2019 July 19 Friday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

നവകേരളത്തിനായി റീസൈക്ലിങ്

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ നിന്ന് കേരളത്തെ കരകയറ്റാന്‍ ആവശ്യമായ തുക കണ്ടെത്തുന്നതിന് വ്യത്യസ്തവും മാതൃകാപരവുമായ ഒരു പദ്ധതി നടപ്പിലാക്കിയിരിക്കുകയാണ് ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത്. റീസൈക്ലിങ് മെറ്റീരിയല്‍ കളക്ഷന്‍ സെന്റര്‍ എന്ന പേരില്‍ ഒരു കളക്ഷന്‍ സെന്ററാണ് ബ്ലോക്കില്‍ ആരംഭിച്ചിരിക്കുന്നത്.
മാഗസിന്‍, പത്രങ്ങള്‍, പുസ്തകങ്ങള്‍ തുടങ്ങി റീസൈക്കിള്‍ ചെയ്യാന്‍ സാധിക്കുന്ന എല്ലാ വസ്തുക്കളും ഇവിടെ ശേഖരിക്കുന്നു. ഇവ വിറ്റ് കിട്ടുന്ന തുക കൂടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാണ് ബ്ലോക്ക് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.
എല്ലാ സ്‌കൂളുകളിലും ഇതിനോടകം തന്നെ അറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. പഴയ നോട്ട്ബുക്കുകളും മറ്റ് സാധനങ്ങളും സ്‌കൂളുകളില്‍ ശേഖരിച്ച് ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന റീസൈക്ലിംഗ് സെന്ററില്‍ എത്തിക്കാവുന്നതാണ്. ഇതോടൊപ്പം പൊതുജനങ്ങള്‍ക്കും ഈ ധനശേഖരണ യജ്ഞത്തില്‍ പങ്കാളികളാകാം. ഇത്തരത്തില്‍ സമാഹരിക്കുന്ന തുക 14ന് ആറ്റിങ്ങല്‍ ടൗണ്‍ ഹാളില്‍ വച്ച് നടക്കുന്ന പരിപാടിയില്‍ മന്ത്രിയെ നേരിട്ട് ഏല്‍പ്പിക്കുമെന്ന് പ്രസിഡന്റ് ആര്‍. സുഭാഷ് പറഞ്ഞു.
10ാം ക്ലാസിലെത്തുമ്പോള്‍ വിനോദയാത്രക്ക് പോകാന്‍ ദേവിക കുടുക്കയില്‍ കരുതിയ ഒരോ നാണയവും ഇനി മുഖ്യമന്ത്രിയുടെ ദുരിത്വാശ്യാസ നിധിയിലേക്ക്. മാരായമുട്ടം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ദേവിക വി.എല്‍ തന്റെ ചെറിയ സന്തോഷങ്ങളെക്കാള്‍ ഏറെ പ്രധാനപ്പെട്ടത് സഹജീവികളെ സഹായിക്കുന്നതാണ് എന്ന തിരിച്ചറിവാണ് നവകേരള നിര്‍മിതിയില്‍ പങ്കാളിയാകുവാന്‍ ദേവികയെ പ്രേരിപ്പിച്ചത്. മാതാപിതാക്കളെ ബുദ്ധിമുട്ടിക്കാതെ വിനോദയാത്രയ്ക്ക് പോകാന്‍ ഒരു വര്‍ഷം കൊണ്ട് സമ്പാദിച്ച 1000 രൂപയാണ് ദേവിക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.
ദേവികയെ മാതൃകയാക്കി അഞ്ചാം ക്ലാസ്സിലെ ആല്‍വിന്‍ സൈമണും മുന്നോട്ട് വന്നു. ആല്‍വിന്‍ വന്നത് പണക്കിഴിയുമായിട്ടാണ്. ഏതെങ്കിലും അത്യാവശ്യം വരുമ്പോള്‍ ചെലവാക്കാന്‍ കൈയില്‍ പൈസ കരുതണമെന്ന അമ്മയുടെ നിര്‍ദ്ദേശ പ്രകാരമാണ് ആല്‍വിന്‍ പൈസ കിഴിയില്‍ സൂക്ഷിക്കാന്‍ തുടങ്ങിയത്. നാടിന്റെ ആവശ്യം സ്വന്തം ആവശ്യമാണെന്ന് മനസ്സിലാക്കി തുണിക്കിഴി അപ്പാടെ ആല്‍വിന്‍ ക്ലാസ്സ് ടീച്ചര്‍ക്ക് കൈമാറുകയായിരുന്നു.
സ്‌കൂളിന് മാതൃകയായ വിദ്യാര്‍ത്ഥികളെ അസംബ്ലയില്‍ ഹെഡ്മാസ്റ്റര്‍ റോബര്‍ട്ട് ദാസ് അനുമോദിച്ചു. ദേവികയുടെ വിനോദയാത്ര സ്വപ്നം പൂര്‍ത്തിയാക്കാന്‍ അദ്ധ്യാപകരും പി.റ്റി.എ.അംഗങ്ങളും സന്നദ്ധത അറിയിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.