2018 September 23 Sunday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

നഗരത്തില്‍ ബസുകളുടെ മരണപ്പാച്ചില്‍

ചങ്ങനാശേരി: വേഗപ്പൂട്ടുകള്‍ പ്രവര്‍ത്തരഹിതമാക്കി സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ നിരത്തിലൂടെ ചീറിപ്പായുന്നു. പൊലിസും മോട്ടോര്‍ വാഹന വകുപ്പും ഈ നിയമലംഘനം കണ്ടില്ലെന്ന് നടിക്കുന്നു. അന്വേഷണവും പരിശോധനയും ഇല്ലാതായതോടെ ഭൂരിഭാഗം ബസുകളിലെയും വേഗപ്പൂട്ടുകള്‍ പ്രവര്‍ത്തനരഹിതമാണ്. ഋഷിരാജ് സിങ് ഗതാഗത കമ്മിഷണറായിരുന്നപ്പോഴാണ് സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കാത്ത വാഹനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിച്ചിരുന്നത്. ബസുടമകളും ഇക്കാര്യത്തില്‍ ശ്രദ്ധ പതിപ്പിച്ചിരുന്നു. എന്നാല്‍ ഇദ്ദേഹം ചുമതല മാറിയതോടെ ഇപ്പോള്‍ ഇതു സംബന്ധിച്ച യാതൊരു പരിശോധനയും ബന്ധപ്പെട്ട അധികൃതര്‍ നടത്തുന്നില്ല.
സ്വകാര്യ ബസുകള്‍ അമിതവേഗത്തില്‍ പായുന്നത് പലപ്പോഴും അപകടങ്ങള്‍ക്കും കാരണമാകുന്നു. നഗരത്തില്‍ സര്‍വീസ് നടത്തുന്ന ഒട്ടുമിക്ക സ്വകാര്യ ബസുകളും സമയക്രമം പോലും പാലിക്കാതെയാണ് മത്സരിച്ചോടുന്നത്. എന്നാല്‍ കെ.എസ്.ആര്‍.ടി.സി ബസുകളും യാതൊരുവിധ നിയന്ത്രണമില്ലാതെയാണ് പായുന്നത്. ചെറുവാഹനങ്ങളെയോ കാല്‍നടയാത്രക്കാരെയോ നോക്കാതെയുള്ള അമിത വേഗത പല അപകടങ്ങള്‍ക്കും കാരണമായിട്ടും ഉത്തരവാദിത്വപെട്ടവര്‍ അമിതവേഗത നിയന്ത്രിക്കുവാന്‍ തയ്യാറാകുന്നില്ല.ചെറുവാഹനങ്ങളില്‍ തട്ടിയാല്‍ നിര്‍ത്താതെയും മനപൂര്‍വ്വം മറ്റു വാഹനങ്ങളില്‍ ഉരസിയുമാണ് ഇവര്‍ റോഡ് നിറഞ്ഞോടുന്നത്.
ചീറിപ്പാഞ്ഞെത്തുന്ന ബസുകളില്‍ ഇടിക്കാതെ വെട്ടിച്ചുമാറ്റുന്നതിനിടെ ചെറുവാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടുന്നതും പതിവാണ്. സ്വകാര്യ ബസുകളുടെ സമയക്ലിപ്തത പരിശോധിക്കേണ്ട ഗതാഗത വകുപ്പധികൃതര്‍ ഇവരെ സഹായിക്കുന്ന നിലപാടാണ് പലപ്പോഴും സ്വീകരിക്കുന്നതെന്നു ആരോപണം ഉയര്‍ന്നിട്ടുണ്ട്. ട്രാഫിക് നിയമങ്ങള്‍ കാറ്റില്‍പ്പറത്തി പായുന്ന സ്വകാര്യ കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കെതിരേ ട്രാഫിക് പൊലിസും കണ്ണടയ്ക്കുകയാണ്. നഗരത്തിലെ വാഹനപരിശോധന ഇരുചക്രവാഹനങ്ങളിലേക്ക് മാത്രം ക്രേന്ദീകരിച്ചതോടെ ആരെയും പേടിക്കാനില്ലാത്ത സ്ഥിതിയാണ് സ്വകാര്യ ബസുകള്‍ക്ക്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.