2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

നഗരത്തില്‍ പരസ്യബോര്‍ഡുകള്‍ തോന്നിയപോലെ നടപടിയുണ്ട്; പക്ഷേ കാര്യക്ഷമമല്ല

 

കോഴിക്കോട്: നഗരത്തിലെ ഹൈവേകളിലും ജങ്ഷനുകളിലും കാഴ്ചമറയ്ക്കുന്ന രീതിയില്‍ സ്ഥാപിച്ച ഡിജിറ്റല്‍ സ്‌ക്രീനുള്‍പ്പെടെയുള്ള പരസ്യബോര്‍ഡുകള്‍ക്കെതിരേ നടപടി തുടങ്ങിയെങ്കിലും മിക്കവയും മാറ്റിയിട്ടില്ല. അപകടങ്ങള്‍ കൂടാന്‍ കാരണമാകുന്നുവെന്ന കാരണത്താല്‍ സിറ്റി ട്രാഫിക് പൊലിസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിലാണ് നഗരത്തില്‍ പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ നടപടിയാരംഭിച്ചത്. ബോര്‍ഡുകള്‍ സ്ഥാപിച്ച കമ്പനികള്‍ക്കെതിരേ സിറ്റി ട്രാഫിക് അസി. കമ്മിഷണര്‍ എ.ജെ ബാബു കേസെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ നടപടി കാര്യക്ഷമമല്ലാതായതോടെ നിരവധി പരസ്യബോര്‍ഡുകളാണ് നഗരത്തിലെ പ്രധാന നിരത്തുകളില്‍ മാറ്റാതെ കിടക്കുന്നത്.
കഴിഞ്ഞ ഡിസംബറില്‍ നടത്തിയ പരിശോധനകളും നടപടികളും തുടരുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞിരുന്നുവെങ്കിലും എല്ലാം നിശ്ചലമായ അവസ്ഥയിലാണ്. വിഷയത്തില്‍ സിറ്റി ട്രാഫിക് പൊലിസ് ജില്ലാ ഭരണകൂടത്തിന് കത്ത് നല്‍കിയിരുന്നെങ്കിലും നടപടി വൈകുകയാണ്. ജങ്ഷനുകളിലും ഹൈവേകളിലും കാഴ്ച മറയ്ക്കുന്നതും ഡ്രൈവര്‍മാരുടെ ശ്രദ്ധയാകര്‍ഷിക്കുന്നതുമായ പരസ്യങ്ങള്‍ സ്ഥാപിക്കരുതെന്ന് ഹൈക്കോടതിയുടെയും സുപ്രിം കോടതിയുടെയും ഉത്തരവും നില്‍നില്‍ക്കെയാണ് ഈ നിയമലംഘനം തുടരുന്നത്. ഒയിറ്റി റോഡരികിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും ഇത്തരത്തില്‍ കൂറ്റന്‍ ബോര്‍ഡുകളാണ് സ്ഥാപിച്ചിട്ടുള്ളത്. പാതയോരങ്ങളില്‍ സ്ഥാപിച്ച പരസ്യങ്ങളും കമാനങ്ങളും എടുത്തുമാറ്റാനും കോടതി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
കാലാകാലങ്ങളായി നിയമം പ്രാബല്യത്തിലുണ്ടെങ്കിലും നടപടികള്‍ മാത്രമുണ്ടാകുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. റോഡുകളും പൊതുസ്ഥലങ്ങളും കൈയേറി സ്ഥാപിക്കുന്ന പരസ്യങ്ങള്‍ ജനങ്ങളുടെ ജീവനും സുരക്ഷയ്ക്കും ഭീഷണിയാണ്. വാഹന ഗതാഗതത്തിനും കാല്‍നടയാത്രയ്ക്കും ഇവ തടസം സൃഷ്ടിക്കുന്നുണ്ട്. വാഹനാപകടങ്ങളില്‍ പരസ്യബോര്‍ഡുകള്‍ ഗണ്യമായ പങ്കുവഹിക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ട്രാഫിക് പൊലിസ് നടപടിയാരംഭിച്ചത്. ഡ്രൈവര്‍മാരുടെയും കാല്‍നട യാത്രക്കാരുടെയും കണ്ണുകള്‍ അത്യാകര്‍ഷകമായ പരസ്യങ്ങളില്‍ ഉടക്കി അപകടങ്ങളുണ്ടാകാറുണ്ട്. കാറ്റിലും മഴയിലും പരസ്യബോര്‍ഡുകള്‍ നിലം പതിച്ചുള്ള ദുരന്തങ്ങളും കുറവല്ല.
പോസ്റ്റുകളില്‍ കയറാന്‍ പ്രയാസം സൃഷ്ടിക്കുന്നുവെന്ന കെ.എസ്.ഇ.ബി ജീവനക്കാരുടെ പരാതിയും പരിഗണിച്ചാണ് ബോര്‍ഡുകള്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ തുടങ്ങിയത്. എന്നാല്‍ എല്ലാം കടലാസിലുറങ്ങുന്ന സ്ഥിതിയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.