2020 May 31 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

Editorial

നല്ലവരായ ഹൈന്ദവരെയും അവര്‍ വെറുതെ വിടില്ല


ഗോമാംസത്തിന്റെയും മറ്റും പേരില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മതന്യൂനപക്ഷങ്ങളെയും ദലിതരെയും ആക്രമിച്ചുകൊണ്ടിരിക്കുന്ന സംഘ് പരിവാര്‍ തീവ്രവാദികള്‍ തങ്ങളുടെ ആജ്ഞാനുവര്‍ത്തികളല്ലാത്ത ഹൈന്ദവാചാര്യരെ പോലും വെറുതെ വിടില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് സ്വാമി അഗ്നിനവേശിനു നേരെ നടത്തിയ ആക്രമണത്തിലൂടെ. ഹൈന്ദവ ധര്‍മ സംരക്ഷണാര്‍ഥം പ്രവര്‍ത്തിക്കുന്ന ആര്യസമാജത്തിന്റെ പ്രമുഖരിലൊരാളായ ഹൈന്ദവ പണ്ഡിതനും സാമൂഹ്യപ്രവര്‍ത്തകനും മനുഷ്യാവകാശപ്രവര്‍ത്തകനുമൊക്കെയായ സ്വാമിയെ ജാര്‍ഖണ്ഡിലെ ലിറ്റിപാഡയിലെ തെരുവില്‍ അവര്‍ അതിനിഷ്ഠൂരമായാണ് ആക്രമിച്ചത്. എണ്‍പതു പിന്നിട്ട ആ വയോവൃദ്ധനെ അവര്‍ അടിച്ചുവീഴ്ത്തി നിലത്തിട്ടു ചവിട്ടുകയും വസ്ത്രവും തലപ്പാവും കീറിയെറിയുകയും ചെയ്തു. അല്‍പമെങ്കിലും മനുഷ്യത്വമുള്ള ആരും ചെയ്യാന്‍ മടിക്കുന്ന തരത്തിലായിരുന്നു സംഘ്പരിവാര്‍ ഗുണ്ടകളുടെ ആക്രമണം.

ആദിവാസികളുടെ ഒരു യോഗത്തില്‍ പ്രസംഗിച്ചു പുറത്തിറങ്ങുന്നതിനിടയിലായിരുന്നു ആക്രമണം. നേരത്തെ അദ്ദേഹം നടത്തിയ ഒരു പ്രസംഗത്തിന്റെ പേരില്‍ കൊലവിളി മുഴക്കിയിരുന്ന യുവമോര്‍ച്ച, എ.ബി.വി.പി തുടങ്ങിയ സംഘ്പരിവാര്‍ സംഘടനകള്‍ ഈ യോഗത്തില്‍ പങ്കെടുക്കരുതെന്ന ആജ്ഞ അദ്ദേഹത്തിനു നല്‍കിയിരുന്നു. എന്നാല്‍ ഭീഷണികളെ ഭയന്നു ശീലിച്ചിട്ടില്ലാത്ത സ്വാമി അതു വകവയ്ക്കാതിരുന്നതിനുള്ള പ്രതികാരമായാണ് അവര്‍ അദ്ദേഹത്തെ ആക്രമിച്ചത്. നേരത്തെ തന്നെ സംഘ്പരിവാര്‍ ഭീഷണി ഉണ്ടായിട്ടും അദ്ദേഹത്തിനു സംരക്ഷണമൊരുക്കാന്‍ പൊലിസ് സ്ഥലത്തെത്തിയിരുന്നില്ല. ഭരണകൂടത്തിന്റെ ഒത്താശയോടെ തന്നെയാണ് ആക്രമണം നടന്നതെന്നു വ്യക്തം.
യഥാര്‍ഥ ഹൈന്ദവതയുടെ മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് അതിനു വേണ്ടി സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തതുകൊണ്ടാണ് സംഘ്പരിവാര്‍ മതഭ്രാന്തന്‍മാര്‍ക്ക് സ്വാമി അഗ്നിവേശ് കണ്ണിലെ കരടായി മാറിയത്. ഇന്ത്യന്‍ സാമൂഹ്യജീവിതത്തെക്കുറിച്ചും അതില്‍ നടമാടുന്ന വംശീയ, വര്‍ഗീയ ക്രൂരതകളെക്കുറിച്ചും ആഴത്തില്‍ പഠനം നടത്തുകയും ശ്രദ്ധേയമായ ചില ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്തയാളാണ് അദ്ദേഹം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സവര്‍ണ ഗുണ്ടാസംഘങ്ങള്‍ ദലിത്, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു നേരെ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരേ അദ്ദേഹം ശക്തമായി പ്രതികരിക്കുകയും അതില്‍ പലതും പൊതുചര്‍ച്ചയിലേയ്ക്കു കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ നിരപരാധികളായ ആദിവാസികള്‍ക്കു നേരെ സവര്‍ണ ഗുണ്ടാസംഘങ്ങളും പൊലിസും അര്‍ധസൈനികരുമൊക്കെ നടത്തുന്ന അതിക്രമങ്ങളെ രൂക്ഷമായി ചോദ്യം ചെയ്തിട്ടുമുണ്ട്. സംഘ് പരിവാറിന്റെ ശത്രുക്കളുടെ പട്ടികയില്‍ ഇടംനേടാന്‍ ഇതൊക്കെ തന്നെ ധാരാളമാണല്ലോ.
ആര്‍.എസ്.എസ് ആസ്ഥാനത്തു നിന്നുള്ള തിട്ടൂരങ്ങള്‍ അക്ഷരം പ്രതി അനുസരിക്കുകയും നരേന്ദ്രമോദി ഭരണകൂടത്തിന് ഓശാന പാടുകയും സാധാരണക്കാരായ ഹിന്ദുക്കളില്‍ വര്‍ഗീയവിഷം കുത്തിവയ്ക്കുകയും ഇതര മതസ്ഥര്‍ക്കെതിരേ വിഷലിപ്തമായ പ്രചാരണങ്ങള്‍ അഴിച്ചുവിടുകയുമൊക്കെ ചെയ്യുന്ന കാവി വസ്ത്രധാരികള്‍ മാത്രണ് സംഘ്പരിവാറിന്റെ കണ്ണില്‍ ശരിയായ സ്വാമിമാര്‍. ലോകനന്മ കാംക്ഷിക്കുന്ന ഹൈന്ദവ മൂല്യങ്ങള്‍ മുറുകെ പിടിച്ചു ജീവിക്കുന്ന ഹൈന്ദവരെല്ലാം തന്നെ അവരുടെ ശത്രുക്കളാണ്. സംഘ് പരിവാര്‍ ഭീകരരുടെ കൊലക്കത്തിക്കിരയായവരില്‍ വലിയൊരു വിഭാഗമാളുകള്‍ ഹിന്ദുക്കള്‍ തന്നെയായത് ഈ കാരണത്താലാണ്. വ്യത്യസ്തമായ വിശ്വാസങ്ങളുടെയും ജീവിത ദര്‍ശനങ്ങളുടെയും ചിന്താധാരകളുടെയും മഹാസാഗരമാണ് ഹൈന്ദവ സംസ്‌കാരം. സ്വന്തം അഭിപ്രായങ്ങളുമായി ഒത്തുപോകാത്ത ഏതു ചിന്താധാരയെയും, അതിന്റെ പശ്ചാത്തലം ഹൈന്ദവമാണെങ്കില്‍ പോലും അടിച്ചൊതുക്കുമെന്ന ഫാസിസ്റ്റ് പ്രഖ്യാപനമാണ് കഴിഞ്ഞ ദിവസം ജാര്‍ഖണ്ഡിലുണ്ടായത്.
അവിടെ അടിയേറ്റുവീണത് സ്വാമി അഗ്നിവേശെന്ന മനുഷ്യസ്‌നേഹിയായ ജ്ഞാനവൃദ്ധന്‍ മാത്രമല്ല ഹൈന്ദവ ധര്‍മങ്ങള്‍ മൊത്തത്തില്‍ തന്നെയാണ്. രാജ്യത്ത് ഇതര മതക്കാര്‍ക്കു മാത്രമല്ല നല്ലവരായ ഹിന്ദുക്കള്‍ക്കു പോലും സംഘ് പരിവാര്‍ താലിബാനിസം കടുത്ത ഭീഷണിയാണെന്നാണ് ജാര്‍ഖണ്ഡ് സംഭവം വെളിപ്പെടുത്തുന്നത്. ആ ഭാഷണിയെ നേരിടേണ്ട ബാധ്യത രാജ്യത്തെ ഹൈന്ദവര്‍ക്കു മാത്രമല്ല മതേതര സമൂഹത്തിനു മൊത്തത്തില്‍ തന്നെയുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.