2020 June 01 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

നന്ദി, കുഞ്ഞിളം പുഞ്ചിരി തിരികെ തന്നതിന്

 

കൊച്ചി: കളിചിരി നിറഞ്ഞ ജീവിതത്തിലേക്കു മടങ്ങിയ സന്തോഷത്തിലാണ് മൂന്നു വയസുകാരന്‍ മുഹമ്മദ് ഹൈദാന്‍. അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രം കണ്ടുവരുന്ന ശ്വാസകോശ മുഴയായ പ്ലൂറോ പള്‍മണറി ബ്ലാസ്റ്റോമ എന്ന രോഗത്തില്‍നിന്ന് മുക്തി നേടിയതിന്റെ ആശ്വാസത്തിലാണ് ഹൈദാനും കുടുംബവും.
ലോകപ്രശസ്ത കാന്‍സര്‍ വിദഗ്ധന്‍ ഡോ. വി.പി ഗംഗാധരന്‍ മുന്നില്‍നിന്നു നയിച്ചപ്പോള്‍ എറണാകുളം മെഡിക്കല്‍ സെന്ററിലെ കണ്‍സള്‍ട്ടിങ് കാര്‍ഡിയോ തൊറാസിക് സര്‍ജന്‍ ഡോ. നാസര്‍ യൂസുഫിനും പീഡിയാട്രീഷ്യന്‍ ഡോ. ടി.വി രവിയ്ക്കും ആത്മവിശ്വാസമായി. കേരളത്തില്‍ ആദ്യമായി ചെയ്യുന്ന പ്ലൂറോ പള്‍മണറി ബ്ലാസ്റ്റോമ ഓപ്പറേഷന്‍ മിഷന്‍ ഡോ. നാസര്‍ യൂസുഫിന്റെ നേതൃത്വത്തിലുള്ള സംഘം ഏറ്റെടുക്കുകയായിരുന്നു.
17 കിലോ തൂക്കം ഉണ്ടായിരുന്ന കുട്ടി ശസ്ത്രക്രിയാ സമയത്ത് ഏഴു കിലോ മാത്രമായി കുറഞ്ഞു. ഡോക്ടര്‍ വി.പി ഗംഗാധരന്‍ തന്ന ധൈര്യമാണ് തന്നെ മുന്നോട്ട് നയിച്ചതെന്ന് ഡോ. നാസര്‍ യൂസുഫ് പറഞ്ഞു. ലോകത്ത് ഇതുവരെ 204 കുട്ടികളില്‍ മാത്രമേ ഈ രോഗം കണ്ടെത്തിയിട്ടുള്ളൂ. ശ്വാസകോശത്തെ കാര്‍ന്നു തിന്നുന്ന അസുഖമാണ് പ്ലൂറോ പള്‍മണറി ബ്ലാസ്റ്റോമ.
കോഴിക്കോട് കടലുണ്ടി സ്വദേശിയും യു.എ.ഇയില്‍ പ്രവാസിയുമായ ഉദൈഫ ഹൈദാന്‍- ജുബീന ദമ്പതികളുടെ മൂത്തമകനാണ് മുഹമ്മദ് ഹൈദാന്‍. ഹൈദാന് ഒരു മാസം മുമ്പ് ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് യു.എ.ഇയിലെ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് അപൂര്‍വ രോഗം കണ്ടെത്തിയത്. പ്രതീക്ഷയ്ക്ക് യാതൊരു വകയുമില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. തുടര്‍ന്ന് ഡോ. വി.പി ഗംഗാധരനെ ബന്ധപ്പെടുകയായിരുന്നു.
അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം യു.എ.ഇയില്‍ നിന്ന് എറണാകുളം വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രിയില്‍ കുട്ടിയെ എത്തിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ ശ്വാസകോശത്തിന്റെ രണ്ട് അറകളില്‍ വലതുഭാഗം പൂര്‍ണമായും ഇടത് അറയുടെ 70 ശതമാനത്തോളവും മുഴ വ്യാപിച്ച അവസ്ഥയിലും കരള്‍ അടിവയറ്റിലേക്ക് തള്ളിയിറങ്ങിയ നിലയിലുമായിരുന്നു കുട്ടി. ജീവന്‍ തിരിച്ചുപിടിക്കാന്‍ അടിയന്തര ശസ്ത്രക്രിയയിലൂടെ മാത്രമേ സാധിക്കൂവെന്ന് മനസിലാക്കിയ ഡോ. ഗംഗാധരന്‍ കാര്‍ഡിയോ തൊറാസിക് സര്‍ജനായ ഡോ.നാസര്‍ യൂസുഫിനെ ബന്ധപ്പെട്ട് കുട്ടിയുടെ അവസ്ഥ വിവരിച്ചു.
ശ്വാസകോശം ചുരുങ്ങിയ നിലയിലായിരുന്നതിനാല്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുന്നതും ശസ്ത്രക്രിയ നടത്തുകയെന്നതും അതീവ ദുഷ്‌കരമായിരുന്നു. ശസ്ത്രക്രിയയ്ക്കും തുടര്‍ചികിത്സയ്ക്കും എറണാകുളം മെഡിക്കല്‍ സെന്ററിലെ ശിശുരോഗവിദഗ്ധനായ ഡോ. ടി.വി രവിയുടെയും അനസ്‌തെറ്റിസ്റ്റുമാരായ ഡോ. മാത്യു വര്‍ഗീസ്, ഡോ. ദീപക് ആര്‍. നായര്‍ , നെഫ്രോളജിസ്റ്റ് ഡോ. ജിതിന്‍ എസ് കുമാര്‍ എന്നിവരുടെ സേവനം കൂടി ഉറപ്പാക്കി മെഡിക്കല്‍ സെന്ററില്‍ ശസ്ത്രക്രിയ നടത്തുന്നതിന് തീരുമാനിക്കുകയായിരുന്നു.
തുടര്‍ന്ന് ഡോ. നാസര്‍ യൂസുഫിന്റെ നേതൃത്വത്തിലുള്ള സംഘം ഏഴു മണിക്കൂറെടുത്ത് ഓപ്പണ്‍ സര്‍ജറിയിലൂടെ ഒന്നരക്കിലോ ഭാരമുള്ള മുഴ നീക്കം ചെയ്തു. മുഴ നീക്കിയപ്പോള്‍ തന്നെ പൂര്‍ണമായും ചുരുങ്ങിപ്പോയ ഇടത് ശ്വാസകോശവും 70 ശതമാനം വരെ ചുരുങ്ങിയ വലത് ശ്വാസകോശവും പൂര്‍വസ്ഥിതി പ്രാപിച്ചു. ശസ്ത്രക്രിയയ്ക്കു ശേഷം രണ്ടാഴ്ചത്തെ ആശുപത്രി വാസം കഴിഞ്ഞ് മുഹമ്മദ് ഹൈദാന്‍ നാട്ടിലേയ്ക്കു മടങ്ങി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.