2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

ധര്‍മ്മടത്ത് കടലില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

തലശ്ശേരി: ധര്‍മ്മടം തുരുത്ത് സന്ദര്‍ശിക്കാനെത്തി കടലില്‍ കാണാതായ കണ്ണൂര്‍ തോട്ടട ഗവ. ഐ.ടി.ഐ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. പാപ്പിനിശ്ശേരി സ്വദേശി അക്കരമ്മല്‍ വീട്ടില്‍ ലോഹിദാസിന്റെ മകന്‍ അനുമോദി(20)ന്റെ മൃതദേഹമാണ് ഇന്നലെ കാലത്ത് ധര്‍മ്മടം കടല്‍ത്തീരത്ത് കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ 10.30 ഓടെയാണ് അപകടം. സഹപാഠികളായ മറ്റ് അഞ്ച് പേരോടൊത്ത് ധര്‍മ്മടം തുരുത്തിലേക്ക് കടലിലിറങ്ങി നടക്കുന്നതിനിടെ തിരമാലയില്‍പ്പെട്ട് അനുമോദിനെ കാണാതാവുകയായിരുന്നു. സഹപാഠികളായ അഞ്ച് പേരെയും ഓടിക്കൂടിയ നാട്ടുകാരും മത്സ്യതൊഴിലാളികളും ചേര്‍ന്ന് രക്ഷപ്പെടുത്തിയിരുന്നു.

കൊളശ്ശേരി സ്വദേശി അക്ഷയ്(20), കണ്ണൂര്‍ ചാല സ്വദേശി പ്രവീലേഷ്്(19) തലശ്ശേരി ചോനാടത്തെ സതീ നിവാസില്‍ അശ്വിന്‍(20), കുന്നുംകൈ സ്വദേശി സൗരവ്(20)കണ്ണൂര്‍ മരക്കാര്‍ക്കണ്ടിയിലെ അമല്‍ജിത്ത് (19) എന്നിവരാണ് അപകടത്തില്‍പ്പെട്ടിരുന്നത്. അനുമോദിന് വേണ്ടിയുള്ള തെരച്ചില്‍ ശനിയാഴ്ച വൈകുവോളം തുടര്‍ന്നെങ്കിലും കണ്ടെത്തിയിരുന്നില്ല. തുടര്‍ന്ന് ഇന്നലെ രാവിലെമുതല്‍ വീണ്ടും തെരച്ചില്‍ നടത്താന്‍ ഫയര്‍ഫോഴ്‌സും പൊലിസും തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ധര്‍മ്മടം പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.