2019 January 19 Saturday
ഒരു നല്ല വാക്ക് പറയുന്നതും അരോചകമായത് ക്ഷമിക്കുന്നതും ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉല്‍കൃഷ്ടമാകുന്നു

ദുരിതാശ്വാസ ഫണ്ടിനായി മന്ത്രിമാരുടെ യാത്ര 14 രാജ്യങ്ങളില്‍

തിരുവനന്തപുരം: മഹാപ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് വിപുലമായ ധനസമാഹരണത്തിന് സര്‍ക്കാര്‍. ലോകമെങ്ങുമുള്ള മലയാളികളില്‍നിന്ന് ദുരിതാശ്വാസ ഫണ്ട് പിരിക്കാന്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം യാത്രചെയ്യുന്നത് 14 രാജ്യങ്ങളില്‍.
നിയമസഭാ സമ്മേളനം കഴിഞ്ഞശേഷം രാത്രി ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്. ലോക കേരളസഭ അംഗങ്ങളെയും പ്രവാസി സംഘടനകളെയും സഹകരിപ്പിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ധനശേഖരണം നടത്തും. ഇതിനുവേണ്ടി ഒരു മന്ത്രിയും ആവശ്യമായ ഉദ്യോഗസ്ഥരുമായിരിക്കും വിദേശ രാജ്യങ്ങളിലെത്തുക. യു.എ.ഇ, ഒമാന്‍, ബഹ്‌റൈന്‍, സഊദി അറേബ്യ, ഖത്തര്‍, കുവൈത്ത്, സിംഗപ്പൂര്‍, മലേഷ്യ, ആസ്‌ത്രേലിയ, ന്യൂസിലന്റ്, യു.കെ, ജര്‍മ്മനി, യു.എസ്.എ, കാനഡ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് പ്രവാസികളില്‍ നിന്ന് ധനസമാഹരണം നടത്താനാണ് തീരുമാനം. കൂടാതെ രാജ്യത്തിനകത്തുള്ള പ്രവാസികളില്‍നിന്നും അതത് സ്ഥലങ്ങളിലെത്തി ധനശേഖരണം നടത്തും.
കേരളത്തിന്റെ പുനര്‍നിര്‍മാണത്തില്‍ പങ്കാളികളാകാന്‍ താല്‍പര്യമുളള വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും സ്ഥാപനങ്ങളില്‍നിന്നും ഈ മാസം 10 മുതല്‍ 15 വരെ ജില്ലാ കേന്ദ്രങ്ങളില്‍ ഫണ്ട് ശേഖരണം നടത്തും. എല്ലാ ജില്ലകളിലും പ്രാദേശിക കേന്ദ്രങ്ങള്‍ നിശ്ചയിച്ച് മന്ത്രിമാരും ഉദ്യോഗസ്ഥരും ഫണ്ട് ഏറ്റു വാങ്ങും. ഇതിനു മുന്നോടിയായി തിങ്കളാഴ്ച എല്ലാ ജില്ലകളിലും ധനസമാഹരണ പരിപാടിയുടെ സംഘാടനത്തെക്കുറിച്ച് ആലോചിക്കുന്നതിന് ജില്ലാ കലക്ടര്‍മാര്‍ ജില്ലയിലെ വകുപ്പ് മേധാവികളുടെ യോഗം വിളിക്കും. അഡീഷണല്‍ ചീഫ് സെക്രട്ടറി തലത്തിലുളള ഉദ്യോഗസ്ഥര്‍ ഈ യോഗങ്ങളില്‍ പങ്കെടുക്കും. ജില്ലകളിലെ ധനസമാഹരണത്തിന് കാസര്‍കോട്, ഇ. ചന്ദ്രശേഖരനും, കണ്ണൂരില്‍ ഇ.പി. ജയരാജന്‍, കെ.കെ. ശൈലജ, വയനാട്ടില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി,കോഴിക്കോട്ട് ടി.പി. രാമകൃഷ്ണന്‍, എ.കെ. ശശീന്ദ്രന്‍, മലപ്പുറത്ത് കെ.ടി. ജലീല്‍, പാലക്കാട്ട് എ.കെ. ബാലന്‍, തൃശൂരില്‍ സി. രവീന്ദ്രനാഥ്, വി.എസ്. സുനില്‍കുമാര്‍,എറണാകുളത്ത് എ.സി. മൊയ്തീന്‍ (ഇ.പി. ജയരാജന്‍ സഹായിക്കും),ഇടുക്കിയില്‍ എം.എം. മണി,കോട്ടയത്ത് തോമസ് ഐസക്, കെ. രാജു,ആലപ്പുഴയില്‍ ജി. സുധാകരന്‍, തിലോത്തമന്‍,പത്തനംതിട്ടയില്‍ മാത്യു ടി തോമസ്, കൊല്ലത്ത് മേഴ്‌സിക്കുട്ടിയമ്മ,തിരുവനന്തപുരത്ത് കടകംപള്ളി സുരേന്ദ്രന്‍ എന്നീ മന്ത്രിമാര്‍ക്ക് ചുമതല നല്‍കി.
കൂടാതെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഈ മാസം 11ന് ധനസമാഹരണം നടത്തും. സംസ്ഥാനത്തെ സി.ബി.എസ്.സി, ഐ.സി.എസ്.സി. സ്ഥാപനങ്ങളെയും ധനസമാഹരണ പരിപാടിയില്‍ പങ്കാളികളാക്കും.
അതിനിടെ പ്രളയക്കെടുതിയെ നേരിടാന്‍ കേരളത്തിനകത്തും പുറത്തുനിന്നുമുള്ള സഹായപ്രവാഹം ആയിരം കോടി കവിഞ്ഞു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.