2019 June 20 Thursday
നീ നിനക്കുതന്നെ ദീപമായി വര്‍ത്തിക്കുന്നുവെങ്കില്‍ നീ നിന്നില്‍തന്നെ അഭയം കണ്ടെത്തുന്നുവെന്ന് സാരം – ബുദ്ധന്‍

ദേശീയ പാതാ വികസനം; കൂടുതല്‍ നഷ്ടപരിഹാര തുക അനുവദിക്കണമെന്ന് കോണ്‍ഗ്രസ്

കൊച്ചി: മൂത്തകുന്നം – ഇടപ്പള്ളി ദേശിയ പാതാ വികസനത്തില്‍ കൂടുതല്‍ നഷ്ടപരിഹാര തുക അനുവദിക്കണമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ഇത് സംബന്ധിച്ച് എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ യോഗത്തില്‍ മൂത്തകുന്നം ഇടപ്പള്ളി ദേശിയ പാതാ വികസനം സംബന്ധിച്ച് പാര്‍ലമെന്റില്‍ നടന്ന കാര്യങ്ങള്‍ പ്രൊഫ. കെ.വി തോമസ് എം.പി വിശദീകരിച്ചു.
വളരെ തുച്ഛമായ തുക നഷ്ടപരിഹാരമായി സ്വീകരിച്ച് മുപ്പതു വര്‍ഷം മുമ്പ് മുപ്പത് മീറ്റര്‍ വീതി കൂട്ടുന്നതിനു വേണ്ടി സ്ഥലം വിട്ടു കൊടുത്തവര്‍ നാല്‍പത്തി അഞ്ചു മീറ്റര്‍ വീതിക്കായി വീണ്ടും സ്ഥലവും പാര്‍പ്പിടവും സ്ഥാപനങ്ങളും നഷ്ടപ്പെടുത്തി ദുരിതത്തിലേക്കു തള്ളിവിടുന്ന നടപടികളോട് കോണ്‍ഗ്രസിനു പങ്കു ചേരാന്‍ കഴിയില്ലെന്ന് എം.പി അഭിപ്രായപ്പെട്ടു.
2013ല്‍ യു.പി.എ സര്‍ക്കാര്‍ നടപ്പിലാക്കിയ ലാന്റ് അക്വിസിഷന്‍ ആക്റ്റ് അനുസരിച്ചുള്ള കൂടുതല്‍ നഷ്ടപരിഹാര തുക ലഭിക്കുന്ന തരത്തിലായിരിക്കണം സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ മുന്നോട്ടു കൊണ്ടു പോകേണ്ടത്. ദേശിയ പാത വികസനത്തിനായി ഏറ്റെടുക്കുന്ന സ്ഥലത്തിനു മാര്‍ക്കറ്റ് വിലയുടെ നാലിരട്ടി ലഭിക്കുമെന്ന ഉറപ്പ് ബന്ധപ്പെട്ട ഉദ്യോസ്ഥരില്‍ നിന്ന് രേഖാമൂലം ലഭ്യമാക്കണമെന്ന് യോഗം നിര്‍ദേശിച്ചു.
കൊച്ചി മെട്രോ റെയില്‍ നിര്‍മാണത്തിന്റെ സ്ഥലമേറ്റെടുക്കല്‍ നടപടികളില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കൈ കൊണ്ട രീതിയിലുള്ള നടപടിക്രമങ്ങള്‍ ദേശിയ പാത വികസന സ്ഥലമെടുപ്പു നടപടികളിലും കൈക്കൊള്ളുന്നത് ഉചിതമായിരിക്കുമെന്ന് യോഗം വിലയിരുത്തി. ദേശിയ പാതയിലുള്‍പ്പെടുന്ന ചേരാനല്ലൂര്‍ ഉള്‍പ്പടെയുള്ള ജങ്ഷനുകളുടെ വികസനം ബട്ടര്‍ഫ്‌ളൈ മോഡലില്‍ വികസിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.
ഇക്കാര്യത്തിനു ആവശ്യമായി വരുന്ന മിനിമം സ്ഥലം മാത്രമെ ഉപയോഗപ്പെടുത്താന്‍ പാടുള്ളുവെന്ന് ജനപ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ ഏറെ നഷ്ടം സഹിക്കേണ്ടി വരുന്നവര്‍ക്ക് നഷ്ട പരിഹാരം നല്‍കുന്നതില്‍ കൂടുതല്‍ അനഭാവപൂര്‍ണമായ നടപടികള്‍ ഉണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് റ്റി.ജെ വിനോദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എമാരായ വി.ഡി സതീശന്‍, ഹൈബി ഈഡന്‍, മുന്‍ എം.പി കെ.പി ധനപാലന്‍ ഈ മേഖലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാര്‍, കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.