2019 April 26 Friday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

ദേശവും ദേശാടനങ്ങളും നിറഞ്ഞ ലോകം

പി. സുരേന്ദ്രന്‍#

 

 

അബു ഇരിങ്ങാട്ടിരി കൃതഹസ്തനായ എഴുത്തുകാരനാണ്. കഥ-നോവല്‍ സാഹിത്യത്തിലെ നിറസാന്നിധ്യം. മറ്റ് എഴുത്തുകാര്‍ക്കിടയില്‍ അബുവിനെ ശ്രദ്ധേയനാക്കുന്നത് ജന്മദേശത്ത് വേരാഴ്ത്തി വളര്‍ന്ന എഴുത്തുകാരനാണ് എന്റെയീ സുഹൃത്ത് എന്നതാണ്. കിഴക്കന്‍ ഏറനാട്ടിലെ ചേറുമ്പ് എന്ന ദേശവുമായി ബന്ധപ്പെട്ടുകിടക്കുന്ന പുരാവൃത്തങ്ങള്‍ അബുവിന്റൈ രചനാലോകത്ത് ഏറെയുണ്ട്.
ചേറുമ്പിന്റെ കഥാകാരന്‍, ഏറനാടന്‍ ഭാഷയുടെയും സംസ്‌കാരത്തിന്റെയും ആത്മാവ് തൊട്ടറിഞ്ഞ എഴുത്തുകാരന്‍ എന്നൊക്കെ അബു ഇരിങ്ങാട്ടിരിയെ വിശേഷിപ്പിക്കുന്നത് അതുകൊണ്ടാണ്. ഏറനാടന്‍ ഭാഷയും ഭാവനയും അബുവിന്റെ രചനകളില്‍ സമന്വയിക്കുന്നതുകാണാം. മലയാളത്തില്‍ ആധുനികതയ്ക്കുശേഷം രൂപപ്പെട്ട ആഖ്യാന പരിസരത്താണ് അബു ഇരിങ്ങാട്ടിരിയുടെ രചനകള്‍ നില്‍ക്കുന്നത്. അതും ജീവിതഗന്ധിയായ ആഖ്യാനങ്ങളിലൂടെ. ‘പ്യൂരിറ്റി’യുടെ സങ്കല്‍പ്പങ്ങളെ അതു നിരാകരിച്ചു. പോസ്റ്റ്‌മോഡേണ്‍ എന്നു പറയാവുന്ന ഒരു തലം അബുവിന്റെ കഥകള്‍ കൈവരിച്ചതിങ്ങനെയാണ്. മനുഷ്യകേന്ദ്രീകൃതം തന്നെയാണ് ഈ കഥകള്‍. മനുഷ്യന്റെ ഉയര്‍ച്ച താഴ്ചകള്‍, ജീവിതാസക്തി, ക്രൗര്യം, നിരാംലംബത ഇവയൊക്കെ അബു പ്രമേയമാക്കി. ആഖ്യാനത്തിനും കഥാപാത്രങ്ങള്‍ക്കും തുല്യപ്രാധാന്യം കിട്ടി. ഈ സമാഹാരത്തിലെ കഥകളും ഇത്തരം സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന മികച്ച കഥകളാണ്. ആധുനികാനന്തര രചനകളെന്ന് ഞാനിവയെ വിശേഷിപ്പിക്കുന്നത് ഇതുകൊണ്ടാണ്.
ഗള്‍ഫ് പ്രവാസത്തിന്റെ അനുഭവ പരിസരം മറ്റൊന്നാണ്. വൈവിധ്യമാര്‍ന്ന ഭൂഭാഗങ്ങളും വിവിധ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന മനുഷ്യരും മലയാള ഭാഷയിലേക്കു വന്നത് ഗള്‍ഫ് പ്രവാസത്തിലൂടെയാണ്. ഭാഷ, സംസ്‌കാരം, ദേശീയത ഇവക്കൊക്കെ പുതിയ മാനം കണ്ടെത്താന്‍ പ്രവാസം സഹായകരമായി. തറവാടിത്തഘോഷങ്ങളില്‍നിന്നു പുറത്തുകടക്കാനും മൗഢ്യങ്ങളെ അതിജീവിക്കാനും പ്രേരണയായത് പ്രവാസമാണ്. അബുവിന്റെ ഈ സമാഹാരത്തിലെ പല കഥകളും പ്രവാസാനുഭവങ്ങളില്‍നിന്നു പിറന്നതാണ്. അതിനാല്‍ത്തന്നെ ചേറുമ്പ് പുരാവൃത്തങ്ങളില്‍നിന്ന് ഏറെ വ്യത്യസ്തമാണ് ഈ കഥകള്‍.
‘ദേശായനം’ ഒരയനത്തിന്റെ കഥയാണ്. മധ്യവര്‍ഗവിഭാഗം കണ്ടെത്തുന്ന സുഖശീതളമായ ലോകത്തെ ജീവിതലഹരി കൊടും വേഗതയിലെത്തിക്കുകയും പിന്നെ ദുരന്തത്തിലേക്കു വഴിമാറുകയും ചെയ്യുന്നു. ജീവിതയാത്ര അപ്രതീക്ഷിത പര്യവസാനത്തില്‍ എത്തുന്നതോടെ കാറിനകത്തെ ശീതളിമ ഒരു ദുരന്തത്തെ അഭിമുഖീകരിക്കുന്നതോടെ ഒരാഘാതത്തില്‍ വായനക്കാരുമെത്തുന്നു. ലഹരിക്കടിമപ്പെടുമ്പോള്‍ വേഗത പോരാ പോരാ എന്നു തോന്നും. വേഗത കൂട്ടിക്കൊണ്ടിരിക്കുമ്പോള്‍ ഒടുവില്‍ മനുഷ്യന്റെ നിയന്ത്രണത്തില്‍ ഒന്നും കിട്ടാതാവും. ഈ കഥയിലെ കാറിന്റെ ഗതിവേഗം അങ്ങനെയാണ്.
കാറിനകത്തെ മധ്യവര്‍ഗക്കാര്‍ പാനസദസുകളില്‍ സാധാരണ സംഭവിക്കുന്നതുപോലെ ജീവിതത്തെക്കുറിച്ചു പലതരം വിചാരങ്ങള്‍, ചുഴികളില്ലാത്ത ജീവിതത്തിന്റെ സാധാരണ സത്യങ്ങള്‍, ചിലപ്പോള്‍ അസാധാരണമായ ദാര്‍ശനികവിചാരങ്ങളും ചര്‍ച്ചചെയ്യുന്നു. അപ്പോഴും കാറിന്റെ ഗതിവേഗം പോര പോര എന്നുതന്നെയാണു തോന്നല്‍. കൂട്ടിക്കൊണ്ടിരിക്കുന്ന വേഗത മധ്യവര്‍ഗക്കാരന്റെ ആര്‍ത്തി കൂടിയാണ്. ആര്‍ത്തി കാരണം നിലതെറ്റുന്ന മധ്യവര്‍ഗത്തെക്കുറിച്ചു പറയുമ്പോള്‍ അവരുടെ യാത്ര കാറിനകത്താവുന്നതിലുമുണ്ട് സവിശേഷതകള്‍. മധ്യവര്‍ഗമോഹങ്ങളെ കുറച്ചൊന്നുമല്ല കാര്‍ എന്ന വാഹനം പ്രതീകവല്‍ക്കരിക്കുന്നത്. ചുരുക്കത്തില്‍, സാധാരണയായി തുടങ്ങി അസാധാരണത്വത്തില്‍ എത്തിനില്‍ക്കുന്ന കഥയാണു ദേശായനം. യാത്ര പ്രമേയമായി മലയാളത്തിലുണ്ടായ മികച്ച രചനകളിലൊന്ന്.
ഹിംസാത്മകമായി മാറുന്ന ഒരു സമൂഹത്തെയാണു നാം കാണുന്നത്. നല്ലത്, ചീത്ത എന്നൊക്കെ നാം വേര്‍തിരിച്ചത് അട്ടിമറിക്കപ്പെട്ട കാലം. നീതിരാഹിത്യം ജനങ്ങളെ നൈതികജാഗ്രത ഇല്ലാത്തവരാക്കി മാറ്റുകയും ചെയ്യാം. ക്വട്ടേഷന്‍ സംഘങ്ങളെ എല്ലാവര്‍ക്കും ആശ്രയിക്കണം എന്നായിരിക്കുന്നു. തല വെട്ടിയരിയുന്നത് തെറ്റായി കാണാത്ത ഒരു കാലം നമ്മെ ചുറ്റിവരിയുന്നു. മരിച്ചുവീഴുന്ന ഒരുവന് (അഥവാ ഒരുവള്‍ക്ക്) ചുറ്റും അനാഥത്വം വലംവയ്ക്കുന്നത് ആര്‍ക്കും കാണാന്‍ പറ്റാതായി. സിനിമകളും കൊലവിളി നടത്തുന്ന നായകന്മാരെക്കൊണ്ടു നിറയുന്നു. ഉന്മൂലനം ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമായി ആദര്‍ശവല്‍ക്കരിക്കുന്ന തീവ്രരാഷ്ട്രീയ പ്രകടനങ്ങള്‍ ലോകമെങ്ങുമുണ്ട്. ഈയൊരു പപശ്ചാത്തലത്തിലാണ് അബുവിന്റെ ‘എക്‌സ്‌ക്ലൂസിവ് ‘ പിറവിയെടുക്കുന്നത്.
‘പൊള്ളലുകള്‍’ ഗള്‍ഫുകാരന്റെ പങ്കപ്പാടുകളുടെ കഥയാണ്. കുടുംബം പോറ്റാനായി പ്രവാസിയായി ജീവിക്കുമ്പോള്‍ നാടിനു വരുന്ന മാറ്റം, മനുഷ്യബന്ധങ്ങള്‍ക്കിടയിലെ അകലങ്ങള്‍ ഒന്നും കാണാന്‍ സാധിക്കാതാവുന്ന സുഭദ്രന്റെ കഥയാണിത്. ഇങ്ങനെയൊരു പാത്രസൃഷ്ടി നടത്തുമ്പോള്‍ സുഭദ്രന്‍ എന്ന പേര് കണ്ടെത്തുന്നതിലുമുണ്ട് വ്യതിരേകം. പേരില്‍ ഭദ്രതയുണ്ടെങ്കിലും ജീവിതം ഭദ്രമേ അല്ല. പ്രവാസത്തിനുമുന്‍പുള്ള നാട്ടിലെ ജീവിതത്തിലൂടെ രൂപപ്പെട്ട ജീവിതവീക്ഷണം പഴഞ്ചനാവുന്നത് സുഭദ്രനെന്ന പാവത്താന്‍ അറിയുന്നില്ല. അവന്റെ പൊള്ളലുകള്‍ പങ്കിടാന്‍ ഏറെപ്പേര്‍ ഉണ്ടാവണമെന്നുമില്ല. തലമുറകളുടെ വിടവ് സുഭദ്രനെ കൂടുതല്‍ ഏകാകിയാക്കും. ഗള്‍ഫിലേക്ക് ചേക്കേറുന്ന മധ്യവര്‍ഗക്കാരന്റെ ആത്മരക്തം തൊട്ടെഴുതിയ കരുത്തുറ്റ കഥയാണിത്.
പാപത്തിന്റെ ശമ്പളത്തെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലാണ് ‘അതിശയ നക്ഷത്രമായി ലോപ്പസ’ എന്ന കഥ. പേരിന്റെ കൗതുകവും ബൈബിള്‍വചനങ്ങളുടെ മുഴക്കവും ഒക്കെ ഈ കഥയില്‍നിന്ന് അനുഭവിക്കാം. ജീവിതത്തോടൊപ്പം മരണവുമുണ്ട് ഈ കഥയില്‍. പുണ്യപാപങ്ങളുടെ അതിരുകളെക്കുറിച്ചുള്ള വിഹ്വലതകളുണ്ട്. അബു ഇരിങ്ങാട്ടിരിയുടെ ആഖ്യാനങ്ങളില്‍ വേറിട്ടുനില്‍ക്കുന്ന ഒരു രചനയുമാണിത്. പാപങ്ങള്‍കൊണ്ട് പടുത്തുകെട്ടിയ ജീവിതവും വാര്‍ധക്യത്തില്‍ ആഗ്രഹിക്കുന്നതു പുണ്യം നിറഞ്ഞ മരണമായിരിക്കും. അനായാസേന മരണം. കഥയുടെ ഇഴകളില്‍ ചേര്‍ന്നുകിടക്കുന്ന ക്രിസ്തീയ കുടിയേറ്റ ജീവിതവും ശ്രദ്ധേയമാണ്.
ചിന്നമ്മയെന്ന കഥാപാത്രം കണ്ണീരു കരുത്താക്കിയവളാണ്. ‘അധിനിവേശ’വും ഇതേ തരത്തില്‍പ്പെട്ട കഥയാണ്. കിഴക്കന്‍ ഏറനാട്ടില്‍ ജനിച്ചുവളര്‍ന്ന അബുവിന് ക്രിസ്തീയ കുടിയേറ്റ ജീവിതവും പരിചിതം തന്നെ. പണവും പണസമ്പാദനവും മാത്രം ലക്ഷ്യമാവുന്ന ജീവിതം പാപങ്ങളുടെ അടിത്തറയിലാവും പടുത്തുകെട്ടുക. പണം എല്ലാ സൗഭാഗ്യങ്ങളും കൊണ്ടുവരുമെന്നു വിശ്വസിക്കുമ്പോള്‍ ജീവിതത്തിനു ഒരു നൈതിക ജാഗ്രതയും ആവശ്യമില്ലെന്നാവും. പാപം കൊണ്ടു പടുത്തുകെട്ടിയ ജീവിതഗോപുരത്തിലെ ആനന്ദോത്സവത്തിന്റെ ആവിഷ്‌കാരത്തിനുമുണ്ട് ഏറെ സവിശേഷത.
മനുഷ്യജീവിതത്തെക്കുറിച്ച് എത്ര എഴുതിയാലും കൊതിതീരാത്ത എഴുത്തുകാരനാണ് അബു ഇരിങ്ങാട്ടിരി. മജ്ജയും മാംസവുമുള്ള കഥാപാത്രങ്ങള്‍ അബുവിന്റെ രചനാലോകത്ത് ധാരാളമുണ്ട്. ദേശവും ദേശാടനങ്ങളും നിറഞ്ഞ സമ്പന്നമായ കഥാലോകമാണത്. അതുകൊണ്ടുതന്നെ അബു ഇരിങ്ങാട്ടിരിയുടെ കഥകള്‍ക്ക് അമിതവ്യാഖ്യാനങ്ങള്‍ ചമയ്ക്കാനൊന്നും ഞാന്‍ മുതിരുന്നില്ല. മുന്‍വിധികളില്ലാതെ വായനക്കാര്‍ ഈ കഥകള്‍ സ്വീകരിക്കുമെന്ന കാര്യത്തില്‍ എനിക്കൊട്ടും സംശയമില്ല.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.