2018 June 13 Wednesday
നിങ്ങളില്‍ തന്നെ വിശ്വസിക്കുവിന്‍. മഹാവിശ്വാസങ്ങളാണ് മഹാകര്‍മങ്ങളുടെ മാതാവ്.
-സ്വാമി വിവേകാനന്ദന്‍

നന്മപെറ്റ മക്കള്‍

കണ്ണൂരിലെ ജനങ്ങള്‍ ആളെ കൊല്ലാന്‍ മടിക്കാത്തവരാണെന്നു പറയുന്നവര്‍ അറിയണം, നന്മയുടെ ശിഖരങ്ങളായ ഈ മനുഷ്യരെക്കുറിച്ച്... ഇതു പോലെ ഒരുപാട് പേരുണ്ട്. രണ്ടു രൂപയ്ക്ക് ചികിത്സിക്കുന്ന വേണുഗോപാല്‍ ഡോക്ടര്‍ മുതല്‍ ജീവന്റെ വിലയോര്‍ത്ത് ജീവിതമാര്‍ഗമായ ഡ്രൈവര്‍ ജോലി മതിയാക്കിയിറങ്ങിയ രവീന്ദ്രന്‍ വരെ ആ നന്മ വിളിച്ചോതുകയാണ്

പുറത്തുള്ളവര്‍ക്ക് എന്നും പേടിപ്പെടുത്തുന്ന നാടാണ് കണ്ണൂര്‍. അക്രമരാഷ്ട്രീയത്തിന് എന്നും പഴി
കേള്‍ക്കേണ്ടി വരുന്നവര്‍. ഒന്നോ രണ്ടോ പേര്‍ ചെയ്യുന്ന തെറ്റിന്റെ പേരില്‍ കണ്ണൂരുകാരെ കൊലപാതകികളും അക്രമകാരികളുമായി മുദ്രകുത്താറുണ്ട് ചിലര്‍. എന്നാല്‍ സത്യത്തില്‍ കണ്ണൂരിലെ മനുഷ്യര്‍ പാവങ്ങളാണ്. നാട്യങ്ങളില്ലാത്ത, പൊള്ളത്തരങ്ങളില്ലാത്ത, തന്ത്രപൂര്‍വമായി ഒഴിഞ്ഞുമാറാന്‍ അറിയാത്തവരാണവര്‍. സ്‌നേഹം മാത്രം നല്‍കാന്‍ അറിയുന്ന നിഷ്‌കളങ്കരായ മനുഷ്യര്‍. ഈ സ്‌നേഹക്കൂടുതലാണ് ഇവരുടെ പ്രശ്‌നങ്ങളുടെ കാതലും.

കണ്ണൂരിലെ ജനങ്ങള്‍ ആളെ കൊല്ലാന്‍ മടിക്കാത്തവരാണെന്നു പറയുന്നവര്‍ അറിയണം, നന്മയുടെ വന്‍മരങ്ങളായ ഈ മനുഷ്യരെക്കുറിച്ച്… ഇവര്‍ മാത്രമല്ല, ഇതു പോലെ ഒരുപാട് പേരുണ്ട് കണ്ണൂരില്‍.
രണ്ടു രൂപയ്ക്ക് ചികിത്സിക്കുന്ന വേണുഗോപാല്‍ ഡോക്ടര്‍ മുതല്‍ ജീവന്റെ വിലയോര്‍ത്ത് ജീവിതമാര്‍ഗമായ ഡ്രൈവര്‍ ജോലി മതിയാക്കിയിറങ്ങിയ രവീന്ദ്രന്‍ വരെ കണ്ണൂരിന്റെ നന്മ വിളിച്ചോതുകയാണ്.

കണ്ണൂരിന്റെ ഡോക്ടര്‍

ആതുരസേവനം കച്ചവടമാക്കരുത്. ഇതായിരുന്നു കണ്ണൂരിലെ ഡോ. എ. ഗോപാലന്‍ നമ്പ്യാര്‍ക്ക് ഡോക്ടര്‍മാരായ മക്കള്‍ക്കു നല്‍കാനുണ്ടായിരുന്ന ഉപദേശം. പിതാവിന്റെ ഉപദേശം ഇവര്‍ക്ക് ഒരു ജീവിതവ്രതമായിരുന്നു. ഡോ. രൈരു ഗോപാലന്‍, ഡോ. വേണുഗോപാല്‍, ഡോ. രാജഗോപാല്‍ ഇവരാണ് ഡോ. എ. ഗോപാല നമ്പ്യാരുടെ മക്കള്‍. പിതാവ് തന്ന ഉപദേശം ഇന്നുവരെ തെറ്റിക്കാന്‍ തോന്നിയില്ലെന്നും ഈ സേവനത്തിലൂടെ സംതൃപ്തിയുണ്ടെന്നും മൂവരും തുറന്നു സമ്മതിക്കുന്നു. ഇവര്‍ക്കു കൂട്ടായി ഡോക്ടര്‍മാരായ ഭാര്യമാരും മക്കളും ഉണ്ട്.
കണ്ണൂര്‍ എല്‍.ഐ.സി ഓഫിസിനു സമീപത്തെ വീട്ടില്‍ ഡോ. രൈരു ഗോപാല്‍ പുലര്‍ച്ചെ നാലിനു പരിശോധന തുടങ്ങും. സഹായത്തിന് ആരെയും വച്ചിട്ടില്ല. വാതില്‍ തുറക്കലും രോഗികളെ വിളിക്കലും മരുന്നു കൊടുക്കലുമെല്ലാം ഡോക്ടര്‍ തന്നെ. ഫീസ് വെറും രണ്ടുരൂപ മാത്രം. മരുന്നടക്കം മുപ്പതു രൂപയില്‍ താഴെ ഒതുങ്ങും. പുറത്തു 300 രൂപയാകുന്നിടത്താണ് ഡോ. രൈരു ഗോപാല്‍ വ്യത്യസ്തനാകുന്നത്. പരിശോധനയില്‍ ഭാര്യ ഡോ. ശകുന്തളയും കൂടെയുണ്ടാകും. മകനായ ഡോ. ബാലഗോപാലും ഭാര്യയും പിതാവിന്റെ പാത പിന്തുടരുന്നു.

മുന്‍ഷി വേണു  ജോഫിന്‍ ജോസഫിനൊപ്പം

മുന്‍ഷി വേണു ജോഫിന്‍ ജോസഫിനൊപ്പം

പഴയങ്ങാടിയിലെ ജോഫിന്‍ ജോസഫ് ഉച്ചയ്ക്കു ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെയാണ് ഫേസ്ബുക്കില്‍ ആ വര്‍ത്ത കണ്ടത്. മിനി സ്‌ക്രീനിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകരെ ചിരിപ്പിച്ച മുന്‍ഷി വേണുവെന്ന നടന്‍ താമസിക്കാനൊരു ഇടമില്ലാതെ ധ്യാനകേന്ദ്രത്തില്‍ അഭയം തേടിയെന്ന വാര്‍ത്ത. ജോഫിനു കൂടുതലൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. ഉടന്‍ നാലുപേരടങ്ങുന്ന തന്റെ കുടുംബത്തിലേക്കു പുതിയ ഒരു അംഗമായി വേണുവിനെയും ക്ഷണിച്ചു. ചാലക്കുടിയിലെ ധ്യാനകേന്ദ്രത്തിലെത്തിയ ജോഫിന്‍ കണ്ടത് പല്ലില്ലാതെ ചിരിച്ചുകൊണ്ട് ചിരിപ്പിച്ച പഴയ ആ വേണുവിനെ അല്ല. കടുത്ത വൃക്കരോഗം ബാധിച്ച് എല്ലും തോലുമായി മാറിയ വേണുവിനെയായിരുന്നു. സിനിമാരംഗത്തെ ഒന്നോ രണ്ടോ പേരല്ലാതെ സഹായിച്ചില്ലെന്നും ഇദ്ദേഹം പറയുന്നു. 72ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുപോലും താരസംഘടനയായ ‘അമ്മ’യില്‍ അംഗത്വമെടുക്കാനുള്ള തുകയില്ലാത്തതിനാല്‍ സംഘടനയുമെത്തിയില്ല ഇദ്ദേഹത്തെ സഹായിക്കാന്‍.

“ഒടുവില്‍ ആരോരുമില്ലാത്ത മുന്‍ഷി വേണുവെന്ന ഈ നടനെ കൂടെക്കൂട്ടാന്‍ തീരുമാനിക്കുകയായിരുന്നു ജോഫിന്‍. വേണുവിന് ആഴ്ചയില്‍ മൂന്നുതവണ ഡയാലിസിസ് ചെയ്യണം. കണ്ണൂരിലെ ഡയാലിസിസ് കേന്ദ്രങ്ങള്‍ തേടിയിറങ്ങിയപ്പോഴാണ് ജോഫിന്‍ ചികിത്സാ ചെലവു തന്നെക്കൊണ്ട് കൂട്ടിയാല്‍ കൂടില്ലെന്നു മനസിലാക്കിയത്”

ഒടുവില്‍ ആരോരുമില്ലാത്ത ഈ നടനെ കൂടെക്കൂട്ടാന്‍ തീരുമാനിക്കുകയായിരുന്നു ജോഫിന്‍. വേണുവിന് ആഴ്ചയില്‍ മൂന്നുതവണ ഡയാലിസിസ് ചെയ്യണം. കണ്ണൂരിലെ ഡയാലിസിസ് കേന്ദ്രങ്ങള്‍ തേടിയിറങ്ങിയപ്പോഴാണ് ജോഫിന്‍ ചികിത്സാ ചെലവു തന്നെക്കൊണ്ട് കൂട്ടിയാല്‍ കൂടില്ലെന്നു മനസിലാക്കിയത്. മുന്‍ഷി വേണുവിന്റെ ചികിത്സാചെലവ് ജോഫിനെ ഭയപ്പെടുത്തിയെങ്കിലും ദൈവം തന്നെ ഇതിനു വഴി കാണിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഈ ചെറുപ്പക്കാരന്‍. എന്നാല്‍ കണ്ണൂരില്‍ ഇദ്ദേഹത്തിന് ഡയാലിസിസിനു സംവിധാനമില്ലാത്തതിനാല്‍ ഈ ക്ഷണം സ്‌നേഹപൂര്‍വം നിരസിക്കുകയായിരുന്നു മുന്‍ഷി വേണു.

നാസര്‍ എന്ന ഓട്ടോക്കാരന്‍  

നാസര്‍

നാസര്‍

ജീവിതത്തില്‍ ഒരിക്കലെങ്കിലും ഓട്ടോക്കാരുമായി തര്‍ക്കിക്കാത്തവര്‍ ചുരുക്കം. ഓരോ രൂപയ്ക്കും കണക്കു പറഞ്ഞ് വാങ്ങുന്ന ചിലരുണ്ട്.
അതൊക്കെ കൈകൊണ്ട് ഓട്ടോ ഓടിക്കുന്നവരുടെ കാര്യം. ഹൃദയംകൊണ്ട് ഓട്ടോ ഓടിക്കുന്നവര്‍ കണക്കു പറയില്ല. ചില്ലിക്കാശിനു കശപിശ കൂടില്ല. സേവനത്തിന്റെ ഭാഗമായി എവിടേക്കും ഓട്ടോ ഓടിക്കുമവര്‍. ആരും പറയാതെ ദുര്‍ബലര്‍ക്കുനേരെ  സഹായഹസ്തം നീളും. നാസറിനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത് ഓട്ടോയില്‍ പതിച്ച ബോര്‍ഡാണ്. മുണ്ടയാട് വൈദ്യര്‍പീടിക ബസ് സ്റ്റോപ്പിലെ ഈ ചെറുപ്പക്കാരന്റെ ഓട്ടോയില്‍ കയറി തിരിച്ചിറങ്ങുമ്പോള്‍ നാസര്‍ എന്ന ഓട്ടോ ഡ്രൈവറുടെ നല്ല മനസിനെ അഭിനന്ദിക്കാതെ ഇറങ്ങില്ല.
ദുര്‍ബലര്‍ക്കും അവശര്‍ക്കുംമെല്ലാം ആശ്വാസമാണ് നാസറിന്റെ ഓട്ടോ. ഡ്രൈവര്‍സീറ്റിനു പിറകിലാണ് ആ പോസ്റ്റര്‍. ഏഴു മാസത്തിനു ശേഷമുള്ള ഗര്‍ഭിണികള്‍ക്കും പാവപ്പെട്ട രോഗികള്‍ക്കും ആക്‌സിഡന്റില്‍പെടുന്നവര്‍ക്കും ഈ ഓട്ടോയില്‍ യാത്ര സൗജന്യമാണ്. ഏഴു കിലോമീറ്റര്‍ വരെ ചുറ്റളവിലാണീ സേവനം. നാസര്‍ നിലപാട് വ്യക്തമാക്കുന്നതും ഈ പോസ്റ്ററിലൂടെയാണ്. യാത്രക്കാരോട് ഒരു നിബന്ധനയും മുന്നോട്ടു വയ്ക്കുന്നു. ‘പുകവലിക്കരുത് ‘.
ഇതു വായിച്ചിട്ട് പറ്റിക്കാമെന്നു കരുതി ഓട്ടോയില്‍ കയറിയാല്‍ തെറ്റി. കയറുന്ന ആളിനെ അടിമുടി നാസര്‍ ശ്രദ്ധിക്കും. പാവങ്ങളെന്നു ബോധ്യമായാല്‍ മാത്രമേ സഹായിക്കുകയുള്ളൂ.
ഏതു പാതിരയ്ക്കു വിളിച്ചാലും രോഗികള്‍ക്കും പാവപ്പെട്ടവര്‍ക്കുംവേണ്ടി ഓടിയെത്തും നാസറിന്റെ ഓട്ടോ, ഞായറാഴ്ച ഒഴികെ. ഞായറാഴ്ചകളില്‍ ക്രിക്കറ്റും ഫുട്‌ബോള്‍ കളിയുമായി നാസര്‍ നാട്ടിലുണ്ടാവും. കാരുണ്യം, കായികം, കുടുംബം എന്നീ മൂന്നു കാര്യങ്ങളാണ് നാസറിന്റെ മുഖമുദ്ര.
ഓട്ടോചാര്‍ജില്‍ മാത്രം ഒതുങ്ങുന്നില്ല സാമൂഹികസേവനം. വീടിനടുത്തുള്ള നിര്‍ധന ഹൈന്ദവ കുടുംബത്തിന്റെ വിഷുവും ഓണവുമെല്ലാം നാസറിന്റെ വരുമാനത്തില്‍ നിന്നാണ്. കടുത്ത ജര്‍മന്‍ ഫുട്‌ബോള്‍ ടീം ആരാധകനായതിനാല്‍ ജര്‍മ്മന്‍ നാസര്‍ എന്നാണ് അറിയപ്പെടുന്നത്.
ചോദിക്കാന്‍ പാടില്ലാത്തതാണ്, എങ്കിലും ചോദിച്ചു. ഇങ്ങനെയൊക്കെ ചെയ്യുമ്പോള്‍ ചെലവൊക്കെ എങ്ങനെ നടക്കും. എല്ലാംകൂടി എങ്ങനെ മാനേജ് ചെയ്യുന്നു?
മറുപടി ഇങ്ങനെ: ‘ഈ ചെയ്യുന്നത് ഒന്നും പ്രതീക്ഷിച്ചല്ല. ആരെയും അറിയിക്കാനും വേണ്ടിയല്ല. പക്ഷെ, ദൈവം ഇതുവരെ എന്റേയും കുടുംബത്തിന്റേയും അന്നം മുട്ടിച്ചിട്ടില്ല. കൈയീന്നു കൊടുക്കുന്നത് ഒരു നല്ല കാര്യത്തിനായോണ്ട് പടച്ചോന്‍ കൈവിടൂല…’

സത്താറിന്റെ ആഘോഷം

സത്താര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ സേവനത്തിനിടെ

സത്താര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ സേവനത്തിനിടെ

അവധിക്കാലത്തു നാട്ടിലെത്തുന്ന പ്രവാസികളില്‍ 99 ശതമാനവും കുടുംബത്തോടപ്പം ചെലവിഴിക്കാനാണ് ഇഷ്ടപ്പെടുന്നത്. എന്നാല്‍ കണ്ണൂര്‍ സിറ്റി ആനയിടുക്കിലെ സത്താര്‍ അവധിയാഘോഷിക്കുന്നത് ആതുരസേവനം നടത്തിയാണ്. ബഹ്‌റൈനില്‍ നിന്ന് അവധിക്കെത്തുന്ന സത്താറിനെ വീട്ടുകാര്‍ക്കു കാണണമെങ്കില്‍ ജില്ലാ ആശുപത്രി വരെ പോകേണ്ടി വരും, പരസഹായമില്ലാത്തവരെ സഹായിക്കുന്ന സത്താറിനെ കാണാന്‍.
എല്ലാ വര്‍ഷവും നാട്ടിലെത്തുന്ന സത്താര്‍ ഒരു ദിവസം നാലു മണിക്കൂറിലധികം ജില്ലാ ആശുപത്രിയുടെ ഇടനാഴികളിലൂടെ ആരുമില്ലാത്ത രോഗികള്‍ക്കു വേണ്ടി ഓടിനടക്കും. സഹായിക്കുന്ന രോഗികള്‍ ഏതു മതസ്ഥരാണോ, ഏതു ജാതിയില്‍പെട്ടയാളാണോ ഒന്നും നോക്കാറില്ല. പ്രായം ചെന്നവരെ കൈപിടിച്ച് ഡോക്ടറുടെ അടുത്തെത്തിച്ച് മരുന്നു വാങ്ങിനല്‍കി ഓട്ടോയില്‍ കയറ്റി വിട്ടിട്ടാണ് അടുത്ത രോഗിയുടെ സമീപത്തേക്കു നീങ്ങുക. ഇങ്ങനെ വിശ്രമമില്ലാതെ സേവനം ചെയ്യുന്നതില്‍ അതീവ സന്തോഷവാനാണ് സത്താര്‍. ഒപ്പം കുടുംബത്തിന്റെ അകമഴിഞ്ഞ സപ്പോര്‍ട്ടും സത്താറിനുണ്ട്.
ദിവസം ഒരു രോഗിയെയെങ്കിലും സന്ദര്‍ശിക്കണമെന്ന പ്രവാചകന്റെ വാക്കുകള്‍ ഉള്‍ക്കൊണ്ടാണ് സത്താര്‍ ആതുരസേവന രംഗത്തേക്ക് ഇറങ്ങിപ്പുറപ്പെട്ടത്. വല്ലാത്ത അനുഭൂതിയും ആനന്ദവുമാണ് ഈ നാളുകളില്‍ താനനുഭവിക്കുന്നതെന്നു സത്താര്‍ പറയുന്നു. അദ്ദേഹത്തിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ കണ്ടവര്‍ക്ക് തെല്ലും അതിശയോക്തി തോന്നില്ല.

വേണ്ട എനിക്കീ ആളെ കൊല്ലുന്ന ജോലി

untitled-3

രവീന്ദ്രന്‍

അമിതവേഗതയില്‍ വണ്ടിയോടിക്കാനാവില്ലെന്ന തിരിച്ചറിവില്‍ ജോലി ഉപേക്ഷിക്കുന്ന ആദ്യത്തെ ഡ്രൈവറായിരിക്കും കണ്ണൂര്‍ പിലാത്തറയിലെ രവീന്ദ്രന്‍. അന്നു സംഭവിച്ചതിനെക്കുറിച്ച് രവീന്ദ്രന്‍ തന്നെ പറയുന്നു: അമിതവേഗതയില്‍ ബസ് ഓടിക്കാന്‍ കണ്ടക്ടര്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് ബസ്് പാതിവഴിയില്‍ നിര്‍ത്തി.
മാനസിക സംഘര്‍ഷവും പേറി വണ്ടി വേഗത്തിലെടുത്താല്‍ അപകടത്തിലേ അവസാനിക്കൂ എന്നു തോന്നി. മനസിനു വലിയ വിഷമമായി. ഇനി ബസ് ഓടിക്കാന്‍ സാധിക്കില്ലെന്ന തോന്നലുണ്ടായതോടെയാണു ബസ് ഒതുക്കിയിട്ടു ഡ്രൈവിങ് സീറ്റില്‍ നിന്ന് ഇറങ്ങിയത്. തുടര്‍ന്നു പയ്യന്നൂരിലുള്ള ബസ് ഉടമയെ വിളിച്ചു സംഭവം അറിയിച്ചു. അന്നു വൈകിട്ട് ആറിനു ഉടമയുടെ പയ്യന്നൂരിലെ വീട്ടില്‍ ബസ് എത്തിച്ചാണു മടങ്ങിയത്. പിന്നീട് എന്നന്നേക്കുമായി ഡ്രൈവര്‍ ജോലിയില്‍ നിന്നും ഇറങ്ങിനടന്നു.
കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി അദ്ദേഹത്തിന്റെ തന്നെ ബസുകളിലാണ് ജോലി ചെയ്തുവരുന്നത്. ഇരുപതിലേറെ വര്‍ഷമായി ചെയ്യുന്ന ജോലി വേണ്ടെന്നു വയ്ക്കുന്നതും ഏറെ ആലോചിച്ചാണ്. തന്റെ തീരുമാനത്തെ ഭാര്യ രേണുകയും മക്കളായ രവീണയും വിഷ്ണുവും പിന്തുണച്ചു. 1995 മുതലാണ് ബസ് ഓടിക്കാന്‍ തുടങ്ങിയത്. ഇതുവരെ ഒരു അപകടം പോലും ഉണ്ടായിട്ടില്ല. ഇനി ഇതുപോലെ യാത്രക്കാരുടെ ജീവന്‍ പണയംവച്ച് ബസ് ഓടിക്കാന്‍ നിര്‍ബന്ധിതനായേക്കാമെന്ന ഭയം ഉള്ളതിനാലാണ് എന്നേക്കുമായി രവീന്ദ്രന്‍ ബസിന്റെ വളയം ഉപേക്ഷിക്കുന്നത്.

 

 

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.