2017 July 28 Friday
നിങ്ങള്‍ പിശുക്ക് സൂക്ഷിക്കുക. അത് കുടുംബ ബന്ധങ്ങളെ വിച്ഛേദിക്കാന്‍ പ്രേരിപ്പിക്കും
മുഹമ്മദ് നബി (സ്വ)

ദോക്‌ലാം അതിര്‍ത്തി പ്രശ്‌നം; സൈന്യത്തെ പിന്‍വലിക്കാതെ ചര്‍ച്ചക്കില്ലെന്ന് ചൈന

ന്യൂഡല്‍ഹി: സിക്കിം അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ നയതന്ത്രതലത്തില്‍ പരിഹരിക്കാമെന്ന ഇന്ത്യയുടെ പ്രസ്താവനയ്ക്കു പിന്നാലെ നയം വ്യക്തമാക്കി ചൈന. ദോക്‌ലാം അതിര്‍ത്തിയില്‍ നിന്ന് ഇന്ത്യ സൈന്യത്തെ പിന്‍വലിക്കാതെ ചര്‍ച്ചക്കില്ലെന്നാണ് ചൈനയുടെ നിലപാട്. 

സിക്കിം അതിര്‍ത്തി പ്രദേശം ചൈനയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. അതു ചൈനയുടെ അതിര്‍ത്തിയാണ്. അവിടെ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യ തയാറാകുന്നില്ല. ഇത് പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നതിനു കാരണമാകുമെന്നും ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഷിന്‍ഹുവയും ഇന്ത്യയുമായി ചര്‍ച്ചക്കില്ലെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പാകിസ്താന്‍ ചൈനയുടെ ഉരുക്കു സഹോദരനാണെന്നും പ്രസ്താവനയിലുണ്ട്. സേനയെ പിന്‍വലിച്ചില്ലെങ്കില്‍ ഇന്ത്യയെ നാണംകെടുത്തുമെന്ന മുന്നറിയിപ്പും ചൈന നല്‍കുന്നു.
2013 ലും 14ലും അതിര്‍ത്തി ലംഘിച്ച ഇന്ത്യ നിലവില്‍ അത്തരമൊരു സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് കരുതരുത്. നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായാണ് അന്ന് പ്രശ്‌നങ്ങള്‍ അവസാനിച്ചത്. ഇന്ന് അതുണ്ടാവില്ലെന്നും ചൈന വ്യക്തമാക്കി.
ഇതിനിടെ കശ്മിര്‍ വിഷയത്തില്‍ ചൈനയെ കുറ്റപ്പെടുത്തി ജമ്മു കശ്മിര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി കഴിഞ്ഞ ദിവസം രംഗത്തെത്തി. കശ്മിരിലെ അക്രമസംഭവങ്ങളില്‍ പുറത്തുനിന്നുള്ള ശക്തികളാണ് കുറ്റപ്പെടുത്തലുമായി വരുന്നതെന്നും നിര്‍ഭാഗ്യവശാല്‍ ചൈന വിഷയത്തില്‍ അനാവശ്യമായി ഇടപെടുകയാണെന്നും അവര്‍ വ്യക്തമാക്കി. ആദ്യം കശ്മിര്‍ വിഷയത്തില്‍ ഇടപെടലുമായെത്തിയത് പാകിസ്താനായിരുന്നു. ഇപ്പോള്‍ ചൈനയാണ് അനാവശ്യമായി വിഷയത്തില്‍ കടന്നിടപെടുന്നത്. ഇന്ത്യയെ അടിക്കാനുള്ള വടിയായി ചൈന കശ്മിരിനെ ഉപയോഗപ്പെടുത്തുകയാണെന്നും മെഹബൂബ മുഫ്തി പറഞ്ഞു. അമര്‍നാഥ് തീര്‍ഥാടകര്‍ക്കുനേരെ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌സിങുമായി നടന്ന ചര്‍ച്ചയ്ക്കു ശേഷമാണ് മെഹബൂബയുടെ പ്രതികരണം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.