2019 July 19 Friday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

Editorial

നജീബിന്റെ തിരോധാനം: സി.ബി.ഐ പിന്മാറ്റം പ്രതിഷേധാര്‍ഹം


ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി (ജെ.എന്‍.യു ) വിദ്യാര്‍ഥി നജീബ് അഹമ്മദിന്റെ തിരോധാനം സംബന്ധിച്ച് സി.ബി.ഐ നടത്തിക്കൊണ്ടിരുന്ന അന്വേഷണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ക്കും ജെ.എന്‍.യു വിദ്യാര്‍ഥി സംഘടനകളുടെ യോജിച്ചുള്ള സമരങ്ങള്‍ക്കും ഇടവരുത്തിയതായിരുന്നു യൂനിവേഴ്‌സിറ്റിയിലെ എം.എസ്‌സി ബയോ ടെക്‌നോളജി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരുന്ന നജീബ് അഹമ്മദിന്റെ തിരോധാനം.

ഹോസ്റ്റല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യൂനിവേഴ്‌സിറ്റിയിലെ എ.ബി.വി.പി പ്രവര്‍ത്തകര്‍ നജീബിനെ മര്‍ദിച്ചിരുന്നു. തുടര്‍ന്നാണ് 2016 ഒക്ടോബര്‍ 15ന് നജീബിനെ കാംപസില്‍നിന്ന് കാണാതായത്. തിരോധാനം സംബന്ധിച്ച് ഡല്‍ഹി പൊലിസിന്റെ അന്വേഷണം വഴിപാടായി മാറുകയായിരുന്നു. തിരോധാനവുമായി ബന്ധപ്പെട്ട് 18 പേര്‍ മൊഴി നല്‍കാന്‍ സന്നദ്ധമായിട്ടും കേള്‍ക്കാന്‍ പൊലിസ് തയാറായില്ല. എ.ബി.വി.പി ആക്രമണത്തെ തുടര്‍ന്ന് നജീബ് മാനസിക സമ്മര്‍ദത്തിന് ഇരയായി ചികിത്സ തേടിപ്പോയിരുന്നുവെന്ന പൊലിസ് ഭാഷ്യം നജീബിന്റെ ഉമ്മ ഫാത്വിമ നഫീസ് അന്നു തന്നെ നിഷേധിച്ചിരുന്നു.
തുടര്‍ന്ന് മകനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് നജീബിന്റെ ഉമ്മ ഫാത്വിമ നഫീസും നജീബിന്റെ കൂട്ടുകാരും ഇന്ത്യാ ഗേറ്റില്‍ 2016 നവംബര്‍ ഏഴിന് സമരം നടത്തിയപ്പോള്‍ ഡല്‍ഹി പൊലിസ് അവരെ ക്രൂരമായി മര്‍ദിക്കുകയും അവര്‍ക്കെതിരേ കേസ് ചാര്‍ജ് ചെയ്ത് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഈ മര്‍ദനത്തിലും നജീബിന്റെ ഉമ്മക്ക് നീതി നിഷേധിച്ചതിലും പ്രതിഷേധിച്ച് ജെ.എന്‍.യുവിലെ വിവിധ വിദ്യാര്‍ഥി സംഘടനകള്‍ ജന്തര്‍മന്ദിറില്‍ പ്രക്ഷോഭം നടത്തുകയുണ്ടായി. എന്നാല്‍ ഇത്തരം നീക്കങ്ങള്‍ കൊണ്ടൊന്നും നജീബിന്റെ തിരോധാനം സംബന്ധിച്ച് പൊലിസിന് തുമ്പുണ്ടാക്കാന്‍ കഴിഞ്ഞില്ല. ബാലിശങ്ങളായ കാര്യങ്ങള്‍ പറഞ്ഞ് പൊലിസ് സമയം പാഴാക്കുകയായിരുന്നു.
ഈ അവസരത്തിലാണ് നജീബിന്റെ ഉമ്മ മകനെ കണ്ടെത്താന്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹേബിയസ് കോര്‍പ്പസ് ഹരജി ഡല്‍ഹി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തത്. നജീബിനെ കണ്ടെത്തുന്നതില്‍ ഉദാസീനമായ നിലപാട് സ്വീകരിച്ച പൊലിസിനെ വളരെ രൂക്ഷമായ ഭാഷയിലാണ് അന്ന് ഹൈക്കോടതി വിമര്‍ശിച്ചത്. നജീബ് ജീവിച്ചിരിപ്പുണ്ടോ എന്ന് പറയാനെങ്കിലും ആകുമോ എന്നാണ് ഹൈക്കോടതി അന്ന് ഡല്‍ഹി പൊലിസിനോട് ചോദിച്ചത്. തുടര്‍ന്ന് ഫാത്വിമ നഫീസിന്റെ ആവശ്യം അംഗീകരിച്ച് കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
ആ അന്വേഷണമാണ് ഇപ്പോള്‍ അവസാനിക്കുവാന്‍ പോകുന്നത്. നീതിക്ക് വേണ്ടി സ്വന്തം മകന്‍ ജീവിച്ചിരിപ്പുണ്ടോ മരണപ്പെട്ടോ എന്നറിയാന്‍ വേണ്ടി നിസ്സഹായയായ ഒരു ഉമ്മ ഇനി ഏത് വാതിലിലാണ് മുട്ടേണ്ടത്. കേസന്വേഷണം അവസാനിപ്പിച്ചുള്ള റിപ്പോര്‍ട്ട് ഫയല്‍ ചെയ്യുന്നത് ഗൗരവമായി പരിഗണിക്കുകയാണെന്നാണ് ഡല്‍ഹി ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം സി.ബി.ഐ ബോധിപ്പിച്ചിരിക്കുന്നത്. സി.ബി.ഐ അന്വേഷണവും പ്രഹസനമായിരുന്നു എന്നാണ് ഇതില്‍നിന്ന് മനസിലാക്കേണ്ടത്. തിരോധാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന് കരുതുന്ന ഒന്‍പത് പേരെക്കുറിച്ച് നജീബിന്റെ കുടുംബം സി.ബി.ഐയെ അറിയിച്ചിട്ടും അവരെ കാര്യമായി ചോദ്യം ചെയ്തില്ല. ഇവരെ അറസ്റ്റ് ചെയ്യാന്‍ സഹായകരമായ തെളിവുകളില്ലെന്ന് പറഞ്ഞാണ് സി.ബി.ഐ ഇപ്പോള്‍ കേസൊഴിയുന്നത്. എ.ബി.വി.പിയുടെ മര്‍ദനത്തെ തുടര്‍ന്ന് കാണാതായ ഒരു യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥിയുടെ തിരോധാനത്തെക്കുറിച്ച് ഒരു തുമ്പ് ഉണ്ടാക്കാന്‍ ഇത്രയും കാലത്തെ അന്വേഷണത്തിനിടയില്‍ സി.ബി.ഐക്ക് കഴിഞ്ഞില്ല എന്നത് അവിശ്വസനീയം തന്നെ. രാജ്യം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരിന്റെ കീഴില്‍ രാജ്യത്തെ ന്യൂനപക്ഷങ്ങളും ദലിതരും അരക്ഷിതരാണെന്ന ധാരണ അരക്കിട്ടുറപ്പിക്കുന്നു സി.ബി.ഐയുടെ പിന്മാറ്റം. നജീബിന്റെ തിരോധാനം രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ക്കിടയായിട്ട് പോലും നീതി നടപ്പിലായില്ല എന്ന് വരുമ്പോള്‍ ഇതൊന്നും ഇല്ലാതെ വരുന്ന സാധാരണക്കാരന്റെ അവസ്ഥ എത്ര അരക്ഷിതവും ഭീതിജനകവുമാണ്.
ഇവിടെയാണ് ശശി തരൂര്‍ എം.പി പുറത്തുവിട്ട ആശങ്ക ഒരു ചോദ്യ ചിഹ്നമായി ജനാധിപത്യ മതേതര വിശ്വാസികളുടെ മുന്‍പില്‍ എഴുനേറ്റ് നില്‍ക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പില്‍ ലോക്‌സഭയില്‍ ബി.ജെ.പി ഭൂരിപക്ഷം നേടുകയാണെങ്കില്‍ ഇന്ത്യ ഹിന്ദുത്വ പാകിസ്താന്‍ ആയി മാറുമെന്ന അദ്ദേഹത്തിന്റെ നിരീക്ഷണത്തെ തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ല. ഹിന്ദു സഹോദരന്മാരെയല്ല അദ്ദേഹം ഉദ്ദേശിച്ചത്. ഹിന്ദുക്കളുടെ മേല്‍ വിലാസത്തില്‍ വര്‍ഗീയ ഫാസിസം നടപ്പിലാക്കുന്ന ഹിന്ദുത്വത്തെക്കുറിച്ചാണ്. പാകിസ്താനില്‍ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ നേരിടുന്ന ദുരിതങ്ങളും യാതനകളും ഒരിക്കല്‍ കൂടി ബി.ജെ.പി സര്‍ക്കാര്‍ ഇന്ത്യയില്‍ അധികാരത്തില്‍ വരികയാണെങ്കില്‍ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളായ മുസ്‌ലിംകള്‍ അനുഭവിക്കേണ്ടി വരുമെന്നാണ് ശശി തരൂര്‍ പറഞ്ഞിന്റെ ആന്തരാര്‍ഥം. അതിന് ഡല്‍ഹിയിലെ കോണ്‍ഗ്രസ് എന്തിന് അസ്വസ്ഥമാകണം. സി.ബി.ഐ അന്വേഷിച്ചിട്ട് പോലും നജീബ് അഹമ്മദ് എന്ന മുസ്‌ലിം വിദ്യാര്‍ഥി ജീവിച്ചിരിപ്പുണ്ടോ മരണപ്പെട്ടോ എന്ന് തിട്ടപ്പെടുത്താനാവാത്ത വര്‍ത്തമാന ഇന്ത്യയില്‍ ഭാവി ഇന്ത്യയെക്കുറിച്ച് ശശി തരൂര്‍ തരുന്ന മുന്നറിയിപ്പിനെ എങ്ങനെയാണ് അവഗണിക്കുക.
ഒരു കാലത്ത് വിശ്വാസ്യതയുടെ പ്രതീകമായിരുന്ന, കുറ്റമറ്റ അന്വേഷണത്തിന് കീര്‍ത്തി കേട്ട സി.ബി.ഐയെ ബി.ജെ.പി ഭരണകൂടം എന്‍.ഡി.ടി.വി ചെയര്‍മാന്‍ പ്രണോയ് റോയിയുടെയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെയും അതുപോലുള്ള രാഷ്ടീയ എതിരാളികളുടെയും വീടുകളും ഓഫിസുകളും റെയ്ഡ് ചെയ്യാനുള്ള ഉപകരണമാക്കി മാറ്റിയത് വഴി ഇപ്പോഴത്തെ സി.ബി.ഐയില്‍നിന്ന് നജീബ് അഹമ്മദ് എന്ന വിദ്യാര്‍ഥിയുടെ തിരോധാനത്തെക്കുറിച്ച് എങ്ങനെയാണ് സത്യസന്ധമായ ഒരു അന്വേഷണം പ്രതീക്ഷിക്കുക.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.