2019 June 17 Monday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

നജ്മല്‍ ബാബു ജയിച്ചു, കമ്മ്യൂണിസം തോറ്റു

ഡോ.ആതിര ചെമ്പകശ്ശേരി മഠത്തില്‍

അയിത്താചരണത്തിനും ജാതിവിവേചനത്തിനുമെതിരേ ശക്തമായി പ്രതികരിച്ച കടുത്ത കമ്മ്യൂണിസ്റ്റ് ആശയക്കാരനായ കൊടുങ്ങല്ലൂരിലെ തൈവാലത്ത് വീട്ടില്‍ നീലകണ്ഠദാസിന്റെയും ദേവയാനിയുടെയും മകനായി ജനിച്ച ടി.എന്‍ ജോയി എന്ന നജ്മല്‍ ബാബു കേരളത്തോട്, വിശിഷ്യാ ചിന്താശക്തിയുള്ള മലയാളികളോട് അര്‍ഥശങ്കയ്ക്കിടയില്ലാതെ പറഞ്ഞുവച്ച ചില കാര്യങ്ങളുണ്ട്.നജ്മല്‍ബാബുവിന്റെ പ്രവചനങ്ങള്‍ അദ്ദേഹത്തിന്റെ മരണശേഷം ചോദ്യചിഹ്നമായി നമുക്കുമുന്നില്‍ നിറഞ്ഞുനില്‍ക്കുന്നു. എന്നാല്‍, എല്ലാ വിഷയത്തിലുമെന്നപോലെ സാംസ്‌കാരിക കേരളം നജ്മലിനെ വിസ്മരിക്കുകയും ചര്‍ച്ചചെയ്യാനുള്ള പുതിയ വിഷയങ്ങള്‍ തേടുകയും ചെയ്യുന്ന തിരക്കിലാണ്.
ജീവിതകാലം മുഴുവന്‍ അശരണര്‍ക്കായി നീക്കിവച്ച വ്യക്തിയാണ് നജ്മല്‍ ബാബു. അദ്ദേഹത്തിന്റെ മരണശേഷം പുരോഗമനവാദികളും കമ്മ്യൂണിസ്റ്റുകളും എന്നൊക്കെ ഊറ്റംകൊള്ളുകയും അങ്ങനെ അഭിനയിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ ബന്ധുക്കള്‍ സ്വീകരിച്ച നിലപാട് ആര്‍ക്കാണ് ഉള്‍ക്കൊള്ളാനാകുക. നജ്മല്‍ ബാബുവിന്റെ ഭൗതികശരീരം അടക്കേണ്ടത് ഒന്നുകില്‍ വീട്ടുമുറ്റത്ത്, അല്ലെങ്കില്‍ കൊടുങ്ങല്ലൂര്‍ ഹെല്‍ത്ത് കെയറിന്റെ മുറ്റത്ത്. ഒരു കാരണവശാലും ചേരമാന്‍ പള്ളിയുടെ ഖബര്‍സ്ഥാനില്‍ ഖബറടക്കാന്‍ അനുവദിക്കില്ല എന്ന അവരുടെ തീരുമാനം ഹിന്ദുത്വരാഷ്ട്രീയ പ്രമാണികത്വത്തിന്റെ കറകളഞ്ഞ ഇസ്‌ലാംവിരുദ്ധതയാണു വ്യക്തമാക്കുന്നത്.
അതേസമയം, പാര്‍ട്ടി തടവുകാരും അല്ലാത്തവരുമായ സാമാന്യജനങ്ങള്‍ക്കു മുന്നില്‍ ഇവിടുത്തെ ഹിന്ദുത്വ സെക്യുലറിസ്റ്റുകളുടെ വര്‍ഗീയത തുറന്നുകാട്ടാന്‍ നജ്മല്‍ ബാബുവിന്റെ ഭൗതികശരീരത്തിനു കഴിഞ്ഞുവെന്നിടത്തുതന്നെയാണ് അദ്ദേഹം വിജയിച്ചുവെന്നു പറയാനുള്ള ഊര്‍ജ്ജം പകരുന്നത്. ഒരു ഫാസിസ്റ്റുവിരുദ്ധ സമരം കൂടി വലിയതോതില്‍ വിജയിച്ചിരിക്കുന്നു. എന്നാല്‍, നജ്മല്‍ബാബുവിന്റെ അന്ത്യകര്‍മങ്ങളുടെ കാര്യത്തില്‍ പൊതുസമൂഹം (പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്തവരൊഴികെ) സ്വീകരിച്ച നാണംകെട്ട മൗനമാണു നജ്മല്‍ബാബുവിന്റെ മരണമുണ്ടാക്കിയ വേദനയേക്കാള്‍ പ്രയാസമുണ്ടാക്കുന്നത്.
ഇക്കാര്യത്തില്‍ പൊതുബോധം അനങ്ങിയതേയില്ല. മൃതദേഹത്തോട് അനീതി കാട്ടുന്ന ക്രൂരതയ്‌ക്കെതിരേ സഖാക്കളും ലിബറലുകളും കീബോര്‍ഡില്‍ വിരലുകള്‍ അമര്‍ത്തിയില്ല. ചാനലുകള്‍ കണ്ണടച്ചു. സാംസ്‌കാരികനായകന്മാര്‍ മൗനവ്രതത്തിലായിരുന്നു. ചീഞ്ഞളിഞ്ഞ ഇസ്‌ലാംവിരുദ്ധതയുടെ തടവറയിലാണു കേരളത്തിന്റെ പൊതുബോധം നിലകൊള്ളുന്നതെന്നതാണ് അതിനു കാരണം. മതാന്ധതയും ജാതിവെറിയും കടുത്ത വെറുപ്പോടെ കാണേണ്ടവയാണെന്നായിരുന്നു നജ്മല്‍ ബാബുവിന്റെ പിതാവ് നീലകണ്ഠദാസ് ആദ്യം സ്വന്തം മക്കളെയും പിന്നെ, സമൂഹത്തെയും പഠിപ്പിച്ചത്.
നീലകണ്ഠദാസിന്റെ യൗവനകാലത്തുണ്ടായ ഒരു സംഭവം ഇപ്രകാരമത്രേ. നാട്ടിലെ പ്രമാണി ഒരു തിട്ടൂരം പ്രഖ്യാപിച്ചു. ഇനി മുതല്‍ മുഴുവന്‍ ജനങ്ങളും തന്നെ തമ്പ്രാനെന്നു വിളിക്കണം. ഇതറിഞ്ഞ നീലകണ്ഠദാസ് ഒരു കൊടിച്ചിപ്പട്ടിയെ വീട്ടുവളപ്പിലെത്തിച്ചു ഭക്ഷണം കൊടുത്തു വളര്‍ത്തി. ആ പട്ടിയെ നീലകണ്ഠദാസും കുടുംബവും ഭവ്യതയോടെ തമ്പ്രാനെന്നാണു വിളിച്ചത്. അതൊരു യുദ്ധപ്രഖ്യാപനമായിരുന്നു. മതത്തിലും ജാതിയിലും കുലമഹിമയിലും അധിഷ്ടിതമായ എല്ലാത്തരം നീചത്വങ്ങളോടുമുള്ള പോര്‍വിളി. ആ പാരമ്പര്യത്തെയാണു നീലകണ്ഠദാസിന്റെ പിന്‍മുറക്കാര്‍ നജ്മല്‍ബാബുവിന്റെ മരണത്തോടെ ചാരമാക്കിക്കളഞ്ഞത്.
മൂന്നുനാലു വര്‍ഷം മുമ്പ് ഇസ്‌ലാമികവിശ്വാസങ്ങളെയും ആചാരങ്ങളെയും സ്വജീവിതത്തില്‍ തള്ളിക്കളയുകയും പരിഹസിക്കുകയും ചെയ്ത ഒരു സ്ത്രീ മരിച്ചു. മരണശേഷം ഖബര്‍സ്ഥാനില്‍ മറമാടാന്‍ പള്ളിക്കമ്മിറ്റി അനുവദിച്ചില്ല. തികച്ചും സ്വാഭാവികമായ പ്രതികരണം. മതമൂല്യങ്ങളെ സ്ഥിരമായി പരിഹസിക്കുന്ന, താന്‍ മുസ്‌ലിമല്ലെന്നു ജീവിതം കൊണ്ടും വാക്കുകള്‍ കൊണ്ടും പ്രഖ്യാപിച്ച അവരെ പള്ളിപ്പറമ്പില്‍ അടക്കം ചെയ്യേണ്ട കാര്യമേ ഉണ്ടായിരുന്നില്ല.
പക്ഷെ, പൊതുബോധം ഇളകിമറിഞ്ഞു. മൃതദേഹത്തോടു പകതീര്‍ക്കുന്ന മതവൈരത്തെക്കുറിച്ചു ലിബറലുകളും സഖാക്കളും മുഖപുസ്തകത്താളുകളില്‍ പോസ്റ്ററൊട്ടിച്ചു. ചാനലുകളില്‍ വാര്‍ത്തയും അന്തിച്ചര്‍ച്ചയും വന്നു. കാരശ്ശേരിയെപ്പോലുള്ളവര്‍ കേരളത്തിലെ താലിബാന്‍ വല്‍ക്കരണത്തെക്കുറിച്ചു വാചാലരായി. അവരുടെ നൃത്തക്കാരിയായ മകള്‍ ഇന്നും ഈ സംഭവം നന്നായി മാര്‍ക്കറ്റു ചെയ്യുന്നു.
ടി.എന്‍ ജോയിയെന്ന നജ്മല്‍ ബാബു വിടവാങ്ങിയിരിക്കുന്നു. അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചുവെന്നതു പരസ്യമായ കാര്യമാണ്. പത്രങ്ങളിലും ചാനലുകളിലും അതു സംബന്ധിച്ചു വാര്‍ത്ത വന്നിരുന്നു. തന്റെ മൃതദേഹം ചേരമാന്‍ പള്ളിയിലെ ഖബര്‍സ്ഥാനില്‍ അടക്കം ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം. അതും കേരളീയസമൂഹത്തിനു പകല്‍പോലെ വ്യക്തമായ കാര്യം. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കൂട്ടുകാര്‍ ആ അന്ത്യാഭിലാഷം നടപ്പാക്കാന്‍ മുറവിളി കൂട്ടി. പക്ഷേ, അതുവരെ അദ്ദേഹത്തെ തിരസ്‌ക്കരിച്ച ബന്ധുക്കളുടെ ദുര്‍വാശിക്കു മുന്നില്‍ ഭരണകൂടം കീഴടങ്ങി. പള്ളിപ്പറമ്പില്‍ അന്ത്യവിശ്രമം കൊള്ളണമെന്ന ആ മനുഷ്യന്റെ ആഗ്രഹം വീട്ടുമുറ്റത്തെ ചിതയില്‍ എരിഞ്ഞടങ്ങി.
സ്ഥലം എം.എല്‍.എയും സി.പി.ഐ, സി.പി.എം നേതാക്കളും കുടുംബക്കാരും ചേര്‍ന്നു ജോയി എഴുതിവെച്ച വസിയത്തു മാനിക്കാതെ സംസ്‌കാരം നടത്തുകയായിരുന്നു. ജോയിയുടെ സുഹൃത്തുക്കളായ എന്‍.എസ് മാധവന്‍, കെ വേണു, നക്‌സലൈറ്റ് പ്രസ്ഥാനത്തിലുണ്ടായിരുന്നവരെല്ലാവരും സംസാരിച്ചിട്ടും അവര്‍ വകവയ്ക്കാതെ പിടിച്ചെടുത്തു കൊണ്ടുപോയി കത്തിച്ചു. ജോയിയുടെ മനസ് അടുത്തറിയുന്നവര്‍ പ്രതിഷേധമറിയിച്ചെങ്കിലും പൊലിസിന്റെ സഹായത്തോടെ നിര്‍ബന്ധപൂര്‍വം മൃതദേഹം സംസ്‌കരിച്ചു. കേരളത്തിന്റെ മതേതരബോധത്തിന്റെ കാപട്യമായിരുന്നു അവിടെക്കണ്ടത്.
നവോത്ഥാനമൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുരോഗമന ഇടതുപക്ഷമെന്നു പറയുന്നവര്‍ എത്രത്തോളം യാഥാസ്ഥിതികത്വം പേറുന്നവരാണെന്നും അവരുടെയുള്ളില്‍ എത്രമാത്രം ഇസ്‌ലാമോഫോബിയ ഉണ്ടെന്നുമുള്ളതിന്റെ തെളിവായാണ് ഇതിനെ വായിച്ചെടുക്കേണ്ടത്. ഫാസിസത്തിനെതിരേ നിലപാടെടുത്ത ഒരു മനുഷ്യന്റെ മരണംപോലും അങ്ങനെയൊരു പ്രതിരോധത്തിന്റെ ഭാഷയാകേണ്ടതാണ്. സൈമണ്‍ മാഷിനുണ്ടായതു പോലൊരു ഗതികേടു തനിക്കുണ്ടാകരുതെന്നു പരസ്യമായി എഴുതിയ ആളാണു നജ്മല്‍ബാബു.
മതേതരമൂല്യത്തോടുള്ള ഇടതുപക്ഷ നിലപാടു തന്നെയാണ് അവിടെ കണ്ടത്. ഈ കറുത്ത കാലഘട്ടത്തില്‍ ഇന്ത്യയില്‍ ജീവിച്ചിരിക്കുന്ന ഒരു വ്യക്തിക്കു ചെയ്യാനുള്ള ഏറ്റവും പ്രധാന രാഷ്ട്രീയദൗത്യം ഫാസിസത്തിനെതിരേ പ്രതിരോധം തീര്‍ക്കുകയെന്നാണെന്നു പ്രഖ്യാപിക്കുകയാണു നജ്മല്‍ ചെയ്തത്. തന്റെ ബാക്കിയുള്ള ശരീരവും അതിന്റെ പിന്നിലെ സര്‍വ ഊര്‍ജ്ജവും ഫാസിസത്തിനെതിരായ പ്രതിരോധത്തിനു സമര്‍പ്പിക്കുകയാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
ചേരമാന്‍ പള്ളിയില്‍ ഖബറടക്കുകയെന്ന ആഗ്രഹത്തിലൂടെ തന്റെ ശരീരത്തെ അതിനുവേണ്ടി സമര്‍പ്പിക്കുകയാണെന്നു തന്നെയാണ് അദ്ദേഹം പറഞ്ഞുവച്ചിരുന്നത്. മുസ്‌ലിംസമൂഹത്തിന്റെ ഭാഗമായപ്പോള്‍ ‘ഞാന്‍ എന്റെ ആത്മാവിനെയും ശേഷിക്കുന്ന ജീവിതത്തെയും സമര്‍പ്പിക്കുകയാണെന്നു’ പ റഞ്ഞതിന്റെ മലയാളം മറ്റെന്താണ്.
പാവങ്ങള്‍ക്കു വേദനാരഹിത ചികിത്സയും വിശ്രമജീവിതവും ഉറപ്പാക്കിയിരുന്ന കൊടുങ്ങല്ലൂരിലെ ഹെല്‍ത്ത് കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകരിലൊരാളാണു നജ്മല്‍. ഏറ്റവുമൊടുവില്‍ കന്യാസ്ത്രീകളുടെ നീതിക്കായുള്ള സമരത്തിലും സജീവസാന്നിധ്യമായിരുന്നു നജ്മല്‍ ബാബു. വര്‍ഗീയതയ്‌ക്കെതിരേ കൊടുങ്ങല്ലൂരിലെ ചെറുപ്പക്കാര്‍ക്കൊപ്പം നിരന്തരം അണിനിരന്ന ടി.എന്‍ ജോയിയെ ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ശാരീരികമായി ആക്രമിക്കാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
അവര്‍ക്കു മുന്നില്‍ ‘ഫാസിസത്തിന്റെ ഒന്നാമത്തെ ഇര മുസ്‌ലിംകളായതിനാല്‍ അവര്‍ക്കൊപ്പം നില്‍ക്കുകയെന്നതാണ് ഏറ്റവും സത്യസന്ധമായ നിലപാടെന്നു പറഞ്ഞ നജ്മലിന്റെ വാക്കുകളില്‍ ആശയക്കുഴപ്പങ്ങള്‍ക്കു സ്ഥാനമില്ല. നജ്മലിന്റെ സുഹൃത്തുക്കളുടെ അഭ്യര്‍ത്ഥനകള്‍ക്കു മുന്നില്‍ കുലുങ്ങാതിരുന്ന സഹോദരങ്ങള്‍ ഇങ്ങനെ കൂടി വിശദീകരിച്ചുവത്രേ:
”ഞങ്ങളുടെ വീട്ടില്‍ മതാചാരങ്ങള്‍ പ്രാക്ടീസ് ചെയ്യുന്നില്ല. ജോയിയുടെ മൃതദേഹത്തിനടുത്തു നിലവിളക്കുപോലും കൊളുത്തുന്നില്ല, മറ്റു കര്‍മ്മങ്ങളും ചെയ്യുന്നില്ല. ഞങ്ങളുടെ ഈ ഉയര്‍ന്ന മൂല്യത്തിനു വിരുദ്ധമായി ഇസ്‌ലാംമതാചാരപ്രകാരം ഖബറടക്കുന്നതു മോശം കാര്യമാണ്. ജോയിയുടെ ഇസ്‌ലാംമത സ്വീകരണവും ഖബറടക്കല്‍ക്കുറിപ്പും ജോയിയുടെ തമാശകളില്‍ ചിലതു മാത്രമാണ്.”
മൃതദേഹം ദഹിപ്പിക്കുന്ന രീതിയും മതാചാരവും ഇവര്‍ക്കു ശരിയായ നിലപാടായതു സാങ്കേതികത്വത്തിന്റെ കാഴ്ചയില്‍ മാത്രം ഒതുക്കാവുന്നതാണോയെന്നു വിധി പറയേണ്ടതു പൊതുസമൂഹമാണ്. ഒരു വ്യക്തിയെ അദ്ദേഹത്തിന്റെ ശരികളില്‍ ജീവിക്കാനും തന്റെ തീരുമാനപ്രകാരം മൃതദേഹം മറവു ചെയ്യാനും അനുവദിക്കാതെ തങ്ങളുടെ ശരികള്‍ അടിച്ചേല്‍പ്പിക്കുന്നതു തികഞ്ഞ അനീതിയാണ്. തങ്ങളുടെ ശരികള്‍ ന്യായീകരിക്കാന്‍ പറയുന്ന വാചകങ്ങളാകട്ടെ അളിഞ്ഞ യുക്തിവാദവും ലിബറല്‍ വരേണ്യതയും.
നജ്മല്‍ ബാബുവിന്റെ മരണാനന്തര ചര്‍ച്ചകളോടൊപ്പം സൈമണ്‍മാസ്റ്ററെക്കൂടി സാന്ദര്‍ഭികമായി ഓര്‍ത്തുപോകുകയാണ്. ഇരുവരുടെയും മരണാനന്തരസാഹചര്യങ്ങളില്‍ സാമ്യതകള്‍ ഏറെയുണ്ട്. ജീവിച്ചിരിക്കെ ഇസ്‌ലാം മതം സ്വീകരിച്ചുവെന്നു പൊതുസമൂഹത്തോടു വിളിച്ചുപറയുകയും അതനുസരിച്ചു ജീവിക്കുകയും ചെയ്ത വ്യക്തിയാണു സൈമണ്‍ മാസ്റ്റര്‍. സൈമണ്‍ മാസ്റ്ററെയും നജ്മല്‍ ബാബുവിനെയും തങ്ങളുടെ പൊതുമുഖങ്ങളായോ അംബാസഡര്‍മാരായോ കൊണ്ടുനടന്നതും ഉപയോഗിച്ചതുമൊക്കെ ജമാഅത്തെ ഇസ്‌ലാമിയാണ്.
അതു തെറ്റാണെന്ന അര്‍ഥത്തിലല്ല, സൈമണ്‍ മാസ്റ്ററുടെ അനുഭവങ്ങളില്‍ നിന്ന് അവരൊന്നും പഠിച്ചില്ലെന്നാണു പറയുന്നത്. ഇക്കാര്യത്തില്‍ നജ്മല്‍ ബാബു പരസ്യമായി ആശങ്ക പ്രകടിപ്പിച്ചിട്ടും ജമാഅത്തുകാര്‍ക്കു കാര്യം മനസിലായില്ല. നിയമത്തിന്റെ പിന്‍ബലമുള്ള തരത്തില്‍ ആവശ്യമായ രേഖകളും അതുവഴി അവര്‍ക്കു കിട്ടേണ്ടിയിരുന്ന പരിരക്ഷകളും കൂടി നിങ്ങള്‍ അവര്‍ക്ക് ഒരുക്കിക്കൊടുക്കേണ്ടതായിരുന്നു. എങ്കില്‍, ചിതയിലേയ്‌ക്കെത്തിക്കാന്‍ വെമ്പല്‍ കൊണ്ട പൊലിസിനെത്തന്നെ ഖബര്‍സ്ഥാനിലേയ്ക്കുള്ള യാത്രയില്‍ അകമ്പടി സേവകരായി നിര്‍ത്താന്‍ നിങ്ങള്‍ക്കു കഴിയുമായിരുന്നു. മയ്യിത്തില്ലാത്ത മയ്യിത്ത് നിസ്‌ക്കാരം ഒഴിവാക്കാനും കഴിയുമായിരുന്നു.
ഇനിയും നിങ്ങളുടെ മതത്തിലേയ്ക്ക് അഥവാ, സത്യമാര്‍ഗത്തിലേക്ക് ആരെങ്കിലും വരാനുണ്ടെങ്കില്‍, അവര്‍ക്ക് ആത്മവിശ്വാസത്തോടെ കലിമ ചൊല്ലണമെങ്കില്‍ അത്തരം പരിരക്ഷകള്‍ കൂടി ആവശ്യമായ കാലഘട്ടത്തിലാണു നമ്മള്‍ ജീവിക്കുന്നതെന്ന കാര്യം ആരും വിസ്മരിച്ചുപോകരുതെന്നു മാത്രം പറഞ്ഞുനിര്‍ത്തട്ടെ.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.