2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

നഷ്ടമായത് കലാപഭൂമിയിലെ സാന്ത്വന സാന്നിധ്യം

കെ.പി.എ മജീദ്

കണ്ണൂര്‍ നഗരസഭയുടെ ആദ്യപിതാവായി പൊതുരംഗത്ത് പ്രശസ്തിയാര്‍ജിച്ച് വിവിധതലങ്ങളില്‍ സഞ്ചരിച്ച് ഐക്യരാഷ്ട്രസഭവരെയെത്തിയ ഇ. അഹമ്മദ് സാഹിബിന്റെ പൊതുജീവിതം ഏറെ ചരിത്രപരവും അതുപോലെത്തന്നെ ഏവര്‍ക്കും മാതൃകയാക്കാവുന്ന ഒന്നുമാണ്. അഹമ്മദ് സാഹിബെന്ന ഉത്കൃഷ്ട വ്യക്തിത്വം തൊട്ടതെല്ലാം പൊന്നാക്കിക്കൊണ്ടാണ് തന്റെ പൊതുജീവിതത്തില്‍ ജൈത്രയാത്ര നടത്തിയത്. മുസ്‌ലിംലീഗുകാരന്‍ എന്ന നിലയില്‍ വളരെ അഭിമാനത്തോടുകൂടി ഞാനൊരു മുസ്‌ലിംലീഗുകാരനാണ് എന്ന് പറയാന്‍ ഒരിടത്തും അഹമ്മദ്‌സാഹിബ് മടിച്ചില്ല.

മുസ്‌ലിംലീഗിന്റെ ചരിത്ര നേതാക്കളുടെ കൂടെ സഞ്ചരിച്ച അദ്ദേഹത്തിന്റെ പല പ്രഭാഷണങ്ങളിലും മാതൃകാപരമായ ഒരുപാട് ഉദാഹരണങ്ങളും പൂര്‍വകാല നേതാക്കന്‍മാരോടൊത്ത് പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടായ സംഭവങ്ങളുമൊക്കെ കേള്‍ക്കുമ്പോള്‍ നമുക്ക് വല്ലാത്തൊരു അനുഭവമാണ്. കേരളത്തില്‍ നിന്ന് പോയ ഒരാള്‍ ദേശീയ നേതാവായി മാറുക എന്നത് അത്യപൂര്‍വ സംഭവമാണ്. എന്നാല്‍ കേരളത്തില്‍ നിന്ന് കേന്ദ്രത്തില്‍ പോയി ഭരണരംഗത്ത് അഹമ്മദ് സാഹിബിനോളം ശോഭിച്ച മറ്റൊരു വ്യക്തിയുണ്ടായിട്ടില്ല.

അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതവുമായി ബന്ധപ്പെട്ടും ഭരണപരമായ കാര്യങ്ങളുമായി ബന്ധപ്പെട്ടും ഒരുപാട് കാര്യങ്ങള്‍ പലരും അനുസ്മരിക്കുകയുണ്ടായി.

അതിലേറ്റവും വേറിട്ട് പറയേണ്ട ഒരു സംഭവമാണ് ഗുജ്‌റാത്ത് കലാപനാളുകള്‍. ഗുജ്‌റാത്ത് കത്തിയെരിയുന്ന സമയത്ത് പാര്‍ലമെന്റ് പ്രക്ഷുബ്ധമാവുകയും അന്ന് എല്ലാ പാര്‍ട്ടികളിലെയും പ്രതിനിധികള്‍ ഇന്ദര്‍ജിത്ത് ഗുപ്തയുടെ നേതൃത്വത്തില്‍ മുലായംസിങ് യാദവും ലാലുപ്രസാദ് യാദവും സോമനാഥ് ചാറ്റര്‍ജി തുടങ്ങിയവര്‍ അടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ വലിയൊരു സംഘം ഗുജ്‌റാത്തിലേക്ക് പോകാന്‍ തീരുമാനിച്ചു. അന്ന് ആ സംഘത്തില്‍ ഇ. അഹമ്മദ് സാഹിബുമുണ്ടായിരുന്നു.

പക്ഷെ അഹമ്മദാബാദ് നഗരത്തിലെത്തുന്നതിന് ഏകദേശം നൂറ് കിലോമീറ്ററുകള്‍ക്കപ്പുറം ആ സംഘം യാത്ര അവസാനിപ്പിച്ചു. സര്‍വകക്ഷി സംഘത്തിന് സുരക്ഷ കൊടുക്കാന്‍ സാധിക്കില്ലെന്ന നരേന്ദ്രമോദിയുടെ ഗുജ്‌റാത്ത് സര്‍ക്കാരിന്റെ സമീപനമായിരുന്നു യാത്ര നിര്‍ത്തുവാന്‍ കാരണം. പക്ഷെ അഹമ്മദ്‌സാഹിബ് യാത്ര ഉപേക്ഷിച്ചില്ല. അദ്ദേഹം അന്നത്തെ കേന്ദ്ര അഭ്യന്തര മന്ത്രിയായിരുന്ന അദ്വാനിയെ വിളിച്ച് ഞാന്‍ യാത്ര ഉപേക്ഷിക്കുന്നില്ലെന്നും സുരക്ഷ എനിക്കൊരു പ്രശ്‌നമല്ലെന്നും പറഞ്ഞ് ഏകനായി അഹമ്മദാബാദ് വിമാനത്താവളത്തില്‍ വന്നിറങ്ങി. അക്കാലത്ത് ഗുജ്‌റാത്തിലെ ഡി.ജി.പിയായിരുന്ന ആര്‍.ബി. ശ്രീകുമാര്‍ കോഴിക്കോട്ടെ ഒരു ചടങ്ങില്‍ വച്ച് അന്നത്തെ ആ സംഭവം അനുസ്മരിച്ചിരുന്നു. നരേന്ദ്രമോദിയുമായി അഹമ്മദ് സാഹിബ് ബന്ധപ്പെട്ടെങ്കിലും ആവശ്യമായ സുരക്ഷ കൊടുക്കാന്‍ പ്രയാസമുണ്ടെന്നറിയിക്കുകയാണ് ചെയ്തത്.
എന്നാല്‍ എനിക്ക് നിങ്ങളുടെ സുരക്ഷയുടെ ആവശ്യമില്ലെന്ന് പറഞ്ഞാണ് അദ്ദേഹം കലാപസ്ഥലത്തേക്ക് പോയത്. ആ സുരക്ഷ നിരാകരിച്ച അഹമ്മദ് സാഹിബിന്റെ നടപടിയെക്കുറിച്ച് ശ്രീകുമാര്‍ പറഞ്ഞത് അഹമ്മദ് സാഹിബെടുത്ത നിലപാടാണ് ശരിയെന്നായിരുന്നു.

കാരണം അദ്ദേഹം സുരക്ഷ വേണമെന്ന് വാശിപിടിച്ച് സുരക്ഷ വാങ്ങിയിരുന്നെങ്കില്‍ അവിടെ ചുട്ടെരിക്കപ്പെട്ട എം.പിമാരില്‍ രണ്ടാമന്‍ അഹമ്മദ് സാഹിബാകുമായിരുന്നു എന്ന് ആര്‍. ശ്രീകുമാര്‍ പറയുകയുണ്ടായി. കാരണം അവിടത്തെ പോലീസ് ഈ കലാപത്തിന്റെ ഒത്താശക്കാരായിരുന്നു. അദ്ദേഹം ഗുജ്‌റാത്തിലെ കലാപപ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും കലാപബാധിതരെ ആശ്വസിപ്പിക്കുകയും ചെയ്തു. പിന്നീട് കേരളത്തിലെയും മറ്റു ദേശീയ ചാനലകളിലും ഗുജ്‌റാത്തിന് പുറത്തുള്ള ഒരു എം.പി ഗുജ്‌റാത്തില്‍പോയി അവിടത്തെ ഞെട്ടിപ്പിക്കുന്നതും ഭീതിപ്പെടുത്തുന്നതുമായ രംഗങ്ങള്‍ വിവരിച്ചത് ഇന്നും ഓര്‍ക്കുകയാണ്.

കോയമ്പത്തൂര്‍ കലാപഘട്ടം. മുസ്്‌ലിംകളുടെയും മറ്റും ഒരുപാട് കച്ചവടസ്ഥാപനങ്ങള്‍ കത്തിച്ചാമ്പലാക്കുകയും തകര്‍ക്കുകയും ഒരുപാട് പേര്‍ കൊല്ലപ്പെടുകയും ചെയ്തു. അവിടെ കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ആര്‍ക്കും പുറത്തിറങ്ങി നടക്കാന്‍ പോലും കഴിയാത്ത സാഹചര്യം.
മൃതദേഹങ്ങള്‍ കുറേ റോഡിലും മോര്‍ച്ചറിയിലും കുന്ന്കൂടുക്കിടക്കുന്നു. പുറത്തേക്കിറങ്ങാന്‍ സാധിക്കാത്തതിനാല്‍ ബന്ധുക്കള്‍ ആരും തന്നെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍പോലുമെത്തിയില്ല.

ഈ ഘട്ടത്തിലാണ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്‍ദേശപ്രകാരം അഹമ്മദ് സാഹിബ് ഏകനായി ഡല്‍ഹിയില്‍ നിന്ന് കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുകയും അവിടത്തെ ജില്ലാ ഭരണകൂടവുമായും പൊലിസിലെ ഉന്നതരുമായും സംസാരിച്ച് അനാഥമായിക്കിടക്കുന്ന മൃതദേഹങ്ങള്‍ മുഴുവന്‍ ഏറ്റെടുക്കുകയും ചെയ്തു.

ആ സമയത്ത് റേഡിയോയിലൂടെ അന്നത്തെ കോയമ്പത്തൂര്‍ ജില്ലാ കലക്ടര്‍ ഇ. അഹമ്മദ് എന്ന എം.പി കലാപത്തില്‍ മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഏറ്റെടുത്തിട്ടുണ്ടെന്നും ആയതിനാല്‍ നിശ്ചിത സമയത്തിനുള്ളില്‍ മൃദേഹം ഏറ്റുവാങ്ങേണ്ടതാണെന്നും അനൗണ്‍സ്‌മെന്റ് പുറുപ്പെടുവിച്ചു. ആ സമയത്ത് കര്‍ഫ്യൂവിന് ഇളവ് കൊടുക്കുകയും ചെയ്തു. അങ്ങിനെ മുഴുവന്‍ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കുകയും സംസ്‌കാരചടങ്ങുകള്‍ മുഴുവന്‍ കഴിഞ്ഞതിന് ശേഷമാണ് അദ്ദേഹം അവിടെനിന്നും പോയത്.

വിദേശത്ത് കുരുങ്ങിക്കിടക്കുന്ന ഒരുപാട് ഹതാശരായ മനുഷ്യര്‍ക്ക് ആശ്വാസമായും അദ്ദേഹം എത്തി. കണ്ണുചൂഴ്‌ന്നെടുക്കാന്‍ ആ രാജ്യത്തെ പരമോന്നത നീതിപീഠം വിധിച്ച നൗഷാദിന്റെ കഥ ഉദാഹരണം മാത്രമാണ്. അദ്ദേഹത്തിന് മാപ്പുകൊടുക്കാന്‍ സഊദിയിലെ രാജാവിന് മാത്രമേ കഴിയുകയുള്ളൂ.

പ്രസ്തുത രാജാവുമായുള്ള തന്റെ ബന്ധം ഉപയോഗിച്ച് നൗഷാദിന്റെ കണ്ണുകള്‍ നഷ്ടപ്പെടാതിരിക്കാനുള്ള അവസ്ഥയുണ്ടാക്കുകയും പിന്നീട് നാട്ടില്‍ തിരിച്ചെത്തിയ നൗഷാദ് സ്വന്തം വീട്ടിലേക്ക് പോകുന്നതിന് മുമ്പ് അഹമ്മദ് സാഹിബിനെ കാണാന്‍ പോവുകയും ചെയ്ത സംഭവം ഏവര്‍ക്കും അറിയാവുന്നതാണല്ലോ. ഇതുപോലെയുള്ള ഒരുപാട് സംഭവങ്ങള്‍ നമുക്ക് അഹമ്മദ് സാഹിബുമായി ബന്ധപ്പെട്ട് ഓര്‍ക്കാനുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.