2019 April 26 Friday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

ദുരിതാശ്വാസ സഹായങ്ങള്‍ നേരിട്ടെത്തിച്ച് കോക്കല്ലൂര്‍ സര്‍ക്കാര്‍ വിദ്യാലയ കൂട്ടായ്മ

 

കോക്കല്ലൂര്‍: കേരളത്തില്‍ പ്രളയ ദുരിതവും ഉരുള്‍പൊട്ടല്‍ ദുരന്തവും അനുഭവിച്ച കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം ജില്ലകളിലെ ഇരുപത്തിയഞ്ചോളം കേന്ദ്രങ്ങളില്‍ നേരിട്ട് സഹായമെത്തിച്ച് കോക്കല്ലൂര്‍ സര്‍ക്കാര്‍ വിദ്യാലയത്തിലെ അധ്യാപക വിദ്യാര്‍ഥി കൂട്ടായ്മ.
ജീവകാരുണ്യ സേവന പ്രവര്‍ത്തന രംഗത്ത് മാതൃകയായി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ സ്‌കൗട്ട് ട്രൂപ്പ്, എന്‍.എസ്.എസ് യൂനിറ്റ്, പൂര്‍വ വിദ്യാര്‍ഥി സംഘം – ഇക്കോസ്, ഇപ്പോള്‍ പഠിക്കുന്ന കുട്ടികള്‍ എന്നിവരോടൊപ്പം ബാലുശേരി ശ്രീ ഗോകുലം കോളജ്, വായനശാലകള്‍, ക്ലബുകള്‍, മലപ്പുറം സ്റ്റാര്‍ ഹെല്‍ത്ത്, വാട്‌സ് ആപ് സംഘങ്ങള്‍ എന്നിവരും ഒത്തുചേര്‍ന്നപ്പോള്‍ വളരെ വലിയ സഹായങ്ങള്‍ ആവശ്യക്കാര്‍ക്ക് കൃത്യമായി എത്തിക്കാന്‍ ഈ കൂട്ടായ്മക്ക് കഴിഞ്ഞു.
ഓഗസ്റ്റ് മാസത്തില്‍ കര്‍മ രംഗത്തിറങ്ങിയ ഈ കൂട്ടായ്മ ഇപ്പോഴും പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. കോഴിക്കോട് ജില്ലയിലെ ബാലുശേരി ബോയ്‌സ്, എസ്.എന്‍.എസ്.എസ് നന്മണ്ട, തത്തമ്പത്ത്, കണ്ണപ്പന്‍ കുണ്ട് ,പുതുപ്പാടി, ഒളവണ്ണ , എടക്കാട്, കൂടരഞ്ഞി, കൂരാച്ചുണ്ട്, മാങ്കാവ്, പൂവമ്പായി, കിനാലൂര്‍, സി.കെ.ജി കോളജ് എന്നിവിടങ്ങളില്‍ ആദ്യ ദിവസം വിവിധ ഗ്രൂപ്പുകളായി ചെന്ന് എണ്‍പത്തി അയ്യായിരം രൂപയുടെ സഹായമെത്തിച്ചു.
അടുത്ത ദിവസം നിലമ്പൂര്‍, വണ്ടൂര്‍, എടക്കാട്, ഒളവണ്ണ എന്നിവിടങ്ങളില്‍ അമ്പതിനായിരം രൂപയുടെ സഹായങ്ങളും വയനാട്ടിലെ ഇരുളം, ചീയമ്പം കോളനികളിലെ ആദിവാസി ഊരുകളില്‍ എഴുപത്തി അയ്യായിരം രൂപയുടെ സഹായങ്ങളുമെത്തിച്ചു. തുടര്‍ന്ന് മലപ്പുറം സ്റ്റാര്‍ ഹെല്‍ത്ത്, ബാലുശേരി ശ്രീ ഗോകുലം കോളജ് എന്നിവരുടെ സഹകരണത്തോടെ എടവണ്ണയില്‍ നൂറ്റി ഇരുപത് ഭക്ഷണസാധനങ്ങള്‍ അടങ്ങിയ കിറ്റുകളും എറണാകുളം ജില്ലയിലെ നോര്‍ത്ത് പരവൂരില്‍ സ്‌കൂളിലെ പതിനഞ്ച് അംഗ സംഘം ചിറ്റാറ്റുകര, ചെറിയ പല്ലം തുരുത്ത്, പട്ടണം എന്നിവിടങ്ങളില്‍ നേരിട്ടു ചെന്ന് നൂറ്റി ഇരുപത്തി അഞ്ച് കുടുംബങ്ങളില്‍ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയുടെ സഹായങ്ങള്‍ നല്‍കി.
കരിഞ്ചോലയിലെ ഉരുള്‍പൊട്ടല്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് സ്‌കൂളിലെ സ്‌കൗട്ട് ട്രൂപ്പും എന്‍.എസ്.എസ് യൂനിറ്റും പണം സമാഹരിച്ചു നല്‍കി.
സ്‌കൂളില്‍ സമാഹരിച്ച ആയിരത്തിലധികം നോട്ട് ബുക്കുകള്‍, പേനകള്‍, പെന്‍സിലുകള്‍, മറ്റ് പഠനോപകരണങ്ങള്‍ എന്നിവ ചെങ്ങന്നൂര്‍, വയനാട്, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ സ്‌കൗട്ട് ട്രൂപ്പ്, എന്‍.എസ്.എസ്, ഇക്കോസ് പൂര്‍വ വിദ്യാര്‍ഥി സംഘം, കുട്ടികള്‍ ആവശ്യമായവര്‍ക്ക് എത്തിച്ച് കൊടുക്കുകയും ചെയ്തു.
ഹയര്‍ സെക്കന്‍ഡറി പൂര്‍വ വിദ്യാര്‍ഥികളായ ഇമ.വി.ആര്‍, അര്‍ജുന്‍, ശരണ്യ, ശ്രീക്കുട്ടന്‍, അസ്ലു റഷാദ് രക്ഷാപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്താന്‍ സഹായിച്ചുകൊണ്ട് ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെ സേവനവും നല്‍കി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും വിദ്യാഭ്യാസ വകുപ്പിലേക്കും സാമ്പത്തിക സഹായം എത്തിക്കുകയാണ് കുട്ടായ്മയുടെ അടുത്ത പദ്ധതി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.