
തൊടുപുഴ :നഗരസഭ പ്രൈവറ്റ് ബസ് സ്റ്റാന്റിനുളളിലെ അധിക സ്ഥലം വരുന്ന വര്‍ഷം മുതല്‍ പേ ആന്റ് പാര്ക്കിന് നല്‍കേണ്ടതില്ലെന്ന കൗണ്‍സില്‍ തീരുമാനം സുരക്ഷയെക്കരുതി മാത്രമാണന്നും മറിച്ചുളള ആക്ഷേപങ്ങള്‍ അടിസ്ഥാനരഹിതമാണന്നും നഗരസഭാ ചെര്‍പേഴ്സണ്‍ മിനി മധു വ്യക്തമാക്കി. സ്റ്റാന്റിനുളളിലേയ്ക്ക് ബസ്സുകള്‍ പ്രവേശിക്കുന്നത് കോതായിക്കുന്ന് ബൈപ്പാസിലൂടെയും പുറത്തേയ്ക്ക് പോകുന്നത് പാലാ റോഡിലൂടെയുമാണ്. ബസ് സ്റ്റാന്റ് പ്രവര്‍ത്തനമാരംഭിച്ച കാലം മുതല്‍ യാത്രക്കാരുടെ സൗകര്യാര്‍ത്ഥം ഐ.എം.എ റോഡില്‍ നിന്നും പ്രവേശനമാര്ഗമുളള ടാക്സി സ്റ്റാന്റും ഓട്ടോറിക്ഷ സ്റ്റാന്റും പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് യാതൊരുവിധത്തിലും ബസ് സ്റ്റാന്റിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നില്ല.
എന്നാല്‍ ഈ അടുത്ത കാലത്ത് ബസ് സ്റ്റാന്റിനുളളിലെ പരിമിതമായ സ്ഥലംകൂടി കരാറുകാരന് പാര്‍ക്കിങിന് അധികമായി ഉപയോഗിക്കുന്നു. ഈ സ്ഥലത്തേയ്ക്ക് ബസ് സ്റ്റാന്റിനുളളില്ക്കൂടിയല്ലാതെ പ്രവേശിക്കാന്‍ മാര്‍ഗ്ഗങ്ങളില്ല. ഒന്നുകില്‍ സ്റ്റാന്റില്‍ നിന്നും ബസ്സുകള്‍ പുറത്തേയ്ക്ക് പോകുന്ന വഴിയേ കയറി ബസ്സുകളുടേയും നൂറുകണക്കിന് യാത്രക്കാരുടേയും ഇടയിലൂടെ അല്പദൂരം പിന്നിട്ട് വേണം അധിക പാര്‍ക്കിങ് സ്ഥലത്തെത്താന്‍. അല്ലെങ്കില്‍ ബസ് സ്റ്റാന്റിലേയ്ക്ക് ബസ്സുകള്‍ പ്രവേശിക്കുന്ന റാമ്പിലൂടെ വേണം പ്രവേശിക്കാന്‍. ഇതു രണ്ടും ഏറെ അപകട സാധ്യതയുളളതാണ്.
മാത്രമല്ല കേരളത്തിലൊരിടത്തും ബസ്സ് സ്റ്റാന്റിനുളളില്‍ മറ്റു വാഹനങ്ങള്‍ പ്രവേശിക്കാറില്ല. നാമ മാത്രമായ വരുമാനം മാത്രം നോക്കി ജനങ്ങളുടെ ജീവന് ഭീഷണിയുയര്‍ത്തുന്ന നടപടികള്‍ സ്വീകരിക്കേണ്ടതില്ലെന്നു കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു. നിലവില്‍ കരാറുകാരന് അധിക പാര്‍ക്കിങിനായി സ്റ്റാന്റിനുളളിലെ സ്ഥലംകൂടി അനുവദിച്ചിട്ടുളളതായി രേഖകളിലുണ്ട്.ഈ സാഹചര്യത്തില്‍ ഇടയ്ക്കുവച്ച് ഒഴിവാക്കുന്നതിലൂടെ ഉണ്ടാകുന്ന നിയമപ്രശ്നങ്ങള്‍ പരിഗണിച്ച് കരാറുകാരനും പാര്‍ക്കിങിനെതിരെ പരാതി ഉന്നയിക്കുന്ന സമീപ വ്യാപര സ്ഥാപന ഉടമയുമായും ചര്‍ച്ച നടത്തി പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന വൈസ് ചെയര്‍മാന്റെ നിര്‍ദ്ദേശം അംഗീകരിച്ച് അതിനായി ചെയര്‍പേഴ്സണേയും വൈസ് ചെയര്‍മാനേയും ചുമതലപ്പെടുത്തുകയുമാണ് കൗണ്‍സില്‍ ചെയ്തിട്ടുള്ളത്.
അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ അധികസ്ഥലത്തെ പാര്‍ക്കിങ് ഒഴിവാക്കി ലേലം നടത്താനും കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്. വരുമാന വര്‍ധനവിനായി നിരവധി പദ്ധതികളാണ് നഗരസഭ യുദ്ധകാല അടിസ്ഥാനത്തില്‍ നടപ്പാക്കി വരുന്നത്. 18 വര്‍ഷമായി തീരുമാനമാകാതെ കിടന്ന മങ്ങാട്ടുകവല ബസ് സ്റ്റാന്റിലെ ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണം ആരംഭിക്കുകയാണ്.
1996 മുതല്‍ അനാഥമായി കിടന്ന ഗാന്ധി സ്ക്വയറിലെ കണ്ണായ സ്ഥലം പാര്‍ക്കിങിനായി ഉപയോഗിക്കാനും കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്. വസ്തുകള്‍ ഇതായിരിക്കെ കൗണ്‍സില്‍ ഏകകണ്ഠമായി എടുത്ത ഒരു തീരുമാനത്തിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് രാഷ്ട്രീയ പ്രേരിതമാണെന്ന് ചെയര്പേഴ്സന് അറിയിച്ചു.