2020 February 20 Thursday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

നല്ല കഷണ്ടിയും ഇന്നത്തെ കുട്ടികളും

വി. അബ്ദുല്‍ മജീദ്‌tt

ഉപധനാഭ്യര്‍ഥന ചര്‍ച്ച നടക്കുമ്പോള്‍ യു.ഡി.എഫ് അംഗങ്ങള്‍ സഭയ്ക്കുപുറത്ത് സമരത്തിലാണ്. പിന്നെ പ്രതിപക്ഷമെന്നു പറയാന്‍ സഭയ്ക്കുള്ളിലുള്ളതു മാണിയും കൂട്ടരും ഒ. രാജഗോപാലും. ഇതില്‍ പ്രത്യേക ബ്ലോക്കായ മാണിവിഭാഗം പ്രതിപക്ഷമാണെന്നു സാങ്കേതികമായി പറയാമെങ്കിലും ശരിക്കും ഏതു പക്ഷമാണെന്ന് ആര്‍ക്കും തിട്ടമില്ല. ലക്ഷണമൊത്തൊരു പ്രതിപക്ഷമെന്നു പറയാനുള്ളതു രാജഗോപാല്‍ മാത്രം. അതുകൊണ്ടു ചര്‍ച്ചയില്‍ ഭരണപക്ഷാക്രമണം സംഘ്പരിവാറില്‍ കേന്ദ്രീകരിച്ചു. ചര്‍ച്ച തുടങ്ങിവച്ച വി.എസ് അച്യുതാനന്ദന്‍ അതിനു തുടക്കമിട്ടു.
ഒന്നാം ഇ.എം.എസ് മന്ത്രിസഭയെ ആക്രമിച്ചതു കോണ്‍ഗ്രസും മതമേധാവികളും ചേര്‍ന്നായിരുന്നെന്നു പറഞ്ഞുകൊണ്ടാണു വി.എസ് പ്രസംഗം തുടങ്ങിയത്. ഇപ്പോള്‍ അവരോടൊപ്പം ബി.ജെ.പിയുമുണ്ട്. നല്ലപോലെ കഷണ്ടിയുള്ള ഒരാളുടെ തലയും നെറ്റിയും തമ്മില്‍ തിരിച്ചറിയാന്‍ പ്രയാസമാണ്. അതുപോലെ കോണ്‍ഗ്രസുകാരെയും ബി.ജെ.പിക്കാരെയും തിരിച്ചറിയാനാവാത്ത അവസ്ഥയുണ്ട്. ഇന്നത്തെ കുട്ടികള്‍ നാളത്തെ പൗരന്മരെന്നു പറയുമ്പോലെ ഇന്നത്തെ കോണ്‍ഗ്രസുകാര്‍ നാളത്തെ ബി.ജെ.പിക്കാരെന്നു പറയേണ്ട അവസ്ഥയാണ്്.
തിരുവനന്തപുരത്തു രാഷ്ട്രീയകൊലപാതകമുണ്ടായപ്പോള്‍ പറന്നെത്തിയ ജെയ്റ്റ്‌ലി തൊട്ടടുത്ത പ്രദേശമായ ഗൊരഖ്പൂരില്‍ കുട്ടികള്‍ മരിച്ചപ്പോള്‍ പോയില്ലെന്നായി വി.എസ്. ഉത്തരേന്ത്യയില്‍ സംഘ്പരിവാറുകാര്‍ ജാതിപീഡനം നടത്തുകയാണെന്നു സി.കെ നാണുവിന്റെ ആരോപണം. കേരളത്തില്‍ കലാപം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണു മോഹന്‍ ഭാഗവത് പാലക്കാട്ടെ സ്‌കൂളില്‍ ദേശീയപതാക ഉയര്‍ത്തിയതെന്നു കെ. രാജന്‍.
സംഘ്പരിവാറിനെതിരായ ആരോപണങ്ങള്‍ തലങ്ങുംവിലങ്ങുമുണ്ടായിട്ടും ഒ. രാജഗോപാല്‍ മറുപടി പറഞ്ഞില്ല. സംസ്ഥാനസര്‍ക്കാര്‍ പൊലിസിനെ രാഷ്ട്രീയവല്‍കരിച്ചെന്നും ദേശവിരുദ്ധശക്തികള്‍ ധാരാളമുള്ള കേരളത്തില്‍ പൊലിസിന്റെ ഭീകരവിരുദ്ധസ്‌ക്വാഡ് രൂപീകരിക്കണമെന്നു കേന്ദ്രം ആവര്‍ത്തിച്ചു പറഞ്ഞിട്ടും അതു ചെയ്യുന്നില്ലെന്നുമൊക്കെയായി രാജഗോപാലിന്റെ വാക്കുകള്‍.
ലോകവും ഇന്ത്യന്‍ ഭരണകൂടവുമൊക്കെ വലതുപക്ഷത്തേയ്ക്കു നീങ്ങുമ്പോഴും സോഷ്യലിസ്റ്റ് ബദലിന്റെ കാര്യത്തില്‍ എസ്. ശര്‍മയ്ക്കു പ്രതീക്ഷ നഷ്ടപ്പെട്ടില്ല.
അതിനു കാരണം ക്യൂബയും കേരളവും ത്രിപുരയുമാണ്. കേരളത്തില്‍ ഇടതുപക്ഷം ശക്തിപ്രാപിച്ചു വരികയാണെന്നാണ് എ.എം ആരിഫിന്റെയും കണ്ടെത്തല്‍. മട്ടന്നൂരില്‍ ബി.ജെ.പി തുടച്ചുനീക്കപ്പെട്ടെന്ന് ആരിഫ് പറഞ്ഞപ്പോള്‍, അവിടെ ഒരു സീറ്റില്‍ ബി.ജെ.പി രണ്ടാംസ്ഥാനത്തെത്തിയിട്ടുണ്ടെന്നു രാജഗോപാല്‍
ബാലാവകാശ കമ്മിഷന്‍ വിഷയത്തില്‍ മന്ത്രി കെ.കെ ശൈലജയുടെ രാജി ആവശ്യപ്പെട്ട് അഞ്ചു യു.ഡി.എഫ് അംഗങ്ങള്‍ സഭാകവാടത്തില്‍ സത്യഗ്രഹം തുടരുന്ന സാഹചര്യത്തില്‍ മുന്നണിയുടെ അംഗങ്ങള്‍ ചോദ്യോത്തരവേളയില്‍ മാത്രമാണ് സഭയിലിരുന്നത്. ചോദ്യോത്തരവേളയില്‍ നടുത്തളത്തില്‍ കുത്തിയിരുന്നു മുദ്രാവാക്യം വിളിക്കുകയായിരുന്നു അവര്‍. ചോദ്യോത്തരവേള കഴിഞ്ഞയുടന്‍ ഇറങ്ങിപ്പോകുകയും ചെയ്തു.
ഫ്യൂഡലിസത്തിനെതിരേ സംസാരിക്കുന്ന ഇടതുപക്ഷം സംസ്ഥാനത്തു നടപ്പാക്കുന്നതു ഫ്യൂഡല്‍ നയങ്ങളാണെന്ന് ഇറങ്ങിപ്പോകുന്നതിനു മുമ്പു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം.
യു.ഡി.എഫുകാര്‍ സഭയിലില്ലെങ്കിലും കെ.എം മാണി അടിയന്തരപ്രമേയം കൊണ്ടുവന്നു. സര്‍ക്കാരിന്റെ കര്‍ഷകദ്രോഹനടപടികള്‍ക്കെതിരേയായിരുന്നു പ്രമേയം.
മാരിടൈം ബില്‍ സഭ പരിഗണനയ്‌ക്കെടുത്തെങ്കിലും പ്രതിപക്ഷത്തിന്റെ അഭാവത്തില്‍ കാര്യമായ ചര്‍ച്ച നടന്നില്ല. ബില്ലിന്മേലുള്ള നടപടികള്‍ അവസാനഘട്ടത്തിലേയ്ക്കു നീങ്ങുന്ന സമയത്താണു ലാവ്‌ലിന്‍ കേസില്‍ ഹൈക്കോടതി വിധി വരുന്നത്. വിധിയെക്കുറിച്ചുള്ള വിവരമറിഞ്ഞപ്പോള്‍ ഭരണപക്ഷത്ത് ആശ്വാസവും ആഹ്ലാദവും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News