2020 May 31 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

നമ്മിലെ ഒന്‍പതു കഴിവുകള്‍

ഒരു വ്യക്തിയില്‍ ഒന്‍പതു മികവുകളാണുള്ളതെന്നു ശാസ്ത്രം പറയുന്നു.
1983ല്‍ ഫെയിംസ് ഓഫ് മൈന്റ് എന്ന പുസ്തകത്തിലൂടെ ഹോവാര്‍ഡ് ഗാര്‍ഡ്‌നര്‍ എന്ന പ്രശസ്ത അമേരിക്കന്‍ ശാസ്ത്രജ്ഞനാണ് ബഹുമുഖ ബുദ്ധിശാസ്ത്രം അവതരിപ്പിച്ചത്. വ്യത്യസ്ത മോഖലകളില്‍ കഴിവുതെളിയിച്ച നൂറുകണക്കിനാളുകളില്‍ നടത്തിയ പഠനത്തിന്റെ ഭാഗമായിട്ടാണ് അദ്ദേഹം ഇതു സമര്‍ഥിച്ചത്.

1. ഭാഷാ കഴിവ്
എഴുത്തിലും സംസാരത്തിലും ഭാഷാപരമായ മികവുകള്‍ പ്രകടിപ്പിക്കുന്നു. കഥ പറയാനും തമാശകള്‍ ആസ്വദിക്കാനും കഴിയുന്നു. പദപ്രശ്‌നങ്ങള്‍ കളിക്കുന്നതു വിനോദമായി കാണുന്നു. വായനയില്‍ പ്രത്യേകം താല്‍പര്യം കാണിക്കുന്നു.
പഴഞ്ചൊല്ലുകള്‍ ഓര്‍ക്കാനും വ്യത്യസ്ത ഭാഷകള്‍ പെട്ടെന്നു പഠിക്കാനും കഴിയുന്നു. മാധ്യമപ്രവര്‍ത്തനം, വിവര്‍ത്തനം എന്നിവ ഇവരുടെ ഇഷ്ട മേഖലകളായിരിക്കും.
2. ദൃശ്യാത്മക കഴിവ്
ചിത്രങ്ങളോട് കൂടുതല്‍ താല്‍പര്യം പ്രകടിപ്പിക്കുന്നു. വെറുതെയിരിക്കുമ്പോള്‍ കടലാസുകളില്‍ കുത്തിവരയുന്നത് ഇവരുടെ ശീലമായിരിക്കും. ഇവര്‍ സംസാരിക്കുമ്പോള്‍ കാഴ്ചയെ സൂചിപ്പിക്കുന്ന വാക്കുകള്‍ കൂടുതല്‍ ഉപയോഗിക്കുന്നു. പകല്‍ സ്വപ്നങ്ങള്‍ ധാരാളം കാണുകയും ഫോട്ടോഗ്രാഫി വിനോദം ആസ്വദിക്കുകയും ചെയ്യുന്നു. കാര്യങ്ങളെ ഗ്രഹിക്കാന്‍ ചിത്രങ്ങളെ ആശ്രയിക്കുന്നു. അവരുടെ മനസില്‍ എല്ലാം തെളിഞ്ഞ ചിത്രങ്ങളായിരിക്കും. ടൗണ്‍ പ്ലാനിങ് ആര്‍കിടെക്ട്, ഗ്രാഫിക് വര്‍ക്കുകള്‍ തുടങ്ങിയ മേഖലകളില്‍ തിളങ്ങാന്‍ ഇവര്‍ക്കു കഴിയും.
3. ആശയവിനിമയ ശേഷി
നന്നായി ആശയവിനിമയം ചെയ്യാന്‍ കഴിയുന്നവരായിരിക്കും ഇവര്‍. അതുകൊണ്ടു മറ്റുള്ളവരെ തന്നിലേക്കാകര്‍ഷിക്കാനും അതിലൂടെ ഒരു മികച്ച നേതാവാകാനും കഴിയുന്നു. ക്ലബുകളില്‍ അംഗമാകുന്നതും സംഘമായി പ്രവര്‍ത്തിക്കുന്നതും ഏറെ താല്‍പര്യമുള്ള കാര്യമാണ്. രാഷ്ട്രീയം, അവതാരകര്‍, അധ്യാപകര്‍, അഭിഭാഷകര്‍, ബിസിനസ് എന്നീ മേഖലകളില്‍ ശോഭിക്കാന്‍ ഇവര്‍ക്കു കഴിയും.
4. ആത്മ നിഷ്ഠം
ഗഹനമായി ചിന്തിക്കുന്നവരും വ്യക്തിത്വത്തിന്റെ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരുമാകും. സ്വന്തത്തെ വല്ലാതെ സ്‌നേഹിക്കുകയും ഒതുങ്ങിക്കൂടാന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നു. ഞാന്‍ എല്ലാ കാര്യത്തിലും സ്വയം പര്യാപതനാണെന്നു വിശ്വസിക്കുകയും ചെയ്യുന്നു.
സന്യാസിമാര്‍, യോഗികള്‍, മനഃശാസ്ത്രജ്ഞര്‍ എന്നിവ
5. യുക്തിബോധം
എല്ലാ കാര്യങ്ങളേയും യുക്തിപരമായി കാണുകയും എല്ലാറ്റിനേയും ഇഴപിരിച്ച് പരിശോധിക്കുകയും ചെയ്യുന്നു. ഗണിതത്തില്‍ പ്രത്യേക മികവ് പുലര്‍ത്തുന്നു. ഗണിത ഗെയിമുകളും ചെസ് കളിയും ഇവര്‍ക്ക് ഏറെ ആസ്വാദനം ലഭിക്കുന്നതായിരിക്കും. അക്കൗണ്ടിങ്, ശാസ്ത്രം, എന്‍ജിനിയറിങ് എന്നിവ ഇവരുടെ മേഖലകളാണ്.
6. സംഗീതപരമായ കഴിവ്
ചിന്തിക്കുന്നതും പറയുന്നതും ചെയ്യുന്നതും താളാത്മകമായിരിക്കും. പാട്ട് വച്ചുകൊണ്ട് പഠിക്കുന്ന കുട്ടികളെ കാണാറുണ്ട്. പാട്ട് നിര്‍ത്തിയാല്‍ ഇവര്‍ക്കു പഠനം ആരോചകമായിരിക്കും. പാട്ടിലൂടെ മറ്റുള്ളവരെ ആകര്‍ഷിക്കുവാനും കഴിയുന്നു.
7. ശാരീരിക ചലന മികവ്

അഭിനയം, കായികം, നൃത്തം, പാചകം എന്നിവയില്‍ പ്രത്യേക മികവ് പ്രകടിപ്പിക്കുന്നു. അടങ്ങിയിരിക്കാനും ഇരുന്നു ജോലിചെയ്യാനും പ്രയാസപ്പെടുന്നു.
8. പ്രകൃതിപരമായ മികവ്
മലകളും മരങ്ങളും മ്യഗങ്ങളും ജീവജാലങ്ങളും ഇവര്‍ക്കു പ്രിയപ്പെട്ടതാണ്. പരിസ്ഥിതി സ്‌നേഹം, വീട്ടില്‍ വളര്‍ത്തു മൃഗങ്ങളോടൊപ്പം ചെലവഴിക്കല്‍ എന്നിവ ഇവര്‍ക്കു രസകരമായ കാര്യങ്ങളാണ്.
പക്ഷി നിരീക്ഷണം, മൃഗസംരക്ഷണം തുടങ്ങിയവ ഇഷ്ട വിനോദങ്ങളില്‍ ചിലതാണ്.
9. വിശകലന മികവ്
വിഷയങ്ങളെ ഗ്രഹിക്കുന്നതിനു മുന്‍പ് അനേകം ചോദ്യങ്ങള്‍ ചോദിച്ച് അതിന്റെ അടിസ്ഥാനം അന്വേഷിച്ച് പുതിയ ആശങ്ങള്‍ നിര്‍മിക്കുന്നു. കവികള്‍, നോവലിസ്റ്റ്, ശാസ്ത്രജ്ഞര്‍ എന്നിവര്‍ ഇവരില്‍പെടുന്നു.
ഒരു വ്യക്തിയില്‍തന്നെ ഒന്നില്‍കൂടുതല്‍ മികവുകള്‍ കാണാവുന്നതാണ്. യേശുദാസ് സംഗീതത്തില്‍ കഴിവുതെളിയിച്ച വ്യക്തിയാണ്. എന്നാല്‍ അദ്ദേഹം നല്ലൊരു ചിത്രകാരന്‍കൂടിയാണ്.
ഇതില്‍ ഏതോണോ കൂടുതല്‍ മികച്ചു നില്‍ക്കുന്നതെന്നു മനസിലാക്കി കരിയര്‍ തെരഞ്ഞെടുക്കുന്നതായിരിക്കും ഉചിതം.
അങ്ങനെ തെരഞ്ഞെടുക്കുന്ന കോഴ്‌സും ജോലിയും ആസ്വദിക്കാനും തന്റെ കഴിവിനെ പൂര്‍ണമായും പുറത്തെടുക്കാനും അതു ലോകത്തിനു സമര്‍പ്പിക്കാനും കഴിയുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.