍ഷം നീളുന്ന ബി.ജെ.പി ഭരണത്തിന് എന്‍മകജെയില്‍ അന്ത്യം. രണ്ടര വര്‍ഷത്തിനിടയ്ക്ക് അവിശ്വാസം വന്നിട്ടും ഭരണം നഷ്ടമാകാതിരുന്ന ബി.ജെ.പിയുടെ നാടകീയ അതീജീവനശ്രമങ്ങള്‍ക്കാണ് ഇന്നലെ പ്രസിഡന്റിനെതിരേ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം പാസായതോടെ അറുതിയായത്. ബി.ജെ.പിയ്‌ക്കെതിരേ ഇടത്-വലത് മുന്നണികള്‍ ഇക്കുറി ഒരുമിച്ചുനിന്നതോടെയാണ് ഒരാഴ്ചയ്ക്കിടെ ജില്ലയില്‍ ബി.ജെ.പിയ്ക്ക് രണ്ടാമത്തെ പഞ്ചായത്തിന്റെ ഭരണവും നഷ്ടമാവുന്നത്. 17 അംഗങ്ങളുള്ള എന്‍മകജെ പഞ്ചായത്തില്‍ ബി.ജെ.പി അധികാരത്തിലെത്തിയതും പുറത്തുപോകുന്നതും നാടകീയമായാണ്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുനടന്ന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും അംഗങ്ങള്‍ മത്സരിച്ചപ്പോള്‍ രണ്ടുസീറ്റുള്ള സി.പി.എമ്മും ഒരു സീറ്റുള്ള സി.പി.ഐയും വിട്ടുനിന്നു. തുടര്‍ന്ന് ഏഴുവീതം വോട്ടുകള്‍ നേടി ബി.ജെ.പിയും യു.ഡി.എഫും തുല്ല്യത നേടിയപ്പോള്‍ നറുക്കെടുപ്പിലൂടെ ബി.ജെ.പിയിലെ രൂപവാണി ആര്‍. ഭട്ട് പ്രസിഡന്റായി.
വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ഇതേ അവസ്ഥ തുടര്‍ന്നപ്പോള്‍ നറുക്കെടുപ്പിലൂടെ ബി.ജെ.പിയിലെ കെ. പുട്ടപ്പ തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ ബി.ജെ.പി ഭരണത്തിനെതിരേ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫ് ഒരു വര്‍ഷത്തിനു ശേഷം നീക്കം തുടങ്ങി. ഈ അവിശ്വാസ പ്രമേയത്തെ ബി.ജെ.പി മറികടന്നത് നാടകീയ നീക്കത്തിലൂടെയാണ്. പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയം ചര്‍ച്ചയ്‌ക്കെടുത്തപ്പോള്‍ ബി.ജെ.പി അംഗങ്ങള്‍ യോഗത്തിനെത്തിയില്ല. സി.പി.എമ്മിന്റെ രണ്ടംഗങ്ങളും യോഗത്തില്‍നിന്നു വിട്ടുനിന്നതോടെ ക്വാറം തികയാത്തതിനാല്‍ പ്രസിഡന്റിനെതിരായ അവിശ്വാസം ചര്‍ച്ചയ്‌ക്കെടുത്തില്ല. 17 അംഗ ഭരണസമിതിയില്‍ ക്വാറം ഒന്‍പതു വേണമായിരുന്നു. അങ്ങനെ ബി.ജെ.പി അന്ന് തലനാരിഴയ്ക്കു രക്ഷപ്പെടുകയായിരുന്നു. തൊട്ടുപിന്നാലെ നടന്ന വൈസ് പ്രസിഡന്റിനെതിരായ അവിശ്വാസത്തില്‍ 17 അംഗങ്ങളും പങ്കെടുത്തുവെങ്കിലും വോട്ടെടുപ്പില്‍നിന്ന് ഇടത് അംഗങ്ങള്‍ വിട്ടുനിന്നതോടെ ബി.ജെ.പിയും യു.ഡി.എഫും തുല്ല്യത പുലര്‍ത്തിയതോടെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു.
കാറഡുക്ക പഞ്ചായത്തിലെ ബി.ജെ.പി ഭരണസമിതിയെ വീഴ്ത്താന്‍ സി.പി.എം അവിശ്വാസത്തെ പിന്തുണച്ച കോണ്‍ഗ്രസിനെ എന്‍മകജെയില്‍ സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി കണ്ടറിഞ്ഞു സഹായിച്ചു. ഇടതുപിന്തുണ ഉറപ്പാക്കിയതോടെ ഇന്നു നടക്കുന്ന വൈസ് പ്രസിഡന്റിനെതിരായ അവിശ്വാസവും വിജയിക്കും. ഇതോടെ കാറഡുക്കയിലും എന്‍മകജെയിലും ഇടത്-വലത് സഖ്യങ്ങളുടെ നേതൃത്വത്തില്‍ ഭരണമുണ്ടാവും. ബി.ജെ.പിയ്‌ക്കെതിരേ എല്‍.ഡി.എഫും യു.ഡി.എഫും ഒന്നിക്കുന്ന കാഴ്ചയ്ക്കാണ് ഇന്നലെ എന്‍മകജെ പഞ്ചായത്ത് ഹാള്‍ സാക്ഷ്യം വഹിച്ചത്.
അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്കിടെ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലായി പഞ്ചായത്ത് ഓഫിസ് പരിസരത്തും പെര്‍ള ടൗണിലും കനത്ത പൊലിസ് സുരക്ഷ ഒരുക്കിയിരുന്നു. വിദ്യാനഗര്‍ സി.ഐ ബാബു പെരിങ്ങേത്ത്, ബദിയഡുക്ക എസ്.ഐ മെല്‍വിന്‍ ജോസ്, ആദൂര്‍ എസ്.ഐ വിക്രമന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പൊലിസ് സുരക്ഷയൊരുക്കിയത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.