2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

നവകേരളം കെട്ടിപടുക്കാന്‍ ജനപ്രതിനിധികള്‍ സംയമനം പാലിക്കണം: എ.സി മൊയ്തീന്‍

വടക്കാഞ്ചേരി: പെരുംപ്രളയത്തിന് ശേഷമുള്ള നവകേരളം കെട്ടിപടുക്കാന്‍ ജനപ്രതിനിധികള്‍ തികഞ്ഞ സംയമനവും ഉദ്യോഗസ്ഥര്‍ ഉയര്‍ന്ന ജാഗ്രതയും പാലിക്കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ ആവശ്യപ്പെട്ടു.
അനര്‍ഹര്‍ ഒരു കാരണവശാലും ആനുകൂല്യങ്ങള്‍ കൈപറ്റരുത്. അനര്‍ഹര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി ഉണ്ടാകും. ക്രിമിനല്‍ നടപടി കൈകൊള്ളുമെന്നും മന്ത്രി പറഞ്ഞു. ആനുകൂല്യങ്ങള്‍ നല്‍കുമ്പോള്‍ തന്റെ ഭാഗത്തുള്ളവര്‍ക്ക് അത് കൂടുതല്‍ വാങ്ങി നല്‍കാന്‍ ജനപ്രതിനിധികള്‍ ശ്രമം നടത്തരുത്. നാട് ഒന്നാകെ ബൃഹദ് യജ്ഞം ഏറ്റെടുക്കുമ്പോള്‍ അതിന് വിരുദ്ധമായി ചില ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുകയാണ്. അവര്‍ ഭൂരിപക്ഷ ഉദ്യോഗസ്ഥ ചിന്തയിലേക്ക് മാറണമെന്നും മന്ത്രി കൂട്ടി ചേര്‍ത്തു. പ്രളയത്തില്‍ തകര്‍ന്ന വടക്കാഞ്ചേരി പുഴയും വാഴാനി ഇറിഗേഷന്‍ കനാലും തിരിച്ചുപിടിക്കുന്ന കാര്‍ഷിക അതിജീവന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെക്കുംകര പഞ്ചായത്തിലെ തെക്കുംകര കനാല്‍ പാലത്തിനു സമീപം നടന്ന ചടങ്ങില്‍ അനില്‍ അക്കര എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് മുഖ്യാതിഥിയായി പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്. ബസന്ത് ലാല്‍, സുമതി, നഗരസഭ വൈസ് ചെയര്‍മാന്‍ എം.ആര്‍ അനൂപ് കിഷോര്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ എം.കെ ശ്രീജ , വിജയ, ഷേര്‍ളി ദിലീപ് കുമാര്‍, മീന ശലമോന്‍, രമണി രാജന്‍, എം.എച്ച് അബ്ദുല്‍ സലാം, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എ.കെ സുരേന്ദ്രന്‍, മെംബര്‍ ഏലിയാമ്മ ജോണ്‍സണ്‍, തെക്കുംകര പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഇ.എന്‍ ശശി, മെംബര്‍മാരായ പി.ജെ രാജു , രാജീവന്‍ തടത്തില്‍, ബീന ജോണ്‍സണ്‍, സുനിതകുമാരി, രജനി, ബിജു രവീന്ദ്രന്‍, ഗീത വാസുദേവന്‍, സി. വിജയന്‍ , നഗരസഭ കൗണ്‍സിലര്‍മാരായ പി.ആര്‍ അരവിന്ദാക്ഷന്‍, മധു അമ്പലപുരം, വാഴാനി ഇറിഗേഷന്‍ പ്രൊജക്റ്റ് അസിസ്റ്റന്റ്് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജയരാജ് തുടങ്ങിയവര്‍ സംസാരിച്ചു. വടക്കാഞ്ചേരി നഗരസഭയിലും തെക്കുംകര, വേലൂര്‍, എരുമപ്പെട്ടി, അവണൂര്‍, ചൂണ്ടല്‍, കൈപറമ്പ് പഞ്ചായത്തുകളിലുമായി 61.200 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കനാലിന്റെ അറ്റകുറ്റപണികളും പ്രളയത്തില്‍ തകര്‍ന്നു പോയ കനാല്‍ ഭിത്തികളും പദ്ധതിയുടെ ഭാഗമായി പുനര്‍നിര്‍മിക്കും.
7200 തൊഴിലുറപ്പു തൊഴിലാളികളുടെയും വടക്കാഞ്ചേരി നഗരസഭയിലെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി അംഗങ്ങളും ഒരാഴ്ച കൊണ്ട് നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കും. 5200 ഏക്കര്‍ പാടശേഖരത്തെ മുണ്ടകന്‍ നെല്‍കൃഷി യഥാസമയം നടത്തുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
പ്രളയത്തെ തുടര്‍ന്ന് തകര്‍ന്നു പോയകനാലുകളും ചിറകളും അറ്റകുറ്റപണികള്‍ നടത്തി വെള്ളം എത്തിക്കുന്നതിനു ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഒക്‌ടോബര്‍ 15നു മാത്രമെ സാധ്യമാകുയുള്ളു എന്ന് ഇറിഗേഷന്‍ വകുപ്പ് വ്യക്തമാക്കിയതോടെയാണ് മുണ്ടകന്‍ കൃഷിയെ സംരക്ഷിക്കുന്നതിന് ബദല്‍ പദ്ധതി ആവിഷ്‌ക്കരിക്കേണ്ടി വന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.