2019 January 19 Saturday
ഒരു നല്ല വാക്ക് പറയുന്നതും അരോചകമായത് ക്ഷമിക്കുന്നതും ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉല്‍കൃഷ്ടമാകുന്നു

ദുരിത ബാധിതര്‍ക്ക് ആശ്വാസവുമായി ലൈറ്റ് ആന്റ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍

മൂവാറ്റുപുഴ: പ്രതിസന്ധിയിലായെങ്കിലും ദുരിത ബാധിതര്‍ക്ക് കൈതാങ്ങുമായി മൂവാറ്റുപുഴ താലൂക്ക് ലൈറ്റ് ആന്റ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍. പ്രളയ ദുരന്തം വിവിധ തൊഴില്‍ മേഖലയില്‍ തിരിച്ചടി സൃഷ്ടിച്ചപ്പോള്‍ ഗ്രാമപ്രദേശങ്ങളില്‍ ഓണാഘോഷങ്ങളും ചതയദിനാഘോഷങ്ങളും ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളും ഇതതര പരിപാടികളും മാറ്റിവച്ചത് ലൈറ്റ് ആന്റ് സൗണ്ട് മേഖലയിലും കനത്ത ആഘാതമാണ് സൃഷ്ടിച്ചത്. കാലവര്‍ഷത്തെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ മൂവാറ്റുപുഴയില്‍ മാത്രം നിരവധി ലൈറ്റ് ആന്റ് സൗണ്ട് ഉടമകളുടെ കടകളില്‍ വെള്ളം കയറി ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. ഇത് പലരുടെയും ജീവിതം തന്നെ പ്രതിസന്ധിയിലാക്കി. എന്നാല്‍ ഇതൊന്നും വകവയ്ക്കാതെ പ്രളയ ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്ന ആനേകായിരങ്ങള്‍ക്ക് ആശ്രയമാകുകയായിരുന്നു മൂവാറ്റുപുഴ താലൂക്ക് ലൈറ്റ് ആന്റ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേന്‍.
ദുരിതാശ്വാസ ക്യാംപുകളടക്കം ഇരുട്ടിലായപ്പോള്‍ ജനറേറ്റര്‍ ഉപയോഗിച്ച് ലൈറ്റുകള്‍ സ്ഥാപിച്ച് നല്‍കി ലൈറ്റ് ആന്റ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. വിവിധ ക്യാംപുകളില്‍ ഭക്ഷണ വിതരണവും അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്നു. വെള്ളം ഇറങ്ങിയതോടെ ദുരിതം വിതച്ച മൂവാറ്റുപുഴ, പറവൂര്‍ പ്രദേശങ്ങളിലെ 100കണക്കിന് കിണറുകളാണ് ശുചീകരിച്ച് നല്‍കിയത്. ശുചീകരണ പ്രവര്‍ത്തനങ്ങല്‍ക്ക് വെല്‍ഫെയര്‍ അസോസിയേഷന്‍ താലൂക്ക് ഭാരവാഹികളായ ജയിംസ് മാത്യു, സി.എന്‍.പ്രദീപ്, ബൈജു കുമാര്‍, എം.പി.മുഹമ്മദ്, അജിത് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പ്രദേശങ്ങളില്‍ എം.എല്‍.എമാരായ എസ്.ശര്‍മ, വി.ഡി.സതീഷന്‍, എല്‍ദോ എബ്രഹാം, അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് തമ്പി നാഷ്ണല്‍ എന്നിവര്‍ അഭിനന്ദനവുമായി എത്തിയിരുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.