2019 April 26 Friday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

നടുവൊടിക്കുന്നു

രൂപയുടെ മൂല്യം ഇടിഞ്ഞു 71
പെട്രോള്‍ 85.93 
ഡീസല്‍7 4.54

രൂപക്ക് തിരിച്ചടി

മുംബൈ: രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഇതാദ്യമായാണ് ഡോളറിനെതിരേ രൂപയുടെ മൂല്യമിടിഞ്ഞ് 71 നിലവാരത്തിലെത്തിയത്. ഇന്നലെ ഉച്ചക്ക് രണ്ടിന് ഡോളറിന്റെ വിനിമയ നിരക്ക് 70.94 ആയിരുന്നു. എന്നാല്‍ ഇന്ത്യന്‍ കറന്‍സിയാകട്ടെ ഡോളറിനെതിരേ 71ലാണ് വിനിമയം അവസാനിപ്പിച്ചത്.
അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കൂടുന്നതും ഡോളറിന്റെ ആവശ്യം വര്‍ധിച്ചതുമാണ് രാജ്യത്തെ കറന്‍സിക്ക് തിരിച്ചടിയാകുന്നത്. ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര യുദ്ധം മൂര്‍ച്ഛിച്ചതുകാരണം ചൈനയുടെ യുവാന്‍ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ കറന്‍സികളുടെ മൂല്യത്തിലും ഇടിവുണ്ടായിട്ടുണ്ട്.
ദക്ഷിണ കൊറിയന്‍ കറന്‍സിക്ക് 0.389 ശതമാനവും ഇന്തോനേഷ്യന്‍ റുപ്പിയക്ക് 0.204 ശതമാനവും ഫിലിപ്പീന്‍ പെസോയ്ക്ക് 0.11 ശതമാനവും തായ്‌വാന്‍ ഡോളറിന് 0.101 ശതമാനവും മലേഷ്യന്‍ റിങ്കിറ്റിന് 0.085 ശതമാനവും തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.
രൂപയുടെ മൂല്യം കുറയുന്നത് വിദേശ വായ്പയെടുത്ത കമ്പനികള്‍ക്ക് ദോഷം ചെയ്യും.

ദുരിതത്തിലാക്കി ഇന്ധനവില കുതിച്ചുയരുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങളെ ദുരിതത്തിലാക്കി ഇന്ധന വില കുതിച്ചുയരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടലുകളുണ്ടാകാത്ത സാഹചര്യവും നിലവിലുണ്ട്.
ഇന്നലെ ഡല്‍ഹിയില്‍ പെട്രോളിന് ലിറ്ററിന് 78.52 രൂപയും ഡീസലിന് 70.21 രൂപയുമായി വര്‍ധിച്ചിരിക്കുകയാണ്. കഴിഞ്ഞ വ്യാഴാഴ്ചമുതല്‍ പെട്രോളിന് ലിറ്ററിന് 22 പൈസ നിരക്കില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഡീസലിനാകട്ടെ 28 പൈസ നിരക്കിലും. മുംബൈയില്‍ വ്യാഴാഴ്ച പെട്രോള്‍ വില ലിറ്ററിന് 85.72 രൂപയായിരുന്നത് ഇന്നലെ 85.93 രൂപയായി വര്‍ധിച്ചിട്ടുണ്ട്. ഡീസലിന് വ്യാഴാഴ്ച 74.24 രൂപയെന്നത് 74.54 ആയി വര്‍ധിച്ചിരിക്കുകയാണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തുമ്പോള്‍ വിലനിലവാരത്തില്‍ ഉയര്‍ച്ചയാണ് ഉണ്ടാകുന്നത്. കൊല്‍ക്കത്തയില്‍ പെട്രോള്‍ വില 81.44 രൂപയിലെത്തിയപ്പോള്‍ ചെന്നൈയില്‍ 81.58 രൂപയാണ് ലിറ്റര്‍ വില. ഡീസലിന് കൊല്‍ക്കത്തയില്‍ 73.06 രൂപയും ചെന്നൈയില്‍ 74.18 രൂപയുമാണ്.
രാജ്യത്തെ എല്ലാ നഗരങ്ങളില്‍ നിന്നും വ്യത്യസ്തമായി കുറഞ്ഞ വാറ്റ് ഈടാക്കുന്നതുകാരണം ഡല്‍ഹിയിലാണ് ഇന്ധന വിലയില്‍ കുറവുണ്ടായിരുന്നത്.
എന്നാല്‍ ഇതെല്ലാം കാറ്റില്‍ പറത്തിയാണ് ഇപ്പോള്‍ വില കുതിച്ചുയരുന്നത്. പെട്രോള്‍ ലിറ്ററിന് 45 മുതല്‍ 50 രൂപവരെയാണ് വിവിധ നികുതി നിരക്കുകള്‍. ഡീസലിന് 35 രൂപ മുതല്‍ 40 രൂപവരെയും.
അമേരിക്കന്‍ ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ മൂല്യം ഇടിയുന്നതും കനത്ത തിരിച്ചടിയാവുകയാണ്. അസംസ്‌കൃത എണ്ണയുടെ വില ഉയരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ്യത്ത് ഇന്ധന വില കുതിച്ചുകയറാന്‍ കാരണമാകുന്നതെന്ന് ഓയില്‍ മാര്‍ക്കറ്റിങ് കമ്പനികള്‍ പറയുന്നു.
ഇതിനിടയില്‍ അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധവും അസംസ്‌കൃത എണ്ണ വിലയില്‍ കുതിച്ചു ചാട്ടത്തിന് കാരണമാകുന്നുണ്ട്.
ഇന്ധന വിലയുടെ കനത്ത ഭാരം വഹിക്കേണ്ടി വരുന്ന സ്വന്തം രാജ്യത്തെ ജനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.

 

ജി.ഡി.പി ഉയര്‍ന്നു – 8.2

ന്യൂഡല്‍ഹി: രൂപയുടെ മൂല്യം ഇടിഞ്ഞതിന് പിന്നാലെ ജൂണ്‍ പാദത്തിലെ ജി.ഡി.പി നിരക്ക് പുറത്തുവന്നു. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ജി.ഡി.പി 8.2 ശതമാനമാണെന്നാണ് സര്‍ക്കാര്‍ കണക്ക്.

 

പെട്രോള്‍-ഡീസല്‍ വില

തിരുവനന്തപുരം – 81.98-75.39
തൃശൂര്‍ –                      81.22-74.68
മലപ്പുറം –                   81.73-75.16
കണ്ണൂര്‍ –                      80.04-74.53
കോഴിക്കോട് –         81.03-74.53
എറണാകുളം –        80.76-74.25

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News