2020 May 27 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

Editorial

നരേന്ദ്ര മോദിക്കെതിരേ നടപടിയുണ്ടാകുമോ


 

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ബി.ജെ.പി അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന വ്യാപകമായ ആക്ഷേപത്തെ തുടര്‍ന്ന് ബി.ജെ.പിക്കെതിരേയും പെരുമാറ്റച്ചട്ട ലംഘന നിയമങ്ങള്‍ പ്രയോഗിക്കുവാന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. ബാലാക്കോട്ട് സൈനിക നടപടിയുടെയും പുല്‍വാമയില്‍ സൈനികര്‍ വീരമൃത്യുവരിച്ചതിന്റെയും പേരില്‍ മഹാരാഷ്ട്രയിലെ ലാത്തൂരില്‍ വോട്ട് തേടിയ നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണ് നടത്തിയതെന്ന മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെ റിപ്പോര്‍ട്ടിന്മേല്‍ പരിശോധിച്ച് ഉചിതമായ നടപടിയെടുക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയത് ഇതിന്റെ ഭാഗമായിട്ടു വേണം കാണാന്‍.

ആദായനികുതി വകുപ്പിനെ ഉപയോഗിച്ച് പ്രതിപക്ഷ കക്ഷി നേതാക്കളുടെ ഓഫിസുകളും വീടുകളും വ്യാപകമായി റെയ്ഡുകള്‍ നടത്തുന്നതിനെതിരേയും നേരത്തെ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷന് പരാതി ലഭിച്ചിട്ടും നടപടികളെടുത്തിരുന്നില്ല. എന്നാല്‍, ഇതിനെതിരേ പ്രതിഷേധം വ്യാപകമായപ്പോള്‍ ആദായനികുതി വകുപ്പിനോട് വിശദീകരണം ചോദിക്കുവാനും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ബന്ധിതമായി.റെയ്ഡുകള്‍ പോലുള്ള നടപടികള്‍ നിഷ്പക്ഷവും വേര്‍തിരിവില്ലാതെയും വേണമെന്ന് കഴിഞ്ഞ ദിവസം റവന്യൂ സെക്രട്ടറിയോടും കേന്ദ്രപ്രത്യക്ഷ നികുതി ബോര്‍ഡ് ചെയര്‍മാനോടും കമ്മിഷന്‍ രേഖാമൂലം വ്യക്തമാക്കിയിരുന്നു. എന്നാല്‍, അതിന് പരിഹാസരൂപേണയുള്ള മറുപടിയാണ് ആദായനികുതി വകുപ്പ് സെക്രട്ടറി നല്‍കിയത്. നിഷ്പക്ഷം, വേര്‍തിരിവില്ലാതെ തുടങ്ങിയ വാക്കുകളുടെ അര്‍ഥം ഞങ്ങള്‍ക്ക് മനസിലാകുമെന്ന് പറയുന്ന റവന്യൂ സെക്രട്ടറിയുടെ മറുപടി മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷനെ കൊച്ചാക്കുന്നതിന് തുല്യമാണ്. നിഷ്പക്ഷം, വേര്‍തിരിവില്ലാതെ തുടങ്ങിയ വാക്കുകളുടെ അര്‍ഥം റവന്യൂ സെക്രട്ടറിക്ക് മനസിലാകുമെങ്കില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെയും ജനതാദള്‍ സെക്യുലര്‍ പാര്‍ട്ടിയുടെയും നേതാക്കളുടെ വീടുകളിലും ഓഫിസുകളിലും റെയ്ഡ് നടത്തിയപ്പോള്‍ എന്തുകൊണ്ട് ബി.ജെ.പി നേതാക്കള്‍ക്ക് കോടികള്‍ നല്‍കിയ യെദ്യൂരപ്പയുടെ ഡയറി കുറിപ്പിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെയും ഖനിമാഫിയകളുടെയും വീടുകളും ഓഫിസുകളും റെയ്ഡുകള്‍ക്ക് വിധേയമാക്കിയില്ല. ഭരണഘടനാ സ്ഥാപനമായ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ മറുപടിയില്‍ പരിഹാസവും അലസവുമായ വാക്കുകള്‍ ഉപയോഗിക്കുവാന്‍ റവന്യൂ സെക്രട്ടറിക്ക് ധൈര്യം നല്‍കുന്നുവെങ്കില്‍ ബി.ജെ.പിയുടെ ശക്തമായ പിന്തുണ അദ്ദേഹത്തിന് ഉണ്ടായിരിക്കണം.

കമ്മിഷന്റെ നിര്‍ദേശങ്ങളോടൊന്നും പ്രതികരിക്കാതെ ബദല്‍ നിര്‍ദേശങ്ങള്‍ കമ്മിഷന് നല്‍കുകയായിരുന്നു ആദായനികുതി വകുപ്പ്.ബാലാക്കോട്ട് ആക്രമണം നടത്തിയ ധീരസൈനികര്‍ക്കും പുല്‍വാമയില്‍ വീരചരമം പ്രാപിച്ചവര്‍ക്കുമായി കന്നിവോട്ടര്‍മാര്‍ അവരുടെ സമ്മദിദാനാവകാശം വിനിയോഗിക്കണമെന്ന് അത്യന്തം ആപല്‍ക്കരമായ പ്രസംഗമാണ് നരേന്ദ്രമോദി മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നടത്തിയത്. രാജ്യത്തിന്റെ ഉന്നത സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തിയുടെ വായില്‍നിന്നും വന്ന ഈ വാക്കുകള്‍ യാദൃച്ഛികമാണെന്ന് പറഞ്ഞുകൂട. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളെക്കുറിച്ച് അറിയാതെയുമായിരിക്കില്ല. ബോധപൂര്‍വം നടത്തിയ ഈ പ്രസംഗം മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിയെടുക്കില്ല എന്ന ധൈര്യത്താല്‍ തന്നെയായിരിക്കണം നരേന്ദ്രമോദി നടത്തിയിട്ടുണ്ടാവുക.

നരേന്ദ്രമോദി എന്താണ് പറഞ്ഞതെന്ന് വിഡിയോദൃശ്യങ്ങളില്‍നിന്നും വ്യക്തമാണ്. വസ്തുതാപരമായ റിപ്പോര്‍ട്ടാണ് നല്‍കിയതെന്ന് മഹാരാഷ്ട്രയിലെ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ സൂചിപ്പിക്കുമ്പോള്‍ സംഘ്പരിവാര്‍ ഭരണകൂടത്തിന് വഴങ്ങാത്ത നിഷ്പക്ഷരും സത്യസന്ധരുമായ ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യയില്‍ വംശനാശം സംഭവിച്ചിട്ടില്ല എന്ന ആശ്വാസമാണ് ഉണ്ടാകുന്നത്. പ്രതിരോധ സേനകളിലുള്ളവരുടെ ചിത്രങ്ങളും അവരുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാന്‍ പാടില്ലെന്ന് കഴിഞ്ഞ മാസം ഒന്‍പതിന് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയതാണ്. എന്നാല്‍, അതിന് പുല്ലുവില പോലും കല്‍പിക്കാതെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പരസ്യമായി ലംഘിക്കുവാന്‍ നരേന്ദ്ര മോദിക്ക് ധൈര്യമുണ്ടാകുന്നുവെങ്കില്‍ അതിനര്‍ഥം മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷനും മറ്റു ഭരണഘടനാ സ്ഥാപനങ്ങളും തന്റെ മനോഗതം അനുസരിച്ച് പ്രവര്‍ത്തിച്ചുകൊള്ളുമെന്ന ധാര്‍ഷ്ട്യത്തില്‍നിന്നും ഉണ്ടായതായിരിക്കണം. പുല്‍വാമയിലെ ധീരസൈനികര്‍ക്കുണ്ടായ ജീവഹാനി ബി.ജെ.പി സര്‍ക്കാരിന്റെ നിരുത്തരവാദപരമായ പ്രവര്‍ത്തനത്താലാണെന്ന് ഇതിനകം ബോധ്യപ്പെട്ടുകഴിഞ്ഞു. പാകിസ്താന്റെ ഭീകരതാവളങ്ങള്‍ നിലകൊള്ളുന്ന ബാലാക്കോട്ടില്‍ വ്യോമസേന തിരിച്ചടി നല്‍കുകയും ഭീകരതാവളങ്ങള്‍ നശിപ്പിക്കുകയും ചെയ്തതായ വാര്‍ത്ത അന്നുതന്നെ സംശയമുളവാക്കിയിരുന്നു. കൊല്ലപ്പെട്ടവരുടെ എണ്ണം പല വിധത്തില്‍ അമിത്ഷാ അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ പറഞ്ഞപ്പോള്‍തന്നെ അതിനെക്കുറിച്ചുള്ള സംശയങ്ങള്‍ പൊതുസമൂഹത്തില്‍ വര്‍ധിക്കുകയും ചെയ്തു.

ഇപ്പോഴിതാ ബാലാക്കോട്ടിലേക്ക് വിദേശമാധ്യമ പ്രവര്‍ത്തകരെ പാകിസ്താന്‍ സൈനികര്‍ കൊണ്ടുപോയി സ്ഥിതിഗതികള്‍ നേരിട്ടു കണ്ട് മനസിലാക്കാന്‍ അവസരം നല്‍കിയിരിക്കുന്നു. രാജ്യാന്തര മാധ്യമ പ്രവര്‍ത്തകരും നയതന്ത്രജ്ഞരും കഴിഞ്ഞ ദിവസം ബാലാക്കോട്ട് സന്ദര്‍ശിക്കുകയുണ്ടായി. അവിടെയെത്തിയ സംഘം കണ്ടത് മതപാഠ ശാലയും നൂറിലേറെ വരുന്ന വിദ്യാര്‍ഥികളെയുമാണ്. തങ്ങളുടെ സന്ദര്‍ശനത്തില്‍നിന്ന് വ്യക്തമായൊരു നിഗമനത്തിലെത്താനായില്ലെന്ന് പാശ്ചാത്യ നയതന്ത്ര പ്രതിനിധികള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍, അവിടെ ആക്രമണം നടത്തിയതിന്റെ തെളിവുകള്‍ എവിടെയാണ് പോയത്. വ്യോമാക്രമണം നടത്തിയതിന്റെ സൂചനയോ പുനര്‍നിര്‍മാണം നടത്തിയതിന്റെയോ അടയാളങ്ങള്‍ അവിടെ കാണാനില്ലായിരുന്നുവെന്നാണ് പാശ്ചാത്യ മാധ്യമ പ്രവര്‍ത്തകര്‍ പറയുന്നത്. വ്യോമാക്രമണത്തിലൂടെ ജെയ്‌ഷെ മുഹമ്മദ് ഭീകരപ്രവര്‍ത്തന കേന്ദ്രത്തിലെ നൂറുകണക്കിന് പേരെ വധിച്ചുവെന്നായിരുന്നു അമിത്ഷായും ബി.ജെ.പിയും പറഞ്ഞിരുന്നത്. എന്നാല്‍, സ്‌ഫോടനം നടന്നതിന്റെ വിള്ളലുകളും പിഴുതെറിയപ്പെട്ട നിലയിലുള്ള മരങ്ങളും മാത്രമാണ് ഈ പ്രദേശത്ത് കണ്ടതെന്ന് വിദേശ മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു. യാഥാര്‍ഥ്യം ഇതായിരിക്കെ ബാലാക്കോട്ട് സൈനികാക്രമണത്തിന്റെ മേന്മ പറഞ്ഞ് നരേന്ദ്രമോദിയും ബി.ജെ.പിയും ഇന്ത്യന്‍ ജനതയെ കബളിപ്പിക്കുകയാണ്. ദേശീയ സുരക്ഷയുടെ മറപറ്റി റാഫേല്‍ അഴിമതി നടത്തിയതുപോലെ ഇല്ലാത്ത ബാലാക്കോട്ട് ആക്രമണത്തിന്റെ പേരുപറഞ്ഞ് വോട്ട് ചോദിക്കുകയാണിപ്പോള്‍ നരേന്ദ്ര മോദി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നരേന്ദ്ര മോദി ഇതുവഴി പരസ്യമായി ലംഘിച്ചിരിക്കുകയാണ്. അതിന്റെ തെളിവുകള്‍ വിഡിയോയില്‍ സ്പഷ്ടമായും ഉണ്ട്താനും. എന്നിരിക്കെ നരേന്ദ്ര മോദിക്കെതിരേ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിയെടുക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.