2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

നര്‍സിങ് റിയോയിലേക്കില്ല; പകരം പ്രവീണ്‍ റാണ

ന്യൂഡല്‍ഹി: റിയോ ഒളിംപിക്‌സില്‍ പങ്കെടുക്കാനുള്ള ഗുസ്തി താരം നര്‍സിങ് യാദവിന്റെ അവസാന ശ്രമങ്ങള്‍ക്ക് തിരിച്ചടി. രണ്ടാമത് നടത്തിയ ഉത്തേജക പരിശോധനയിലും താരം പരാജയപ്പെട്ടതോടെയാണ്  ഒളിംപിക് പ്രതീക്ഷകള്‍ മങ്ങിയത്. ജൂലൈ അഞ്ചിനു നടത്തിയ പരിശോധനയുടെ ഫലങ്ങളാണ് പുറത്തു വിട്ടത്. നേരത്തെ ജൂണ്‍ 25നു നടത്തിയ ഉത്തേജക പരിശോധനയില്‍ താരം പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് നര്‍സിങിന് താത്കാലിക വിലക്കേര്‍പ്പെടുത്തിയിരുന്നു.

പരിശോധന നടത്തുന്ന ദിവസം എടുക്കുന്ന സാംപിളുകളാണ് രണ്ടാമത്തെ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതെന്നു താരം നാഡയെ അറിയിച്ചിരുന്നു. തുടര്‍ന്ന് നര്‍സിങിന്റെ എ, ബി സാംപിളുകള്‍ പരിശോധിച്ചു. എന്നാല്‍ ഈ സാംപിളുകളും താരം ഉത്തേജകം ഉപയോഗിച്ചതായി സ്ഥിരീകരിക്കുന്നതാണെന്ന് നാഡ വ്യക്തമാക്കി. ആദ്യ പരിശോധനയില്‍ സ്ഥിരീകരിച്ച നിരോധിത മരുന്നായ അനബോളിക് സ്റ്റെറോയിഡ് മെത്താഡിനോണിന്റെ സാന്നിധ്യം രണ്ടാം പരിശോധനയിലും താരത്തിന്റെ സാംപിളുകളില്‍ കണ്ടെത്തിയെന്ന് റെസ്‌ലിങ് ഫെഡറേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം തന്നെ മനഃപ്പൂര്‍വം ആരോ കെണിയില്‍ പെടുത്തിയതാണെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് നര്‍സിങ്. തന്റെ ഭക്ഷണത്തില്‍ മരുന്നു കലര്‍ത്തിയതാണെന്നും നര്‍സിങ് വാദിക്കുന്നുണ്ട്. എന്നാല്‍ ഭക്ഷണത്തില്‍ ഉത്തേജകത്തിന്റെ അംശമില്ലെന്നു പരിശോധനയില്‍ വ്യക്തമായത് താരത്തിന്റെ വാദത്തെ ദുര്‍ബലമാക്കിയിട്ടുണ്ട്.

നര്‍സിങിന് പകരം റിയോയില്‍ 74 കിലോ ഗുസ്തിയില്‍ പ്രവീണ്‍ റാണ മത്സരിക്കുമെന്ന് റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ വ്യക്തമാക്കി. 2014ല്‍ അമേരിക്കയല്‍ നടന്ന ഡേവ് ഷൂള്‍സ് മെമ്മോറിയല്‍ റെസ്‌ലിങ് ടൂര്‍ണമെന്റില്‍ പ്രവീണ്‍ സ്വര്‍ണം നേടിയിരുന്നു. താരത്തെ മത്സരിപ്പിക്കാനുള്ള അപേക്ഷ അന്താരാഷ്ട്ര റെസ്‌ലിങ് ഫെഡറേഷന്‍ അംഗീകരിച്ചിട്ടുണ്ട്

ഗൂഢാലോചന നടന്നുവെന്നത്  
അഭ്യൂഹം: വിജയ് ഗോയല്‍
ന്യൂഡല്‍ഹി: റിയോ ഒളിംപിക്‌സില്‍ ഗുസ്തി താരം നര്‍സിങ് യാദവിന് മത്സരിക്കാനുള്ള സാധ്യതയില്ലെന്ന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍. താരത്തിനെതിരേ ഗൂഢാലോചന നടന്നുവെന്നത് വെറും അഭ്യൂഹം മാത്രമാണ്. നാഡയുടെ റിപ്പോര്‍ട്ട് പ്രകാരം നര്‍സിങ് ഉത്തേജകം ഉപയോഗിച്ചിട്ടുണ്ടെന്നു അവര്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇതില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ താത്പര്യപ്പെടുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. സര്‍ക്കാരിന് ഇക്കാര്യത്തില്‍ വ്യത്യസ്തമായ തീരുമാനം എടുക്കാനാവില്ല. നാഡയെ തള്ളി നര്‍സിങിനെ റിയോയില്‍ മത്സരിപ്പിക്കുക എന്നത് അസാധ്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.