2017 November 12 Sunday
ഇന്നലെയോളമെന്തെന്നറിഞ്ഞീലാ ഇന്നി നാളെയുമെന്തെന്നറിഞ്ഞീലാ ഇന്നിക്കണ്ട തടിക്കു വിനാശവു മിന്ന നേരമെന്നേതുമറിഞ്ഞീലാ.
പൂന്താനം നമ്പൂതിരി

നഴ്‌സിങ് സമരം: ഒത്തുതീര്‍പ്പിലേക്ക്

മുഖ്യമന്ത്രി വ്യാഴാഴ്ച ചര്‍ച്ച നടത്തും
തിരുവനന്തപുരത്തും കൊല്ലത്തും സമരം
മാറ്റിവച്ചു

കണ്ണൂരില്‍ സമരം
നേരിടാന്‍ നിരോധനാജ്ഞ

 

തിരുവനന്തപുരം/കണ്ണൂര്‍: നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കുന്നതിനായി മുഖ്യമന്ത്രി വ്യാഴാഴ്ച ചര്‍ച്ച നടത്തും. വൈകിട്ട് നാലിന് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് ചര്‍ച്ച. വിവിധ നഴ്‌സസ് സംഘടനാ പ്രതിനിധികളും മാനേജ്‌മെന്റ് പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചതോടെ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ തിരുവനന്തപുരത്തും കൊല്ലത്തും ആരംഭിക്കാനിരുന്ന സമരം മാറ്റിവച്ചു. ചര്‍ച്ചയ്ക്കുശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് ഐ.എന്‍.എ പ്രസിഡന്റ് ലിബിന്‍ പറഞ്ഞു. അതേസമയം കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 21 ആശുപത്രികളില്‍ നടക്കുന്ന സമരം തുടരും. കണ്ണൂരില്‍ ഇതിനായി 1001 അംഗങ്ങളുള്ള സമര സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്.
അതിനിടെ, കണ്ണൂര്‍ ജില്ലയിലെ നഴ്‌സുമാരുടെ സമരം നേരിടാന്‍ എട്ട് സ്വകാര്യ ആശുപത്രി പരിസരങ്ങളില്‍ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആശുപത്രിയില്‍ ജോലി ചെയ്യാനെത്തുന്ന നഴ്‌സുമാരുടെ സുരക്ഷ ഉറപ്പാക്കാനാണ് സി.ആര്‍.പി.സി 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
ആശുപത്രികളില്‍ നഴ്‌സിങ് വിദ്യാര്‍ഥികളുടെ സേവനം ഉപയോഗിക്കാനും ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. ജില്ലയിലെ എട്ടു നഴ്‌സിങ് കോളജുകളിലെ വിദ്യാര്‍ഥികളെ ഇതിനായി ഉപയോഗിക്കും. വിദ്യാര്‍ഥികളെ ആശുപത്രിയിലേക്ക് അയക്കാന്‍ കോളജ് പ്രിന്‍സിപ്പല്‍മാര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. ഇന്നുമുതല്‍ ഒരാഴ്ചക്കാലമാണ് വിദ്യാര്‍ഥികളുടെ സേവനം ഉറപ്പാക്കുക. അവസാനവര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥികളെയാണ് ഇതിനായി നിയോഗിക്കുക. നഴ്‌സുമാര്‍ സമരം നടത്തുന്ന ആശുപത്രിയില്‍ പൊലിസ് കാവലും ഏര്‍പ്പെടുത്തും. കണ്ണൂര്‍ എ.കെ.ജി നഴ്‌സിങ് കോളജ്, കൊയിലി, കനോസ കോളജ്, ക്രീസെന്റ് കോളജ്, ലൂര്‍ദ് കോളജ്, ഗവ. സ്‌കൂള്‍ ഓഫ് നഴ്‌സിങ്, എസ്.ഐ.എം.ഇ.റ്റി കോളജ്, പരിയാരം കോളജ് ഓഫ് നഴ്‌സിങ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളെയാണ് സമരം നടക്കുന്ന ആശുപത്രികളിലേക്ക് വിന്യസിക്കുക. കിംസ്റ്റ്, കൊയിലി,അശോക, ധനലക്ഷ്മി, ആശിര്‍വാദ്, സബ പയ്യന്നൂര്‍, അനാമിക, ലൂര്‍ദ് എന്നീ ആശുപത്രികളിലാണ് നിലവില്‍ സമരം നടക്കുന്നത്. ഉത്തരവ് നടപ്പാക്കാന്‍ തടസം നില്‍ക്കുന്നവര്‍ക്കെതിരേ കേസെടുക്കണമെന്നും നിര്‍ദേശമുണ്ട്. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലേക്കും വിദ്യാര്‍ഥികളെ നിയോഗിച്ചിട്ടുണ്ട്. പനി പടരുന്ന സാഹചര്യത്തിലാണ് തീരുമാനം.
സേവനത്തിനെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് യാത്രാ സംവിധാനം, ഭക്ഷണം, പ്രതിദിനം 150 രൂപ എന്നിവ നല്‍കണമെന്നും കലക്ടറുടെ ഉത്തരവിലുണ്ട്. ആശുപത്രികള്‍ക്കും സേവനത്തിനെത്തുന്ന വിദ്യാര്‍ഥികള്‍ക്കും സംരക്ഷണം നല്‍കണമെന്നും നിര്‍ദേശത്തിലുണ്ട്. ദിവസവും സേവനം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കണം. ഡ്യൂട്ടിയില്‍ വീഴ്ചവരുത്തുന്ന വിദ്യാര്‍ഥികളെ കോഴ്‌സില്‍ നിന്ന് പുറത്താക്കുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ജില്ലയിലെ നഴ്‌സിങ് കോളജുകളില്‍ പഠിക്കുന്ന 300ഓളം വിദ്യാര്‍ഥികളെയാണ് ഇതിനായി നിയോഗിക്കുക. അതേസമയം, കലക്ടറുടെ ഉത്തരവിനെ കോടതിയില്‍ ചോദ്യംചെയ്യുമെന്ന് ഐ.എന്‍.എയും യു.എന്‍.എയും വ്യക്തമാക്കി.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.