2017 February 25 Saturday
പറയുന്നതിനേക്കാള്‍ ബുദ്ധി കേള്‍ക്കാന്‍ വേണം
തുര്‍ക്കി പഴമൊഴി

നഗരത്തിലെ ഗുണ്ടകളെ പൂട്ടാന്‍ സിറ്റി ടാസ്‌ക് ഫോഴ്‌സ്

കൊച്ചി: നഗരത്തിലെ ഗുണ്ടകളെ പൂട്ടാന്‍ സര്‍വ സന്നാഹവുമായി സിറ്റി ടാസ്‌ക് ഫോഴ്‌സ് തയ്യാറെടുക്കുന്നു.ഗുണ്ടാ പ്രവര്‍ത്തനങ്ങളെ നിര്‍ത്തലാക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സിറ്റി ടാസ്‌ക് ഫോഴ്‌സിന്റെ അവലോകന യോഗത്തിലാണ് പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ തീരുമാനമാനിച്ചത്.
കൊച്ചി റേഞ്ച് ഐ.ജി എസ് ശ്രീജിത്ത് ഐ.പി എസിന്റെ മേല്‍നോട്ടത്തിലാണ് ടാസ്‌ക് ഫോഴ്‌സ് പ്രവര്‍ത്തിക്കുന്നത്. സിറ്റി പൊലിസ് കമ്മിഷണര്‍ എം.പി ദിനേശ്, പുതുതായി ചുമതലയേറ്റ ഡെപ്യൂട്ടി കമ്മിഷണര്‍ യതീഷ് ചന്ദ്ര എന്നിവരുടെ നേതൃത്വത്തിലായിരുന്നു അവലോകന യോഗം നടന്നത്. പ്രത്യേക ടീമില്‍ ഗുണ്ടാ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മികവ് തെളിയിച്ചിട്ടുള്ള പരിചയ സമ്പന്നരായ പൊലിസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്.
ജില്ലാ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ശക്തമായ പിന്‍തുണയോടെ പ്രവര്‍ത്തിക്കുന്ന സിറ്റി ടാസ്‌ക് ഫോഴ്‌സ് നഗരത്തിലെ ഗുണ്ടാ പ്രവര്‍ത്തനങ്ങളെ ശക്തമായി അമര്‍ച്ച ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇതിനായി ഗുണ്ടാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും ഇവരുടെ കൂട്ടാളികളും ബന്ധപ്പെടുന്നവരുമായ എല്ലാവരും പൊലിസിന്റെ കര്‍ശന നിരീക്ഷണത്തിലായിരിക്കും. ഫോഴ്‌സിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഗുണ്ടാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ വിശദ വിവരങ്ങള്‍ ശേഖരിച്ചിട്ടുള്ളതായും പൊലിസ് അറിയിച്ചു.
റിയല്‍ എസ്‌റ്റേറ്റ്, നില നികത്തല്‍, മയക്കുമരുന്ന് എന്നിങ്ങനെയുള്ള മേഖലകളില്‍ ബന്ധപ്പെട്ടുകിടക്കുന്ന ഗുണ്ടാ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവരം ലഭിക്കുന്ന പൊതുജനങ്ങള്‍ പൊലിസ് കണ്‍ട്രോള്‍ റൂം നമ്പറായ 100, സിറ്റി പൊലിസ് വാട്ട്‌സ്അപ്പ് ഹെല്‍പ് ലൈന്‍ നമ്പറായ 7559899100, കമ്മിഷണേറ്റ് കോള്‍ സെന്റര്‍ നമ്പറായ 04842385006, ഷാഡോ പൊലിസ് നമ്പറായ 9497980430 എന്നീ നമ്പറുകളില്‍ അറിയിക്കണമെന്ന് പൊലിസ് ആവശ്യപ്പെട്ടു.
ഇത്തരത്തില്‍ ലഭിക്കുന്ന വിവരങ്ങളുടെ കാര്യത്തില്‍ ഉടന്‍ നടപടി സ്വീകരിക്കും. കൂടാതെ വിവരങ്ങള്‍ നല്‍കുന്നവരുടെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും കൊച്ചി സിറ്റി പൊലിസ് വ്യക്തമാക്കി.