2019 September 23 Monday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

നഴ്‌സിങ് വിദ്യാര്‍ഥികള്‍ ജോലിക്ക് ഹാജരാകേണ്ടതില്ല

കണ്ണൂര്‍ ജില്ലാ കലക്ടറുടെ ഉത്തരവില്‍ നഴ്‌സിങ് കൗണ്‍സിലിന്റെ ഇടപെടല്‍

 

വിജിന്‍ വിജയപ്പന്‍

തിരുവനന്തപുരം: സമരം നേരിടാന്‍ നഴ്‌സിങ് വിദ്യാര്‍ഥികളെ രംഗത്തിറക്കണമെന്ന കണ്ണൂര്‍ ജില്ലാ കലക്ടറുടെ ഉത്തരവ് നഴ്‌സിങ് ചട്ടത്തിന് വിരുദ്ധമെന്ന് കേരളാ നഴ്‌സിങ് കൗണ്‍സില്‍.
വ്യവസ്ഥകള്‍ ലംഘിച്ചുള്ള ഉത്തരവിന് പ്രസക്തിയില്ലെന്ന് കേരളാ നഴ്‌സിങ് കൗണ്‍സില്‍ രജിസ്ട്രാര്‍ പ്രൊഫ. വല്‍സ കെ. പണിക്കര്‍ സുപ്രഭാതത്തോട് പറഞ്ഞു. ഉത്തരവ് നഴ്‌സിങ് കൗണ്‍സില്‍ വ്യവസ്ഥയുടെ ലംഘനമാണെന്ന് ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ അംഗം പി.കെ തമ്പിയും വ്യക്തമാക്കി.
വിദ്യാര്‍ഥികളെ കൊണ്ട് ജോലി ചെയ്യിപ്പിക്കാന്‍ കലക്ടര്‍ക്ക് അധികാരമില്ല. ജോലിക്ക് ഹാജരാകാത്ത വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്യണമെന്നും അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. എന്നാല്‍, വിദ്യാര്‍ഥികള്‍ ജോലിക്ക് ഹാജരാകേണ്ടതില്ലെന്ന് കേരളാ നഴ്‌സിങ് കൗണ്‍സില്‍ അറിയിച്ചു.
വിദ്യാര്‍ഥികള്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കാന്‍ കോളജ് അധികൃതര്‍ക്ക് കഴിയില്ലെന്നും പി.കെ തമ്പി വ്യക്തമാക്കി. കൗണ്‍സില്‍ നിര്‍ദേശം കാറ്റില്‍പ്പറത്തി വിദ്യാര്‍ഥികളെ ജോലിക്ക് നിയോഗിച്ചാല്‍ കോളജിനെതിരേ നടപടിയുണ്ടാകുമെന്നും സൂചനയുണ്ട്. ഉത്തരവ് സംബന്ധിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് കേരളാ നഴ്‌സിങ് കൗണ്‍സില്‍ ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സിലിന് നല്‍കിയിട്ടുണ്ട്. ഇന്നലെ ഉച്ചയോടെയാണ് റിപ്പോര്‍ട്ട് കൈമാറിയത്.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി ഇന്നുണ്ടായേക്കും. നഴ്‌സസ് സംഘടനകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നഴ്‌സിങ് കൗണ്‍സിലിന്റെ ഇടപെടല്‍. ഇതോടെ നഴ്‌സുമാരുടെ സമരത്തെ വിദ്യാര്‍ഥികളെ ഇറക്കി പൊളിക്കാനുള്ള സര്‍ക്കാര്‍ നീക്കം പാളി.
പരീക്ഷ പാസായ ശേഷം കേരളാ നഴ്‌സിങ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ മാത്രമേ സംസ്ഥാനത്തെ ആശുപത്രിയില്‍ ജോലി ചെയ്യാന്‍ പാടുള്ളൂവെന്നാണ് വ്യവസ്ഥ. ഇതിന്റെ ലംഘനമാണ് കലക്ടര്‍ നടത്തിയതെന്ന് കേരളാ നഴ്‌സിങ് കൗണ്‍സില്‍ രജിസ്ട്രാര്‍ വ്യക്തമാക്കുന്നു. ഞായറാഴ്ചയാണ് കലക്ടര്‍ മീര്‍ മുഹമ്മദലി വിവാദ ഉത്തരവ് പുറത്തിറക്കിയത്. എട്ടു നഴ്‌സിങ് കോളജുകളില്‍നിന്നായി മുന്നൂറില്‍പ്പരം വിദ്യാര്‍ഥികളെയാണ് വിവിധ ആശുപത്രികളിലായി വിന്യസിക്കണമെന്ന് കലക്ടര്‍ ഉത്തരവിട്ടത്. ഉത്തരവ് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് വിദ്യാര്‍ഥികള്‍.
നിലവില്‍ കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലാണ് വിദ്യാര്‍ഥികളെ ആശുപത്രിയില്‍ വിന്യസിച്ച് സമരം നേരിടാന്‍ ജില്ലാ ഭരണകൂടങ്ങള്‍ തീരുമാനിച്ചത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി 21 ആശുപത്രികളില്‍ സമരം തുടരുകയാണ്.

ഉത്തരവ് തള്ളി പരിയാരത്തെ വിദ്യാര്‍ഥികള്‍

കണ്ണൂര്‍: നഴ്‌സിങ് വിദ്യാര്‍ഥികളെ ആശുപത്രികളില്‍ വിന്യസിക്കണമെന്ന ജില്ലാ കലക്ടറുടെ ഉത്തരവില്‍ പ്രതിഷേധിച്ച് പരിയാരം മെഡിക്കല്‍ കോളജിലെ നഴ്‌സിങ് വിദ്യാര്‍ഥികള്‍ ക്ലാസ് ബഹിഷ്‌കരിച്ചു.
തുടര്‍ന്ന് വിദ്യാര്‍ഥികള്‍ കോളജിനുപുറത്ത് കുത്തിയിരുന്നു. പരിയാരം നഴ്‌സിങ് കോളജ് വിദ്യാര്‍ഥികളായ തങ്ങള്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ ഡ്യൂട്ടി ചെയ്യേണ്ട ബാധ്യതയില്ലെന്ന് ഇവര്‍ പറഞ്ഞു.
അതേസമയം, കണ്ണൂരിലെ ആശുപത്രികളില്‍ ജില്ലാ കലക്ടറുടെ ഉത്തരവുപ്രകാരം നഴ്‌സിങ് വിദ്യാര്‍ഥികളെ നിയോഗിച്ചു.
ആശുപത്രികളുടെ പരിസരത്ത് പൊലിസ് സേനയെയും വിന്യസിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.