2019 July 20 Saturday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

നാഗ്ജി കിരീടം യൂറോപ്പിലേക്ക്

കോഴിക്കോട്: 21 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തുടങ്ങിയ സേഠ് നാഗ്ജി ട്രോഫി യൂറോപ്പിലേക്ക്. ബ്രസീല്‍ ടീം അത്‌ലറ്റിക്കോ പരാനന്‍സിന്റെ നൈസര്‍ഗ്ഗിക ഫുട്‌ബോളിനെ പരാജയപ്പെടുത്തി യൂറോപ്പിന്റെ ആക്രമണവും പ്രതിരോധവും സമന്വയിപ്പിച്ച കളി പുറത്തെടുത്ത ഉക്രൈന്‍ ടീം എഫ്.സി നിപ്രോയാണ് കിരീട ജേതാക്കള്‍. അത്‌ലറ്റിക്കോ പരാനന്‍സിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നിപ്രോ ചാംപ്യന്‍പട്ടം നെഞ്ചോടു ചേര്‍ത്തത്. യൂറി വാകുല്‍കോ, ഡെനിസ് ബലാനിക്, ഒലസ്‌കി ലാറിന്‍ എന്നിവരാണ് നിപ്രോയ്ക്കായി ഗോളുകള്‍ നേടിയത്.

കളിയിലുടനീളം നിപ്രോയാണ് ആധിപത്യം പുലര്‍ത്തിയത്. കളിയുടെ ഒരു ഘട്ടത്തില്‍ പോലും ബ്രസീല്‍ ടീം നിപ്രോയ്ക്ക് വെല്ലുവിളിയായില്ല. അനായാസം പരാനന്‍സിനെ തറപറ്റിക്കാന്‍ ഉക്രൈന്‍ സംഘത്തിനു കഴിഞ്ഞു. കരുതലോടെ തുടങ്ങിയ ആദ്യ പകുതിയില്‍ ഇരു ടീമകളും ശ്രദ്ധിച്ചു കളിച്ചു. അഞ്ചാം മിനുട്ടില്‍ തന്നെ നിപ്രോക്ക് പരാനന്‍സ് പോസ്റ്റിലേക്ക് നിറയൊഴിക്കുന്നതിനായി സുവര്‍ണാവസരം ലഭിച്ചെങ്കിലും ശ്രമം പാഴായി.

നിപ്രോ നിര്‍ത്താതെ നടത്തിയ അക്രമണത്തില്‍ 10ാം മിനുട്ടില്‍ നിപ്രോയുടെ ഡെനിസ് ബലാനുക് ഗോളുറപ്പിച്ച് പന്ത് ചിപ്പ് ചെയ്‌തെങ്കിലും ബാറിനു മുകളിലൂടെ പുറത്തു പോയി. ഇതോടെ പരാനന്‍സ് പ്രതിരോധം ശക്തിപ്പെടുത്തി. പരാനന്‍സിന്റെ നാലു താരങ്ങളെ ഡ്രിബിള്‍ ചെയ്ത് മുന്നേറിയ നിപ്രോ താരം മാക്‌സിം ലുനോവിന് 33ാം മിനുട്ടില്‍ ലഭിച്ച അവസരവും മുതലാക്കാനായില്ല. പ്രത്യാക്രമണങ്ങളുമായി നിപ്രോയുടെ ഗോള്‍ മുഖത്തേക്ക് പന്തുമായെത്തിയ പരാനന്‍സ് താരം ഗാള്‍ഡിനോ സില്‍വ ജൂനിയറിന്റെ ശ്രമം നിപ്രോ കീപ്പര്‍ പരാജയപ്പെടുത്തിയതോടെ പരാനന്‍സിന്റെ ആദ്യ ഗോള്‍ ശ്രമം പാഴായി.

41ാം മിനുട്ടില്‍ സുന്ദര പാസിലൂടെ പന്തുമായി കുതിച്ച നിപ്രോ താരം യൂറി വാകുല്‍കോ പന്ത് പോസ്റ്റിലേക്കടിച്ചു. തിരിച്ചെത്തിയ പന്ത് ബോക്‌സില്‍ തന്നെ വീണു. ഓടിയെത്തിയ ഇഹോര്‍ കുഹോട്ട് പിന്‍കാലു കൊണ്ടു പന്ത് പോസ്റ്റിലെത്തിച്ച് നിപ്രോക്ക് ആദ്യ ഗോള്‍ സമ്മാനിച്ചു. ഗോള്‍ മടക്കുന്നതിനായി പരാനന്‍സ് താരങ്ങളായ കോസ്റ്റ ആല്‍ഫ്രഡോ, ഹെനിയല്‍ സില്‍വ എന്നിവര്‍ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും നിപ്രോ പ്രതിരോധത്തില്‍ തട്ടി ശ്രമം പാളി.

ഒരു ഗോളിനു പിന്നിലായതിനെ തുടര്‍ന്ന് പരാനന്‍സ് താരങ്ങള്‍ ഇടക്ക് പരുക്കന്‍ കളി പുറത്തെടുത്തു. നിപ്രോ താരത്തെ ചവിട്ടിയതിന് പരാനന്‍സ് സൂപ്പര്‍ താരം ഹനിയല്‍ സില്‍വക്ക് മഞ്ഞക്കാര്‍ഡ് കാണേണ്ടി വന്നു.

61ാം മിനുട്ടില്‍ നിപ്രോ രണ്ടാം ഗോള്‍ നേടി ലീഡുയര്‍ത്തി. പന്തുമായി മുന്നേറിയ നിപ്രോ താരം അലക്‌സാണ്ടര്‍ പന്ത് ഡെനിസ് ബലാനികിന് നല്‍കി. പരാനന്‍സ് പ്രതിരോധത്തെ വെട്ടിച്ച താരം സുന്ദരമായി പന്ത് വലയിലെത്തിച്ചു. ഇതോടെ നിപ്രോ രണ്ട് ഗോളിന്റെ ആധിപത്യം നേടി. ഗോള്‍ മടക്കുന്നതിനായി പരാനന്‍സിന്റെ പ്രതിരോധ നിരയുള്‍പെടയുള്ളവര്‍ നിപ്രോയുടെ ഗോള്‍ മുഖത്തേക്ക് ഇരച്ചെത്തിയെങ്കിലും പ്രഹിരോധം ജാഗരൂകരായതോടെ പരാനന്‍സിന്റെ ഓരോ ഗോള്‍ ശ്രമവും പാളി. കളി സ്വന്തം വരുതിയിലാക്കിയ നിപ്രോയുടെ മുന്നേറ്റത്തിനൊടുവില്‍ 85ാം മിനുട്ടില്‍ ഒലസ്‌കി ലാറിന്‍ നിപ്രോയ്ക്ക് മൂന്നാം ഗോള്‍ സമ്മാനിച്ച് പരാനന്‍സിന്റെ പതനം പൂര്‍ത്തിയായി. മൂന്നു ഗോളിന്റെ ആധികാരിക വിജയുമായി നിപ്രോ ചാംപ്യന്‍പട്ടവുമായി കളം വിട്ടു.

ഇവര്‍ നാഗ്ജിയിലെ താരങ്ങള്‍

കോഴിക്കോട്: സേഠ് നാഗ്ജി ഫുട്‌ബോളിലെ വ്യക്തിഗത ചാംപ്യന്‍മാരായി മൂന്നു പേരെ തിരഞ്ഞെടുത്തു. ടൂര്‍ണമെന്റിന്റെ താരമായി അത്‌ലറ്റികോ പരാനന്‍സിന്റെ ഫെര്‍ണാണ്ടോ ഡ സില്‍വയും ഏറ്റവും നല്ല ഗോള്‍ കീപ്പറായി എഫ്.സി നിപ്രോയുടെ ഡെനിസ് ഷെലികോവും ഏറ്റവും നല്ല പ്രതിരോധ താരമായി എഫ്.സി നിപ്രോയുടെ അലക്‌സാണ്ടര്‍ സ്വാട്ടോക്ക് എന്നിവരെ തിരഞ്ഞെടുത്തു. ടൂര്‍ണമെന്റില്‍ ഒരു ഗോള്‍ മാത്രം വഴങ്ങിയാണ് നിപ്രോ ഗോള്‍ കീപ്പര്‍ ഡെനിസ് ഷെലികോവ് താരമായത്. നിപ്രോയുടെ പ്രധിരോധം കാക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചതിനാണ് അലക്‌സാണ്ടര്‍ സ്വാട്ടോക്കിന് പുരസ്‌കാരം ലഭിച്ചത്. പരാനന്‍സിനെ ഫൈനല്‍ വരെയെത്തിക്കുന്നതില്‍ മികച്ച പങ്കു വഹിച്ച താരമാണ് ഫെര്‍ണാണ്ടോ ഡാ സില്‍വ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News