2018 November 17 Saturday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

നവാസ് ശരീഫിനെതിരേ രാജ്യദ്രോഹക്കുറ്റത്തിന് കേസ്

ഇസ്‌ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിനെതിരേ രാജ്യദ്രോഹക്കുറ്റത്തിന് കേസ്. കഴിഞ്ഞ ദിവസം പാക് മാധ്യമം ‘ഡോണി’ന് നല്‍കിയ അഭിമുഖത്തിലെ വിവാദ പരാമര്‍ശമാണ് അദ്ദേഹത്തെ കുരുക്കിലാക്കിയത്. 2008ലെ മുംബൈ ഭീകരാക്രമണം നടത്തിയത് പാക് ഭീകരരാണെന്ന് അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പ്രസ്താവന പാകിസ്താനില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ലാഹോര്‍ ഭീകരവിരുദ്ധ കോടതിയില്‍ നടക്കുന്ന വിചാരണ മുടങ്ങിക്കിടക്കുന്നതിനെയും ശരീഫ് ശക്തമായി വിമര്‍ശിച്ചിരുന്നു. ഇന്ത്യയുടെ ആരോപണങ്ങള്‍ക്കെതിരേ ഏറെനാളായി പാക് വൃത്തങ്ങള്‍ പറഞ്ഞുവന്നിരുന്ന ന്യായീകരണങ്ങളെ പൊളിക്കുന്നതായിരുന്നു ശരീഫിന്റെ അഭിപ്രായപ്രകടനങ്ങള്‍. എന്നാല്‍, അഭിമുഖം വളച്ചൊടിച്ചതാണെന്ന് പിന്നീട് ശരീഫ് പ്രതികരിച്ചിരുന്നു.
പാകിസ്താന്‍ തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഹലീം ആദില്‍ ശൈഖാണ് ലാഹോര്‍ ഹൈക്കോടതിയില്‍ അദ്ദേഹത്തിനെതിരേ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ഹരജി സമര്‍പ്പിച്ചത്. പാക് ആഭ്യന്തര മന്ത്രി അഹ്‌സന്‍ ഇഖ്ബാലിനെയും ഹരജിയില്‍ പ്രതിയായി ചേര്‍ത്തിട്ടുണ്ട്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.