2019 February 22 Friday
ശരീരത്തിനു സൗന്ദര്യം എന്നതുപോലെയാണ് മനസ്സിന് തെളിമയാര്‍ന്ന ചിന്ത -ലാറേഷ് ഫുക്കോള്‍ഡ്

നടുസ്ഥലത്തുനിന്നു ബി.ജെ.പി ചായുന്നതെങ്ങോട്ട് ?

നിയമസഭയുടെ നടപ്പുസമ്മേളനത്തില്‍ ഏറ്റവുമധികം ചര്‍ച്ച നടന്നത് ഇരു മുന്നണികള്‍ക്കും ബി.ജെ.പിയുമായുള്ള ബന്ധത്തെക്കുറിച്ചാണ്. ബി.ജെ.പി ബന്ധത്തിന്റെ പേരില്‍ ഭരണപക്ഷവും പ്രതിപക്ഷവും പരസ്പരം കുറ്റപ്പെടുത്താത്ത ദിവസങ്ങളുണ്ടായിരുന്നില്ല. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ സഭയിലെ ഏക ബി.ജെ.പി അംഗം ഒ. രാജഗോപാലിന്റെ ഊഴംവന്ന ദിവസമായിരുന്നു ഇന്നലെ. രാജഗോപാല്‍ എന്തു പറയുന്നു എന്നറിയാന്‍ കാതുകൂര്‍പ്പിച്ചിരുന്ന സഭയില്‍, തല്‍കാലം ബി.ജെ.പിക്കു ഭരണപക്ഷത്തോട് എതിര്‍പ്പില്ലെന്നാണ് അദ്ദേഹം പറയാതെ പറഞ്ഞുവച്ചത്.

താന്‍ നടുസ്ഥലത്താണ് നില്‍ക്കുന്നതെന്നു പറഞ്ഞാണ് രാജഗോപാല്‍ പ്രസംഗം ആരംഭിച്ചത്. എന്നാല്‍, എല്‍.ഡി.എഫ് സര്‍ക്കാരിനു ഭരിക്കാന്‍ അവസരം കൊടുക്കണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. നയപ്രഖ്യാപനത്തില്‍ ചില നല്ല കാര്യങ്ങളുണ്ടെന്നു പ്രശംസിക്കാനും മറന്നില്ല. യു.ഡി.എഫിലല്ലെങ്കിലും രാജഗോപാല്‍ സാങ്കേതികമായി പ്രതിപക്ഷത്താണ്.

നയപ്രഖ്യാപനത്തെ എതിര്‍ക്കുന്നു എന്നു പറയുകയാണ് സാധാരണ പ്രതിപക്ഷ രീതി. അതു പറയാതെയാണ് രാജഗോപാല്‍ പ്രസംഗം അവസാനിപ്പിച്ചത്. എന്നാല്‍, പ്രമേയത്തെ അനുകൂലിക്കുന്നു എന്നും പറഞ്ഞില്ല.

രാജഗോപാലിന്റെ പ്രസംഗത്തില്‍ പൊതിഞ്ഞുവച്ച രാഷ്ട്രീയം തിരിച്ചറിഞ്ഞ മട്ടില്‍ ക്രമപ്രശ്‌നവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എഴുന്നേറ്റു. ഒന്നുകില്‍ പ്രമേത്തെ എതിര്‍ക്കുന്നെന്നോ അല്ലെങ്കില്‍ അനുകൂലിക്കുന്നെന്നോ പറയണമെന്നു തിരുവഞ്ചൂര്‍ പറഞ്ഞെങ്കിലും രാജഗോപാലില്‍നിന്നു മറുപടിയുണ്ടായില്ല.

ധനമന്ത്രിസ്ഥാനം ഏറ്റെടുത്ത ഉടന്‍ തോമസ് ഐസക് പ്രഖ്യാപിച്ച, സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ച ധവളപത്രം പുറത്തുവന്ന ദിവസമായിരുന്നു ഇന്നലെ. വന്നത് ഇംഗ്ലീഷിലുള്ള ‘വൈറ്റ് പേപ്പര്‍’. ഇതു വായിച്ചു മനസിലാക്കാന്‍ പ്രയാസമാണെന്ന് ചില അംഗങ്ങളുടെ പരാതി. എന്നാല്‍, കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ഇറക്കിയ രണ്ടു ധവളപത്രങ്ങളും ഇംഗ്ലീഷില്‍ തന്നെയായിരുന്നെന്ന് ഐസക്കിന്റെ മറുപടി. ഭാഷ എന്തായാലും ഇതില്‍ വലിയ പുതുമയൊന്നുമില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. കഴിഞ്ഞ സര്‍ക്കാരിനു മുന്നില്‍ ഉദ്യോഗസ്ഥര്‍ അവതരിപ്പിച്ച കാര്യങ്ങള്‍തന്നെയാണ് ധവളപത്രത്തിലുള്ളത്.
പ്രതിസന്ധി പരിഹാരത്തിനു നിര്‍ദേശിച്ചിരിക്കുന്ന പ്രധാനകാര്യം ചെലവ് ചുരുക്കലാണ്. അതത്ര എളുപ്പമാവില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ കരുത്തിനെ പുകഴ്ത്തിക്കാട്ടിയാണ് വി. ജോയി സംസാരിച്ചത്. ഇതു പിണറായിയെ സുഖിപ്പിച്ചു വീഴ്ത്താനാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എന്നാല്‍, താന്‍ കരുത്തനൊന്നുമല്ലെന്നും ആരെങ്കിലും പുകഴ്ത്തിയാല്‍ അതില്‍ വീഴുന്നയാളല്ലെന്നും പിണറായിയുടെ മറുപടി.

സഭയില്‍ കവിതയെഴുത്തിന്റെ കുത്തകാവകാശം മന്ത്രി ജി. സുധാകരനു വിട്ടുകൊടുക്കാന്‍ കന്നിക്കാരനായ എല്‍ദോസ് കുന്നപ്പിള്ളി തയാറല്ല. നിമിഷകവിയായ എല്‍ദോസ് സഭയിലിരുന്നുകൊണ്ടുതന്നെ കവിതയെഴുതി. വിഷയം നയപ്രഖ്യാപനത്തിലെ വാചകങ്ങള്‍. ബാര്‍ മുതലാളിമാരുടെ ഒത്താശയോടെയാണ് നയപപ്രഖ്യാപനം തയാറാക്കിയതെന്ന് ആ കവിത ചൊല്ലിക്കൊണ്ട് എല്‍ദോസ് സമര്‍ഥിച്ചു. എം.എം മണിയില്‍നിന്ന് ഒരു വണ്‍, ടു, ത്രീ മോഡല്‍ കിടിലന്‍ പ്രസംഗം പ്രതീക്ഷിച്ച സഭയ്ക്കു നിരാശപ്പെടേണ്ടി വന്നു. മണി നടത്തിയത് കാര്യമായി ആരെയും പ്രകോപിപ്പിക്കാത്ത നല്ലൊരു രാഷ്ട്രീയ പ്രസംഗം. ജെ.എന്‍.യുവില്‍നിന്നു വന്ന പി. മുഹമ്മദ് മുഹ്‌സിന്‍ ദേശീയ രാഷ്ട്രീയത്തില്‍ സ്പര്‍ശിച്ചാണ് സംസാരിച്ചത്. കഴിഞ്ഞ സര്‍ക്കാര്‍ നടപ്പാക്കിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങളാണെന്നാണ് മുഹ്‌സിന്റെ കണ്ടെത്തല്‍. ഇടതുപക്ഷത്തു ചേര്‍ന്നതില്‍പിന്നെ കെ.ബി ഗണേഷ്‌കുമാര്‍ ജാതിമത ശക്തികളുടെ കടുത്ത ശത്രുവാണ്.

ജാതി തിരിച്ച് കോളജുകള്‍ അനുവദിക്കുന്ന രീതി നിര്‍ത്തണമെന്നാണ് ഗണേഷ് കുമാറിന്റെ നിര്‍ദേശം. പ്രതിപക്ഷനേതാവിന്റെ പദവിക്കു ചേര്‍ന്ന രീതിയില്‍തന്നെയായിരുന്നു ചെന്നിത്തലയുടെ പ്രസംഗം. സര്‍ക്കാരിന് പ്രായം ഒരു മാസം മാത്രമാണെങ്കിലും അതിനിടയില്‍ സംഭവിച്ച പാളിച്ചകള്‍ ചെന്നിത്തല എടുത്തുപറഞ്ഞു. സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്‌സിഡിയുള്ള 13 ഇനങ്ങളുടെ വില വര്‍ധിപ്പിക്കില്ലെന്ന പ്രഖ്യാപനം ചൂണ്ടിക്കാട്ടിക്കൊണ്ട്, അപ്പോള്‍ മറ്റു സാധനങ്ങളുടെയൊക്കെ വില കൂട്ടുമോയെന്ന് ചെന്നിത്തലയുടെ ചോദ്യം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു നടന്ന ചില വികസനപ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി, അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാതെ അല്‍പംപോലും മുന്നോട്ടുപോകാനാവില്ലെന്ന് സര്‍ക്കാരിനു മോന്‍സ് ജോസഫിന്റെ ഉപദേശം. സമയപരിധിക്കപ്പുറം കടക്കാതിരിക്കാന്‍ ചര്‍ച്ചയില്‍ പങ്കെടുത്തവരെല്ലാം ഇന്നലെയും ശ്രദ്ധിച്ചു. സഭ ഇനി ബജറ്റ് അവതരണത്തിനായി ജൂലൈ എട്ടിനായിരിക്കും ചേരുക.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.