2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

നഗരം

അപ്രതീക്ഷിതമായാണ് അവര്‍ നഗരത്തില്‍വച്ച് കണ്ടുമുട്ടിയത്. നേരത്തെ പലപ്രാവശ്യം വന്നിട്ടുണ്ടെങ്കിലും ഈ നഗരത്തിലാണ് അബിയെന്ന കാര്യം അറിയില്ലായിരുന്നു. പത്താം ക്ലാസില്‍ പടിയിറങ്ങിപ്പോയതില്‍ പിന്നെ ഇന്നാണ് ബാല്യകാല സുഹൃത്തിനെ അവന്‍ ആദ്യമായി കാണുന്നത്.

 

അച്ഛന്റെ പലചരക്ക് പീടികയുമായി ഞാന്‍ ഗ്രാമത്തില്‍ ചുരുങ്ങിയൊതുങ്ങി. അബിയുടെ അച്ഛന്‍ സര്‍ക്കാര്‍ ജോലിക്കാരനായതിനാല്‍ അവന്‍ നഗരത്തിലും ചിരിവിടര്‍ത്തിയാടി. അത്യാഹ്ലാദത്തില്‍ തന്റെ ബാല്യകാല സുഹൃത്തിനെ അവന്‍ ആശ്ലേഷിച്ചു. ആ കണ്ടുമുട്ടല്‍ അവര്‍ക്കു വിശ്വസിക്കാനായില്ല. അത്രക്കും രണ്ടു പേരുടെയും മനസില്‍ നിന്ന് മുഖങ്ങള്‍ മാഞ്ഞുപോയിരുന്നു.

ഒരുപാട് മാറ്റങ്ങളുണ്ടെങ്കിലും തിരിച്ചറിയാനായത് ബാല്യകാലത്തിന്റെ ഊഷ്മളതയാണെന്ന് അവര്‍ വിശ്വസിച്ചു. നമുക്ക് എവിടെയെങ്കിലുമിരുന്ന് സംസാരിക്കാമെന്ന് പറഞ്ഞ് അവന്‍ അബിയെ കൂള്‍ബാറിലേക്ക് ക്ഷണിച്ചു. അബി ആ ക്ഷണം സ്‌നേഹപൂര്‍വം നിരസിച്ചു. ഇവിടെ വരെ വന്നിട്ട് വീട്ടില്‍ വരാതെ പോകുന്നത് ശരിയല്ലെന്ന് പറഞ്ഞ് അബി അവനെ വീട്ടിലേക്ക് ക്ഷണിച്ചു.  പിന്നീടൊരിക്കലാകാമെന്നു പറഞ്ഞ് ക്ഷണം നിരസിച്ചിട്ടും സ്‌നേഹപൂര്‍വമുള്ള നിര്‍ബന്ധത്തിനു വഴങ്ങേണ്ടിവന്നു.
ബംഗ്ലാവിലിരുന്ന് അവര്‍ ബാല്യകൗമാരങ്ങള്‍ പങ്കുവച്ചു തുടങ്ങി. ഗ്രാമീണതയുടെ നിഷ്‌കളങ്കതയെകുറിച്ച് അബി വാചാലനായി. പിന്നെ നഗരത്തിന്

റെ കളങ്കതയെ കുറിച്ചും. നഗരത്തില്‍ ആരോടും ആര്‍ക്കുമൊരു ബന്ധമില്ല… യാന്ത്രിക ജീവിതം.. എന്തൊക്കെയോ വെട്ടിപ്പിടിക്കാനുള്ള പരക്കം പാച്ചില്‍.. കണ്ടാല്‍ ഒരു ഹായ്. ചിലപ്പോള്‍ കണ്ടഭാവം നടിക്കാതെ മുഖം തിരിഞ്ഞുനില്‍ക്കുന്നു. സംസാരം കത്തിക്കയറുന്നതിനിടെയാണ് അബിയുടെ ഭാര്യ മധുരപാനീയവും പലഹാരവുമായെത്തിയത്. ആദ്യമായി കാണുന്നതിന്റെ അപരിചിതത്വമുണ്ടായിരുന്നില്ല അവളുടെ പെരുമാറ്റത്തില്‍. ആഹ്ലാദകരമായ നിമിഷങ്ങള്‍. അന്നേരമാണ് ഗേറ്റിനു മുന്നില്‍ സ്‌കൂള്‍ ബസ് വന്നുനിന്നത്. നാലാം ക്ലാസില്‍ പഠിക്കുന്ന അവരുടെ മകള്‍ ചുമലില്‍ തൂക്കിയ പുസ്തകക്കെട്ടുമായി കയറിവന്നു, കഠിനമായി ഏതോ ജോലി കഴിഞ്ഞുവന്ന ക്ഷീണത്തില്‍. അപ്പോള്‍ അവന്‍ ഓര്‍ത്തത് ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് കളിച്ച് മണ്ണും ചെളിയുമായി വരുന്ന തന്റെ മക്കളെയാണ്.
വാതില്‍ക്കലെത്തിയ അവളൊന്ന്  അറച്ചുനിന്നു. അപരിചതനെ കണ്ടിട്ടാകണം. സംശയം നിറച്ച് ഡാഡിയെയും മമ്മിയെയും നോക്കി.
‘മോളെ, ഇതു ഡാഡിയുടെ ബാല്യകാല സുഹൃത്ത്. നാട്ടില്‍ നിന്നാണ്’
‘ഹലോ അങ്കിള്‍’
ഹൃദ്യമായി ചിരിച്ച അവള്‍ അവനുനേരെ കൈനീട്ടി. അവന്‍ വാത്സല്യത്തോടെ അവളെ ചേര്‍ത്തുപിടിച്ച് കവിളിലൊരുമ്മ കൊടുത്തു.
പൊടുന്നനെ അവള്‍ കുതറിമാറി. ‘ഛീ….വൃത്തികെട്ട മനുഷ്യന്‍. ഡാഡീ ഇയാളെന്നെ….’
വിതുമ്പിക്കൊണ്ട് അവള്‍ ബാഗ് വലിച്ചെറിഞ്ഞ് മുറിയിലേക്കോടി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News