2020 May 29 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍പാത അട്ടിമറി; സായാഹ്ന ധര്‍ണ ഇന്ന്

കല്‍പ്പറ്റ: നഞ്ചന്‍കോട്-നിലമ്പൂര്‍ റയില്‍പാതക്ക് ലഭ്യമായ അനുമതികളും ഫണ്ടും തലശ്ശേരി പാതക്കുവേണ്ടി വകമാറ്റി നഞ്ചന്‍കോട്-നിലമ്പൂര്‍ പാത അട്ടിമറിക്കുന്ന കേരള സര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരേ നീലഗിരി-വയനാട് എന്‍.എച്ച് ആന്‍ഡ് റയില്‍വേ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് സായാഹ്ന ധര്‍ണ നടത്തും. കല്‍പ്പറ്റ വിജയ പമ്പ് പരിസരത്ത് വൈകുന്നേരം അഞ്ചിന് ധര്‍ണ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കേരളത്തിന് മുഴുവന്‍ പ്രയോജനം ചെയ്യുന്ന നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍പാത കേവലം കണ്ണൂര്‍ ജില്ലയുടെ പ്രാദേശിക താല്‍പ്പര്യങ്ങള്‍ മാത്രം മുന്‍നിര്‍ത്തി അട്ടിമറിക്കുകയാണ്. കേന്ദ്ര ബജറ്റിലോ, സംസ്ഥാന ബജറ്റിലോ ഉള്‍പ്പെടാതിരുന്ന തലശ്ശേരി-മൈസൂര്‍ റെയില്‍പാതയാണ് ചിലര്‍ ഭരണസ്വാധീനം ഉപയോഗിച്ച് പിന്‍വാതിലിലൂടെ മുന്നോട്ടു കൊണ്ടുവന്നത്. നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍പാത അട്ടിമറിച്ച് തലശ്ശേരി-മൈസൂര്‍ റെയില്‍പാത നടപ്പാക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് ഇവരുടെ പ്രവര്‍ത്തനം. റെയില്‍പാതക്കു വേണ്ടി വയനാട്ടിലെ ജനങ്ങളെ തമ്മിലടിപ്പിക്കുകയും വിഭജിപ്പിക്കുകയും ചെയ്യുന്ന പ്രവൃത്തികളാണ് കണ്ണൂര്‍ ജില്ല കേന്ദ്രീകരിച്ച ഈ ലോബി ചെയ്തു കൊണ്ടിരിക്കുന്നത്. നഞ്ചന്‍കോട്-നിലമ്പൂര്‍ പാതയെ തഴയുകയും അവഗണിക്കുകയും ചെയ്യുന്ന ആത്മാര്‍ത്ഥതയില്ലാത്ത സമീപനമാണ് കേരള സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി. തലശ്ശേരി-മൈസൂര്‍ പാതക്കു വേണ്ടി 18 കോടി രൂപ മുടക്കിയാണ് കുടകു വഴി സര്‍വ്വേ നടത്തിയത്. എന്നാല്‍ കര്‍ണ്ണാടകയില്‍ നിന്നുള്ള ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് അത് ഉപേക്ഷിക്കേണ്ടിവന്നു. ഇപ്പോള്‍ കബനീനദിക്കടിയിലൂടെ 11 കി.മീ.ലധികം തുരങ്കം നിര്‍മിച്ച് പാത നിര്‍മിക്കാനുള്ള സാധ്യതാപഠനത്തിന് ഫണ്ട് അനുവദിച്ചിരിക്കുകയാണ്. ഇതിനെതിരേയും കര്‍ണ്ണാടകയില്‍ പ്രതിഷേധം ശക്തമായിക്കഴിഞ്ഞു. രണ്ട് പാതകളും യോജിപ്പിച്ച് ഒരു പാതയായി നിര്‍മിക്കാനുള്ള ശ്രമങ്ങളും നടത്തിവരുന്നുണ്ട്. എന്നാല്‍ 14 ശതമാനത്തോളം ലാഭമുണ്ടാക്കുന്ന നഞ്ചന്‍കോട്-നിലമ്പൂര്‍ റയില്‍പാതയെ നാല് ശതമാനം നഷ്ടം വരുത്തുന്ന തലശ്ശേരി-മൈസൂര്‍ പാതയുമായി കൂട്ടി യോജിപ്പിച്ചാല്‍ ഫലത്തില്‍ രണ്ട് പാതകളും ഇല്ലാതാവും. ഇങ്ങനെ ഒരു പദ്ധതിക്ക് നിരവധി നിയമ, സാങ്കേതിക അനുമതികള്‍ ലഭ്യമാക്കേണ്ടതുമുണ്ട്. രണ്ട് പാതകളും രണ്ടായിത്തന്നെ നടപ്പാക്കാനുള്ള ആര്‍ജ്ജവം സംസ്ഥാന സര്‍ക്കാര്‍ കാണിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഡി.പി.ആര്‍ നടത്താന്‍ ഡി.എം.ആര്‍.സി ക്ക് അനുവദിച്ച 8 കോടി രൂപ റിലീസ് ചെയ്തു നല്‍കി ഡി.പി.ആര്‍ പൂര്‍ത്തിയാക്കാനുള്ള സാഹചര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടാണ് ആക്ഷന്‍ കമ്മിറ്റി ജനകീയ പ്രക്ഷോഭങ്ങള്‍ ആരംഭിക്കുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ അഡ്വ. ടി.എം റഷീദ്, അഡ്വ. പി. വേണുഗോപാല്‍, ജോണി പാറ്റാനി, പി.പി ഷൈജല്‍, പി.വൈ മത്തായി, മോഹന്‍ നവരംഗ്, ജോസ് കപ്യാര്‍മല, വിനയകുമാര്‍ അഴിപ്പുറത്ത് പങ്കെടുത്തു


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.