2018 September 23 Sunday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

ദുരിതാശ്വാസ നിധി: സഹായം തേടി വീണ്ടും ജനങ്ങളിലേക്ക്

 

കുന്നുംകൈ: പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തെ പുനസൃഷ്ടിക്കാന്‍ പൊതുസമൂഹത്തിന്റെ പിന്തുണതേടി സര്‍ക്കാര്‍ ജനങ്ങളിലേക്കിറങ്ങുന്നു. മന്ത്രി ഇ. ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ കലക്ടര്‍, ജില്ലാ പൊലിസ് മേധാവി എന്നിരടക്കം താലൂക്ക് തലത്തില്‍ ജനങ്ങളെ നേരില്‍ക്കണ്ട് സഹായങ്ങള്‍ സ്വീകരിക്കും. വെള്ളരിക്കുണ്ട് താലൂക്ക്തല ഫണ്ട് സ്വീകരണം വ്യാഴാഴ്ച രാവിലെ പത്തു മുതല്‍ ഒന്നുവരെ പരപ്പ ബ്ലോക്ക് ഓഫിസില്‍ വച്ച് നടക്കും.
ഇതിന്റെ മുന്നോടിയായി ഇന്ന് താലൂക്കിലെ ഏഴ് പഞ്ചായത്തിലും പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, ജനപ്രതിനിധികള്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍, വില്ലേജ് ഓഫിസര്‍ അടങ്ങിയ സ്‌ക്വാഡ് വ്യക്തികള്‍, സ്ഥാപനങ്ങള്‍, വിവിധ സംഘടനകള്‍ എന്നിവരെ നേരില്‍കണ്ട് സഹായം അഭ്യര്‍ഥിക്കും. പൊതുസമൂഹം നല്‍കുന്ന സഹായം ചെക്ക് ആയോ ഡ്രാഫ്റ്റ് ആയോ മന്ത്രിയുടെ നേതൃത്വത്തില്‍ സ്വീകരിക്കും.
ആദ്യഘട്ടം മുതല്‍തന്നെ മലയോരമേഖലയില്‍നിന്ന് നിരവധി സഹായങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കുഞ്ഞുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവരും അവരുടെ ആഘോഷങ്ങള്‍ ഒഴിവാക്കി തുക ദുരിതാശ്വാസത്തിനായി നീക്കിവച്ചു. മലയോരത്ത് ഒരു സ്ഥലത്തും നിശ്ചയിച്ച ഓണാഘോഷം നടത്തിയിരുന്നില്ല. അതിനായി സ്വരൂപിച്ച തുക അവര്‍ ദുരിതാശ്വാസത്തിനായി നല്‍കി. ക്ഷേത്രങ്ങള്‍, പള്ളികള്‍ അടക്കമുള്ള ആരാധനാലയങ്ങള്‍, കുടുംബശ്രീ, സ്വയംസഹായസംഘങ്ങള്‍, ക്ലബുകള്‍, സ്‌കൂളുകള്‍, യുവജനസംഘടനകള്‍, തുടങ്ങി നാനാഭാഗത്തുനിന്ന് സഹായങ്ങള്‍ നല്‍കി വരികയാണ്.
ഭക്ഷ്യധാന്യങ്ങള്‍, വസ്ത്രങ്ങള്‍, മരുന്നുകള്‍ എന്നിവ അയച്ചും പ്രളയത്തിനുശേഷം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തും മലയോരജനത സമാനതകളില്ലാത്ത ആശ്വാസ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. പരപ്പയില്‍ നടക്കുന്ന ദുരിതാശ്വാസസഹായ സ്വീകരണ ക്യാംപ് വന്‍വിജയമാക്കാന്‍ മുഴുവന്‍ ജനങ്ങളും രംഗത്തിറങ്ങണമെന്ന് വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ അഭ്യര്‍ഥിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.