2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

ദുരിതമൊഴിയുന്നില്ല: സമരം അവസാനിപ്പിക്കാതെ ഡോക്ടര്‍മാര്‍

 

 

കോഴിക്കോട്: ജനങ്ങളെ വലച്ച് ഡോക്ടര്‍മാരുടെ സമരം മൂന്നാം ദിനത്തിലേക്ക് കടന്നു. ആര്‍ദ്രം പദ്ധതിയുമായി ബന്ധപ്പെട്ട് ഒ.പി സമയം വര്‍ധിപ്പിച്ചതിനെതിരേ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ആരംഭിച്ച സമരമാണ് രണ്ടാം ദിനത്തിലും രോഗികളെ ദുരിതത്തിലാക്കിയത്. രാത്രിയോടെ പ്രഖ്യാപിച്ച സമരം അറിയാതെയെത്തിയ രോഗികളായിരുന്നു ആദ്യദിനത്തില്‍ കൂടുതല്‍ ദുരിതമനുഭവിച്ചത്. സമരത്തെ കുറിച്ച് അറിഞ്ഞതിനാല്‍ ഇന്നലെ ആശുപത്രികളില്‍ താരതമ്യേന രോഗികളുടെ എണ്ണം കുറവായിരുന്നു.
കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയില്‍ ഇന്നലെയും ഹൗസ് സര്‍ജന്‍സി ഡോക്ടര്‍മാരുടെയും നാഷനല്‍ ഹെല്‍ത്ത് മിഷന്‍ പ്രകാരമുള്ള ഡോക്ടര്‍മാരുടെയും സേവനമാണ് ലഭിച്ചത്. അത്യാഹിത വിഭാഗത്തിലെത്തിയ പലരെയും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയാണുണ്ടായത്. ജില്ലയില്‍ 350ലധികം ഡോക്ടര്‍മാരാണ് പണിമുടക്കിലുള്ളത്. സമരത്തിലുള്ള ഡോക്ടര്‍മാരുടെ വിവരങ്ങള്‍ ശേഖരിച്ച് ആരോഗ്യ വകുപ്പിന് കൈമാറുന്നുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാന്‍ കഴിയാത്ത ഗ്രമീണ മേഖലയിലെ ജനങ്ങളെയാണ് സമരം കാര്യമായി ബാധിച്ചിരിക്കുന്നത്. താലൂക്ക് ആശുപത്രികളിലെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെയും ഡോക്ടര്‍മാര്‍ പണിമുടക്കിന്റെ ഭാഗമായതും ജനങ്ങള്‍ക്ക് ഇരുട്ടടിയായി.
കടുത്ത വേനലിനിടെയുണ്ടായ മഴയെ തുടര്‍ന്ന് ഏതാനും സ്ഥലങ്ങളില്‍ പനി പടരുന്ന സാഹചര്യം കൂടിയുണ്ടായതോടെ സ്ഥിതി കൂടുതല്‍ രൂക്ഷമാകുന്ന അവസ്ഥയാണുള്ളത്. അതേസമയം കോഴിക്കോട് മെഡിക്കല്‍ കോളജിനെ സമരത്തില്‍ നിന്നു ഒഴിവാക്കിയതിനാല്‍ ഭൂരിഭാഗം രോഗികളെയും ഇവിടേക്ക് റഫര്‍ ചെയ്യുകയാണ്.
വടകര ജില്ലാ ആശുപത്രിയില്‍ ഒ.പി പ്രവര്‍ത്തനങ്ങള്‍ താളംതെറ്റി. സ്‌പെഷാലിറ്റി ഒ.പികള്‍ പൂര്‍ണമായും നിലച്ചു. മുപ്പത്തിയഞ്ചോളം ഡോക്ടര്‍മാരുള്ളതില്‍ 25 പേരും സമരത്തിലായിരുന്നു. ഒ.പികളിലെത്തിയ രോഗികളെ സ്ഥലത്തുണ്ടായിരുന്ന മറ്റു ഡോക്ടര്‍മാര്‍ പരിശോധിച്ചു. ഒ.പിയില്‍ താരതമ്യേന തിരക്ക് കുറവായിരുന്നു.

 

മെഡിക്കല്‍ കോളജ് ഒ.പിയില്‍ വന്‍ തിരക്ക്

 

ചേവായൂര്‍: ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം മെഡിക്കല്‍ കോളജ് ഒ.പിയെ സാരമായി ബാധിച്ചു. മെഡിക്കല്‍ കോളജ് ഒഴികെയുള്ള സര്‍ക്കാര്‍ ആശുപത്രികളിലാണ് സമരം നടത്തുന്നതെങ്കിലും രോഗികള്‍ കൂട്ടത്തോടെ മെഡിക്കല്‍ കോളജ് ഒ.പിയെ ആശ്രയിച്ചതോടെ വന്‍ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. മെഡിസിന്‍ വിഭാഗത്തില്‍ ഏറെ തിരക്കനുഭവപ്പെട്ടത് ഗുരുതരാവസ്ഥയിലായ രോഗികളെ വലച്ചു.
മറ്റ് ആശുപത്രികളില്‍ നിന്ന് റഫര്‍ ചെയ്യാതെ ഇവിടെ ചികിത്സിക്കില്ലെന്ന് അറിയാത്ത പലരും നിരാശരായി. ഇത്തരത്തില്‍ എത്തിയ നിരവധി രോഗികളും ലോക്കല്‍ ഒ.പിയില്‍ ചികിത്സ തേടി.
ഇതോടെ ലോക്കല്‍ ഒ.പിയിലെ തിരക്ക് ക്രമാതീതമായി ഉയര്‍ന്നു. ഏപ്രില്‍ രണ്ടുമുതല്‍ ഇ-ഹോസ്പിറ്റല്‍ സംവിധാനം ഏര്‍പ്പെടുത്തിയതോടെ മെഡിക്കല്‍ കോളജ് ഒ.പിയില്‍ രോഗികളുടെ രജിസ്‌ട്രേഷന്‍ ഇഴഞ്ഞാണ് നീങ്ങുന്നത്.
ചികിത്സയ്‌ക്കെത്തുന്ന രോഗിയുടെ മേല്‍വിലാസം അടക്കമുള്ള വിശദ വിവരങ്ങള്‍ കംപ്യൂട്ടറില്‍ രേഖപ്പെടുത്തേണ്ടതിനാലാണ് സമയം വൈകുന്നത്.
ഉച്ചയ്ക്ക് 12ന് അവസാനിപ്പിക്കുന്ന ഒ.പി കൗണ്ടര്‍ പ്രവര്‍ത്തനം വൈകിട്ട് മൂന്നുവരെ നീളുന്നത് പതിവാണ്. ഇതോടൊപ്പം അപ്രതീക്ഷിതമായ തിരക്ക് കൂടി നേരിട്ടതോടെ ഒ.പി പ്രവര്‍ത്തനം താളം തെറ്റിയ നിലയിലാണ്. ഡോക്ടര്‍മാരുടെ സമരം നീളുകയാണെങ്കില്‍ അത് മെഡിക്കല്‍ കോളജ് ആശുപത്രിയുടെ പ്രവര്‍ത്തനത്തെയും കാര്യമായി ബാധിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.