2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

നവകേരള പുനര്‍നിര്‍മാണം: തീരദേശ പാക്കേജ് ഈ വര്‍ഷം മുതല്‍ നടപ്പാക്കും

ആലപ്പുഴ: നവകേരള പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി തീരദേശത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് തീരദേശ പാക്കേജ് ഈ വര്‍ഷം മുതല്‍ നടപ്പാക്കി തുടങ്ങുമെന്ന് ധനകാര്യമന്ത്രി ഡോ. ടി.എം.തോമസ് ഐസക് പറഞ്ഞു.
വിവിധ മത്സര പരീക്ഷകളില്‍ ഉന്നത വിജയം നേടിയ മത്സ്യത്തൊഴിലാളികളുടെ മക്കളെ മത്സ്യഫെഡ് ക്യാഷ് അവാര്‍ഡും ഫലകവും നല്‍കി ആദരിക്കുന്ന ആലപ്പുഴയിലെ മികവ് 2018 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓഖിക്ക് ശേഷമുള്ള ബജറ്റിലെ തീരദേശ പാക്കേജ് തയാറായി വരികയാണ്. കേരളം പുനര്‍നിര്‍മിക്കുമ്പോള്‍ ആദ്യപരിഗണന തീരദേശ സംരക്ഷണത്തിനായിരിക്കും.തമിഴ്‌നാട്, ആന്ധ്ര, ഒറീസ എന്നിവിടങ്ങള്‍ പരിശോധിച്ചാല്‍ മത്സ്യഗ്രാമങ്ങള്‍ കടല്‍ത്തീരത്ത് അല്ല. നമുക്കും പുനരധിവാസം വേണ്ടിവരും. ഇപ്പോള്‍ വീടുവെക്കാന്‍ നല്‍കുന്ന ആനുകൂല്യം കൂടുതല്‍ ആകര്‍ഷകമാക്കും. കൂടുതല്‍ തുറമുഖങ്ങള്‍, ആവശ്യമുള്ളിടത്തെല്ലാം സംരക്ഷണഭിത്തി അല്ലെങ്കില്‍ പുലിമുട്ട് എന്നിവ പാക്കേജിന്റെ ഭാഗമാണ്. തീരദേശപാത വികസിപ്പിക്കുന്നതിനൊപ്പം മത്സ്യമാര്‍ക്കറ്റുകളും നവീകരിക്കും. മത്സ്യത്തൊഴിലാളികളുടെ മക്കളില്‍ 200 പേരെ തീരദേശ സേനയിലേക്ക് നിയോഗിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ട്. തീരപ്രദേശത്ത് വളണ്ടിയര്‍ സേന രൂപവല്‍ക്കരിക്കാനും അവര്‍ക്ക് പരിശീലനം നല്‍കാനും പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മത്സ്യഫെഡ് ചെയര്‍മാന്‍ പി.പി. ചിത്തരഞ്ജന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ ഐ. ലത, മത്സ്യഫെഡ് ഭരണസമിതി അംഗങ്ങളായ കെ.സി. രാജീവ്, പി.എം.മിനി, പി.എസ്.രേഖ, ശ്രീവിദ്യ സുമോദ്, സബീന സ്റ്റാന്‍ലി, ഡപ്യൂട്ടി ജനറല്‍ മാനേജര്‍ പി.പി.സുരേന്ദ്രന്‍, ഫിഷറീസ് ഡപ്യൂട്ടി ഡയരക്ടര്‍ എം.എം.സിയാര്‍, ജില്ല മാനേജര്‍ പി.വത്സല കുമാരി എന്നിവര്‍ സംസാരിച്ചു.
പത്താംക്ലാസ്, പ്ലസ് ടു, പ്രൊഫഷനല്‍ കോഴ്‌സുകളില്‍ ഉന്നത വിജയം നേടിയ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിദ്യാര്‍ഥികള്‍ പുരസ്‌കാരവും ക്യാഷ് അവാര്‍ഡും വാങ്ങുന്നതിന് എത്തിയിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.