2019 August 25 Sunday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

ദുരിതാശ്വാസം,സര്‍ക്കാര്‍ വാഗ്ദാനം പാലിക്കണം: യു.ഡി.എഫ്

തൊടുപുഴ : പ്രകൃതിക്ഷോഭ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ നടപ്പിലാക്കാന്‍ അടിയന്തര നടപടി വേണമെന്ന് യു.ഡി.എഫ്. ഇടുക്കി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞ മുഴുവന്‍ കുടുംബങ്ങള്‍ക്കും പതിനായിരം രൂപ വീതം നല്‍കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇടുക്കിയില്‍ അത് ലഭ്യമാക്കിയിട്ടില്ല. രണ്ടു ദിവസമെങ്കിലും വെള്ളം കയറിയ വീടുകളില്‍ കഴിഞ്ഞവര്‍ക്കും മാത്രമേ ഈ ധനസഹായത്തിന് അര്‍ഹതയുള്ളൂ എന്ന നിലപാടാണ് ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ളത്.
ഈ തീരുമാനം ഇടുക്കി ജില്ലയില്‍ അശാസ്ത്രീയമാണ്. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞിട്ടുള്ള മുഴുവന്‍ കുടുംബങ്ങള്‍ക്കും പണം ലഭ്യമാക്കണം. ഉരുള്‍പൊട്ടലില്‍ വീടുകള്‍ നഷ്ടപ്പെട്ട് ക്യാമ്പുകള്‍ക്ക് പുറമേ മറ്റിടങ്ങളില്‍ അഭയം തേടിയ കുടുംബങ്ങള്‍ക്കും പതിനായിരം രൂപ ധനസഹായം നല്‍കുമെന്ന റവന്യു മന്ത്രിയുടെ പ്രഖ്യാപനവും നടപ്പിലാക്കണം. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കും അധിവാസ യോഗ്യമല്ലാതായ വീടുകളുടെ ഉടമസ്ഥതര്‍ക്കും വീട് നിര്‍മ്മിക്കാനുള്ള പണവും ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് പകരം ഭൂമിയും നല്‍കണം. അഞ്ചു ലക്ഷം രൂപ വരെയുള്ള കടങ്ങള്‍ എഴുതിതള്ളണം. മറ്റ് വായ്പകള്‍ തിരിച്ചടവിനുള്ള കാലപരിധി പുനര്‍നിര്‍ണ്ണയിക്കണം.
കൃഷി നാശം സംഭവിച്ചിട്ടുള്ളവര്‍ക്ക് കൃഷി പുനരാരംഭിക്കാന്‍ മൂന്ന് വര്‍ഷക്കാലത്തേയ്ക്ക് പലിശ രഹിത വായ്പ അനുവദിക്കണം. വ്യാപകമായ ഏലം കൃഷി നാശമാണ് ജില്ലയിലുണ്ടായിട്ടുള്ളത്. കുരുമുളക് കൃഷിയും നശിച്ചിട്ടുണ്ട്. ഏലം പുനര്‍കൃഷിയ്ക്ക് സ്‌പൈസസ് ബോര്‍ഡ് സബ്‌സിഡി പുനരാരംഭിക്കണം.
മുഴുവന്‍ പുനര്‍ കൃഷിയ്ക്കും സഹായം അനുവദിക്കണം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും സഹകരണവും യു.ഡി.എഫ് വാഗ്ദാനം ചെയ്തു.യോഗം കേരളാ കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ.ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. അഡ്വ.എസ്.അശോകന്‍ അധ്യക്ഷത വഹിച്ചു.റോഷി അഗസ്റ്റിന്‍ എം.എല്‍.എ, ഇബ്രാഹിംകുട്ടി കല്ലാര്‍, . ഇ.എം.ആഗസ്തി, പ്രൊഫ. എം.ജെ.ജേക്കബ്ബ്, റ്റി.എം.സലിം, എം.എസ്. മുഹമ്മദ്, റോയി കെ.പൗലോസ്, അഡ്വ.ജോയി തോമസ്, എം.ടി. തോമസ്, ഡീന്‍ കുര്യാക്കോസ്, പ്രൊഫ. കെ.ഐ. ആന്റണി, പി.പി. സുലൈമാന്‍ റാവുത്തര്‍ , സെബാസ്റ്റ്യന്‍ വിളക്കുന്നേല്‍, മാര്‍ട്ടിന്‍ മാണി, സുരേഷ് ബാബു, സി.കെ.ശിവദാസ്, കെ.എം.എ. ഷുക്കൂര്‍ പ്രസംഗിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News