2020 May 30 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

Editorial

നല്‍കേണ്ടിയിരുന്നത് തൂക്കുകയര്‍


രാജ്യത്തൊട്ടാകെ പ്രതിഷേധം ആളിക്കത്തിയ കത്‌വ കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ തീരെ അപര്യാപ്തമാണ്. ധമനികളില്‍ രക്തം ഉറഞ്ഞുപോകുന്ന കൊടും ക്രൂരകൃത്യം ചെയ്ത നരാധമന്മാര്‍ക്ക് വധശിക്ഷ തന്നെയായിരുന്നു ലഭിക്കേണ്ടിയിരുന്നത്. മനുഷ്യരൂപം പൂണ്ട പിശാചുക്കള്‍ ഒരു പിഞ്ചുബാലികയോട് ചെയ്തത് അത്രമേല്‍ ക്രൂരതയായിരുന്നു. നിയമത്തെക്കുറിച്ചും ചെയ്യുന്ന ക്രൂരകൃത്യത്തെക്കുറിച്ചും തികഞ്ഞ ബോധ്യമുണ്ടായിരുന്ന മുഖ്യപ്രതി സഞ്ജിറാം ഒരു വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ഗ്രാമമുഖ്യനും ക്ഷേത്ര പൂജാരിയുമായിരുന്നു. അതിനാല്‍ തന്നെ അയാള്‍ വധശിക്ഷ ലഭിക്കാന്‍ അര്‍ഹനാണ്. മാത്രവുമല്ല ബാലികയെ ബലാത്സംഗം ചെയ്ത് കൊല്ലാന്‍ മകനെയും മരുമകനെയും ഏര്‍പ്പാടാക്കുകയും ചെയ്തു അയാള്‍. അപൂര്‍വങ്ങളില്‍ അപൂര്‍വമായി പരിഗണിക്കേണ്ട ഒരു കുറ്റകൃത്യം തന്നെയാണ് സഞ്ജിറാം ചെയ്തത്. എന്നാലും നീതിയുടെ തുലാസ് ന്യായപീഠങ്ങളില്‍ അതിന്റെ തുല്യത പുലര്‍ത്തുന്നു എന്നത് ആഹ്ലാദകരം തന്നെ.
2018 ജനുവരി 10നാണ് ജമ്മുവിലെ കത്‌വയിലുള്ള രസന ഗ്രാമത്തില്‍ ബഖര്‍വാല നാടോടി വിഭാഗത്തില്‍പെട്ട എട്ടുവയസുള്ള പെണ്‍കുട്ടിയെ വനത്തില്‍ കുതിരകളെ മേയ്ക്കുന്നതിനിടയില്‍ കാണാതായത്. കുതിരകളെ അന്വേഷിച്ചിറങ്ങിയ കുട്ടിയെ പതിനഞ്ചുകാരനായ പ്രതി പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ക്ഷേത്രത്തില്‍ തടവിലിട്ട് മയക്കുമരുന്ന് നല്‍കി ഏഴുദിവസത്തോളം അതിക്രൂരമായി പീഡിപ്പിക്കാന്‍ ഈ നരാധമന്മാര്‍ക്ക് യാതൊരു മനഃസാക്ഷിക്കുത്തും ഉണ്ടായില്ല. ബഖര്‍വാല നാടോടികളെ ഗ്രാമത്തില്‍നിന്ന് ഓടിക്കാന്‍ സഞ്ജിറാം തന്നെയാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോവാനും കൊലപ്പെടുത്താനും പദ്ധതിയിട്ടതെന്നു കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. താന്‍ പൂജാരിയായ അതേ ക്ഷേത്രത്തില്‍ വച്ചു തന്നെയാണ് സഞ്ജിറാം ദിവസങ്ങളോളം ഈ കുഞ്ഞിനെ ഇഞ്ചിഞ്ചായി കൊല്ലാന്‍ ആസൂത്രണം നടത്തിയത്.
കേസിന്റെ വിചാരണ വേളയിലും പ്രതികളെ അറസ്റ്റ് ചെയ്തപ്പോഴും മുന്‍പെങ്ങും കാണാത്തവിധം വേട്ടക്കാര്‍ക്ക് വേണ്ടി മന്ത്രിമാരുള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കളും അഭിഭാഷകരും ജമ്മുകശ്മിര്‍ ബാര്‍ അസോസിയേഷനും വരേ രംഗത്തുവന്നത് അമ്പരപ്പിക്കുന്നതായിരുന്നു. വര്‍ഗീയ താല്‍പര്യങ്ങള്‍ ആദ്യം മുതല്‍തന്നെ ഈ കേസിനെ ദുര്‍ബലപ്പെടുത്താനും ഇല്ലാതാക്കാനും കിണഞ്ഞുശ്രമിച്ചിരുന്നു. സംഘ്പരിവാര്‍ നേതാക്കളുടെ സമ്മര്‍ദവും നീതിക്കൊപ്പം നില്‍ക്കേണ്ട അഭിഭാഷകരുള്‍പ്പെടെയുള്ള വിഭാഗത്തിന്റെ പ്രതിഷേധവും ബഹിഷ്‌കരണവുംമൂലം അട്ടിമറിക്കപ്പെടുമായിരുന്ന ഈ കേസില്‍, മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഇടപെടലും ക്രൈംബ്രാഞ്ചിന്റെ കുറ്റമറ്റ രീതിയിലുള്ള ഇടപെടലും കാരണമാണ് പ്രതികള്‍ ശിക്ഷിക്കപ്പെടുന്നതിനു കാരണമായത്. കുറ്റപത്രം സമര്‍പ്പിച്ചതിനു പിന്നാലെ പ്രതികളെ പിടികൂടുന്നതിനെതിരേ ഹിന്ദു ഏകതാമഞ്ച് പ്രതിഷേധ റാലി നടത്തിയതും മെഹ്ബൂബാ മുഫ്തി മന്ത്രിസഭയിലെ രണ്ടുബി.ജെ.പി മന്ത്രിമാര്‍ പ്രസ്തുത റാലിയില്‍ പങ്കെടുത്തതും ജമ്മു കശ്മിരിലെ കോടതികളിലെ ഒരു വിഭാഗം അഭിഭാഷകര്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനെതിരേ തെരുവിലിറങ്ങി പ്രതിഷേധിച്ചതും പ്രോസികൂഷന്‍ അഭിഭാഷകരെ അവര്‍ തടഞ്ഞതും ജമ്മുകശ്മിര്‍ ബാര്‍ അസോസിയേഷന്‍ ജമ്മുവില്‍ ബന്ദിന് ആഹ്വാനം ചെയ്തതും ഇന്ത്യയുടെ മതനിരപേക്ഷതയുടെമേല്‍ വര്‍ഗീയ കോമരങ്ങള്‍ എത്രമാത്രം ആധിപത്യം സ്ഥാപിച്ചിരിക്കുന്നുവെന്നതിന്റെ തെളിവായിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ പരിഷ്‌കൃതരും വിദ്യാസമ്പന്നരുമായ ആളുകള്‍ ഒരുപാവം പെണ്‍കുട്ടിയുടെ കൊലയാളികള്‍ക്ക് വേണ്ടി ഇവ്വിധം ക്രൗര്യത്തോടെ ചാടിവീണ മറ്റൊരു സംഭവം ഉണ്ടായിട്ടില്ല. എല്ലാ നന്മകളെയും കരിയിച്ചുകളയുന്ന കൊടും വര്‍ഗീയത ഇവരുടെ രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്നിരിക്കുന്നു.
എല്ലാ ഭീഷണികളെയും അതിജീവിച്ച് അന്വേഷണം നടത്തിയ ധീരരായ അന്വേഷണ ഉദ്യോഗസ്ഥരോടും വധഭീഷണി ഉണ്ടായിട്ടു പോലും അതെല്ലാം നേരിട്ട് നീതിക്ക് വേണ്ടി സുധീരം പോരാടിയ ദീപികാ സിങ് രജാവതിനെ പോലുള്ള അഭിഭാഷകരോടും ക്രൈംബ്രാഞ്ച് എസ്.പി രമേശ് കുമാര്‍ ഝല്ലയോടും മതനിരപേക്ഷ സമൂഹം കടപ്പെട്ടിരിക്കുന്നു. പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിക്കപ്പെട്ടിട്ടുണ്ടെങ്കിലും അതു നിലനില്‍ക്കുമോ എന്ന ആശങ്കയാണ് ഇപ്പോഴും ബാക്കിയാകുന്നത്. ഇപ്പോഴത്തെ ശിക്ഷാവിധിക്കെതിരേ പ്രതികള്‍ അപ്പീല്‍ പോകുമന്ന് ഉറപ്പാണ്. സ്വാധീന ശക്തിയും പണവും അവര്‍ക്കുണ്ട്. വിട്ടയക്കപ്പെട്ടവനും ജീവപര്യന്തം ശിക്ഷക്ക് വിധിക്കപ്പെട്ടവര്‍ക്കും പരമാവധി ശിക്ഷയായ തൂക്കുകയര്‍ ഉറപ്പാക്കാന്‍ പ്രോസിക്യൂഷനും അപ്പീല്‍ പോകുകതന്നെവേണം.
വധശിക്ഷ ഇതുപോലുള്ള കേസുകള്‍ക്കാണ് നല്‍കേണ്ടത്. ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൂടാ. ഇന്ത്യന്‍ നീതിന്യായ കോടതികളില്‍ നിര്‍ഭയരും സത്യസന്ധരുമായ ന്യായാധിപന്മാരുടെ വംശം കുറ്റിയറ്റ് പോയിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു പത്താന്‍കോട്ട് ജില്ലാ കോടതി തിങ്കളാഴ്ച പുറപ്പെടുവിച്ച വിധി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.