2017 July 28 Friday
നിങ്ങള്‍ പിശുക്ക് സൂക്ഷിക്കുക. അത് കുടുംബ ബന്ധങ്ങളെ വിച്ഛേദിക്കാന്‍ പ്രേരിപ്പിക്കും
മുഹമ്മദ് നബി (സ്വ)

Editorial

നഴ്‌സുമാരുടെ സമരം തീര്‍പ്പാക്കണം


മുഖ്യമന്ത്രി പിണറായി വിജയന്‍ നഴ്‌സുമാരുടെ സമര പ്രശ്‌നത്തില്‍ ഇടപെട്ടതിനെ തുടര്‍ന്ന് നഴ്‌സിങ് സമരത്തിന്
പുതിയ മാനം കൈവന്നിരിക്കുകയാണ്. ആശുപത്രി മാനേജ്‌മെന്റും യു.എന്‍.എയും സംയുക്തമായി മുഖ്യമന്ത്രി പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതി ഉത്തരവിട്ട എസ്മ പ്രയോഗിച്ചാലും സമരത്തില്‍ നിന്നു പിറകോട്ടില്ലെന്ന നിലപാട് യു.എന്‍.എ ആവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ചയ്ക്കുള്ള വഴി തുറന്നിരിക്കുന്നത്. മനുഷ്യജീവനാണ് പ്രധാനമെന്നും അത്തരം ജീവല്‍പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്ന നഴ്‌സുമാരുടെ സമരത്തെ ന്യായീകരിക്കാനാവില്ലെന്നും എന്തുകൊണ്ടാണ് സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരേ എസ്മ പ്രയോഗിക്കാത്തതെന്നും ഹൈക്കോടതി ചോദിച്ചിരുന്നു. ന്യായമായ സേവന വേതന വ്യവസ്ഥകള്‍ ആവശ്യപ്പെട്ട് ജൂണ്‍ 19ന് തൃശൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ തുടങ്ങിയ സമരമാണ് സംസ്ഥാനത്തെ പ്രധാന ജില്ലകളിലേക്ക് ഇപ്പോള്‍ പടര്‍ന്നിരിക്കുന്നത്.
മുമ്പൊരിക്കലും കാണാത്ത വിധം സംസ്ഥാനത്തെ ഭീതിയിലാഴ്ത്തിക്കൊണ്ടാണ് നിത്യേനെ പനി ബാധിച്ച് ആളുകള്‍ മരിച്ചുകൊണ്ടിരിക്കുന്നത്. ആയിരങ്ങളാണ് ഡെങ്കിപ്പനിയും പകര്‍ച്ചവ്യാധിയും പിടിച്ച് ആശുപത്രികളെ ശരണം പ്രാപിച്ചുകൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും മതിയായ ചികിത്സ കിട്ടുകയില്ലെന്ന ധാരണയാലും ധാരാളം രോഗികള്‍ സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. മിക്ക സ്വകാര്യ ആശുപത്രികളും പനിബാധിതരാല്‍ നിറഞ്ഞിരിക്കുകയാണ്. ഇത്തരമൊരു പരിതസ്ഥിതിയിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടത്. ജൂണ്‍ 27ന് ശേഷം സംസ്ഥാനത്തെ 160ഓളം സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരാണിപ്പോള്‍ പണിമുടക്ക് സമരത്തിലേര്‍പെട്ടിരിക്കുന്നത്. ദിവസവും രണ്ടും മൂന്നും ഷിഫ്റ്റുകളില്‍ കഠിനാധ്വാനം ചെയ്യുന്ന നഴ്‌സുമാര്‍ ആശുപത്രി മാനേജ്‌മെന്റുകളുടെ കടുത്ത ചൂഷണത്തിനാണ് ഇരകളായിക്കൊണ്ടിരിക്കുന്നത്. വന്‍കിട ആശുപത്രികള്‍ നിലനില്‍ക്കുന്നത് തന്നെ നഴ്‌സുമാരുടെ സേവന നിരതമായ പ്രവര്‍ത്തനങ്ങളാലാണ്. പല സ്വകാര്യ ആശുപത്രികളും പ്രഗല്ഭരായ ഡോക്ടര്‍മാരെ പങ്കാളികളാക്കുന്നു. അതിനാല്‍ തന്നെ നഴ്‌സുമാരുടെ സമരത്തില്‍ പല ഡോക്ടര്‍മാരും മാനേജ്‌മെന്റുകള്‍ക്കൊപ്പമാണ് നില്‍ക്കുന്നത്. എന്നാല്‍, കനത്ത ശമ്പളം വാങ്ങുന്ന ഡോക്ടര്‍മാരെ പോലെ തന്നെയാണ് നഴ്‌സുമാരും കഠിനാധ്വാനം ചെയ്യുന്നതെന്ന് അവര്‍ ഓര്‍ക്കുന്നില്ല. അവര്‍ക്കും മാന്യമായ വേതനം വേണമെന്നാവശ്യപ്പെടാനുള്ള ആര്‍ജവമാണ് ഡോക്ടര്‍മാരുടെ സംഘടനയില്‍ നിന്നുണ്ടാവേണ്ടത്. എന്നിട്ടാവാം നഴ്‌സുമാരോട് സമരത്തില്‍ നിന്നു പിന്മാറാന്‍ ആവശ്യപ്പെടുന്നത്. നിത്യ വൃത്തിക്കുള്ള വേതനം പോലും ലഭിക്കുന്നില്ല എന്നുവരുമ്പോള്‍ നഴ്‌സുമാര്‍ എത്ര വലിയ ചൂഷണത്തിനാണ് ഇരയായിക്കൊണ്ടിരിക്കുന്നതെന്ന് വ്യക്തമാണ്. രോഗികളുടെ ജീവന്റെ പ്രാധാന്യം പോലെ തന്നെയാണ് അവരുടെ ജീവന്‍ നിലനിര്‍ത്താന്‍ പാടുപെടുന്ന നഴ്‌സുമാരുടെ ജീവിതവും. സേവനവേതന പരിഷ്‌കരണം ആവശ്യപ്പെട്ട് നിരവധി സമരങ്ങള്‍ നഴ്‌സുമാരുടെ സംഘടനകള്‍ നടത്തിയെങ്കിലും ഇപ്പോഴത്തേത് പോലെ സംയുക്തവും ശക്തവുമായ സമരം മുമ്പെങ്ങുമുണ്ടായിട്ടില്ല. അതിനാല്‍ ഈ സമരം പരാജയപ്പെട്ടാല്‍ പിന്നെ ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ് നഴ്‌സുമാരുടെ സംഘടനക്ക് ഉണ്ടാവില്ല. മാന്യമായി ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി നടത്തുന്ന പോരാട്ടവും കൂടിയാണിത്. അതുകൊണ്ടാണ് ഹൈക്കോടതിയുടെ എസ്മ പ്രയോഗിക്കുവാന്‍ വിധിയുണ്ടായിട്ട് പോലും നഴ്‌സുമാര്‍ സമര രംഗത്ത് വീറോടെ ഉറച്ചു നില്‍ക്കുന്നത്. സേവന വേതന പരിഷ്‌കരണത്തിനായി കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നഴ്‌സുമാരുടെ സംഘടനയുമായി കരാറുണ്ടാക്കിയിരുന്നു. ഇടതുസര്‍ക്കാര്‍ ഇതു നടപ്പിലാക്കിയിരുന്നുവെങ്കില്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം താളം തെറ്റിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ സമരം ഉണ്ടാകുമായിരുന്നില്ല.
ലേബര്‍ കമ്മീഷണര്‍ കെ ബിജുവിന്റെ സാന്നിധ്യത്തില്‍ മാനേജ്‌മെന്റുകളുമായി യു.എന്‍.എ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരം നീണ്ടുപോകുന്നത്. തൃശൂരിലെ പത്ത് ആശുപത്രികളിലെ നഴ്‌സുമാരുടെ സമരം, മാനേജ്‌മെന്റുകള്‍ നഴ്‌സസ് സംഘടനയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഒത്തുതീര്‍പ്പിലെത്തിയതിനാല്‍ അവിടങ്ങളിലെ സമരം അവസാനിപ്പിച്ചപ്പോഴെങ്കിലും ആ ഒത്തുതീര്‍പ്പിന്റെ ചുവട് പിടിച്ച് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളും സമരം അവസാനിപ്പിക്കാന്‍ മുന്‍കൈ എടുക്കേണ്ടതായിരുന്നു. മാനേജ്‌മെന്റുകളുടെ മര്‍ക്കട മുഷ്ടി തന്നെയാണ് നഴ്‌സുമാരുടെ സമരം അനന്തമായി നീളാന്‍ കാരണം. സംസ്ഥാനം പനിച്ചുവിറക്കുന്ന അവസ്ഥയില്‍ ഇത്തരം സമരങ്ങള്‍ നീട്ടിക്കൊണ്ടുപോകരുത്. ഇതുവരെയുള്ള സമരം ആശുപത്രി പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ല. എന്നാല്‍, നാളെ അങ്ങനെ ആയിക്കൊള്ളണമെന്നില്ല.

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.