2019 February 16 Saturday
യഥാര്‍ഥ മഹാന്‍ ഒരിക്കലും തന്നെക്കുറിച്ച് അങ്ങനെ കരുതിയിട്ടേയുണ്ടാകില്ല!

നന്മമരം അഥവാ നിപിന്റെ അമ്മമരം

നിപിന് ശാന്ത അമ്മയാണ്. എന്നാല്‍ കലോത്സവവേദികളില്‍നിന്ന് വേദികളിലേക്ക് ബിരുദ വിദ്യാര്‍ഥിയായ മകനെയും ഒക്കത്തിരുത്തി നടന്നുപോകുന്ന ശാന്ത ഇന്നലെ കലോത്സവ വേദിയിലെ നന്മമര കാഴ്ചയായിരുന്നു. കലോത്സവ വേദികളില്‍ എത്തി കലോത്സവം കാണണമെന്ന മകന്റെ ആഗ്രഹപൂര്‍ത്തീകരണത്തിനായി ശാന്ത ഇന്നലെ മകനുമായി നെഹ്‌റു കോളജിലെത്തി. അമ്മയെന്ന നന്മമരം അവനെ ഒക്കത്തിരുത്തി എല്ലാവേദികളിലുമെത്തിച്ചു. അമ്മയ്‌ക്കൊപ്പം കൂട്ടുകാരും അവനെ സഹായിക്കാനെത്തി. ആനിക്കാടി പാലയ്ക്കടുത്ത് കൊടക്കാടെ ടി.വി നിപിന്‍ കുമാറിനെയുമെടുത്താണ് അമ്മ ശാന്ത ഇന്നലെ കലോത്സവിശേഷങ്ങള്‍ കാണിക്കാന്‍ നെഹ്‌റു കോളജ് കാംപസിലെത്തിയത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ നിപിന്‍ കുമാറിന് ജന്മനാ അരയ്ക്ക് താഴെ തളര്‍ന്നതാണ്. ചെറിയ ക്ലാസുകളിലെ പഠനം വീട്ടിനടുത്തുള്ള സ്‌കൂളുകളിലായിരുന്നു. പിന്നീട് കുട്ടമത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് പ്ലസ് ടു വിജയിച്ചു. ഇത്തവണ നെഹ്‌റു കോളജില്‍ മലയാളം ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് നിപിന്‍ കുമാര്‍. പഠനത്തിനായി എല്ലാ ദിവസവും ഓട്ടോറിക്ഷയിലാണ് നിപിന്‍ കോളജിലെത്തുക. തിരിച്ചും ഓട്ടോറിക്ഷയില്‍ തന്നെയാണ് വീട്ടിലെത്തുക. കലോത്സവദിവസം ഒരു ദിവസമെങ്കിലും കോളജിലെത്തണമെന്ന് അമ്മയോട് നിപിന്‍കുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ കോളജിലെത്തിയാല്‍ വേദികളിലെത്താനുള്ള ബുദ്ധിമുട്ടായിരുന്നു പ്രശ്‌നം. വേദികളില്‍ മകനെ ഒക്കത്തിരുത്തി എത്തിക്കാമെന്ന ഉറപ്പുനല്‍കി അമ്മ മകനുമായി ഇന്നലെ കാംപസിലെത്തി. ഓട്ടോറിക്ഷയില്‍ എത്തിയ ശേഷം ശാന്ത മകനെ ഒക്കത്തിരുത്തി ഓരോ വേദിയിലുമെത്തിച്ചു. ഒരു വേദിയില്‍ മകന്‍ മത്സര പരിപാടികള്‍ കണ്ടുമതിവരുന്നതു വരെ അമ്മ മകനൊപ്പമിരുന്നു. പിന്നെ മകനെയുമെടുത്ത് അടുത്ത വേദിയിലേക്ക്. എല്ലാ വേദികളിലും മകനെയുമെടുത്തെത്തി ഈ അമ്മ മരം നന്മമരമാകുന്ന കാഴ്ച കാംപസില്‍ ഇന്നലത്തെ കരുത്തുള്ള പെണ്ണനുഭവത്തിന്റെ കാഴ്ച കൂടിയായിരുന്നു.നിപിന്‍ കുമാര്‍ ഇതുവരെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ല. കൂലിപ്പണിക്കാരനായ പിതാവ് പി. കരുണാകരന്റെ ചെറിയ വരുമാനമാണ് നിപിന്റെ കുടുംബത്തിന്റെ ഏക ആശ്രയം. അമ്മ ശാന്ത വീട്ടമ്മയാണ്. നിപിന്‍ എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നുവെങ്കില്‍ ചികിത്സാ ചെലവ് ഉള്‍പ്പെടെയുള്ളവ നിറവേറ്റപ്പെടുമായിരുന്നു. എന്നാല്‍ ബധിര കര്‍ണങ്ങളിലാണ് ഇത്തരം ആവശ്യങ്ങളൊക്കെ പതിക്കുന്നതെങ്കിലും മകന്റെ പഠനത്തിന് മുന്നിലും ആവശ്യങ്ങള്‍ക്ക് മുന്നിലും ശാന്തയെന്ന നന്മമരത്തിന് പൂക്കാതിരിക്കാനാവില്ലല്ലോ.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.