2019 April 26 Friday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

Editorial

ദുരിതപൂര്‍ണം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍


മഴക്കെടുതിയില്‍ വലഞ്ഞ് ഒരു പ്രദേശത്തെ ജനത മുഴുവന്‍ ദുരിതം അനുഭവിക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. തോരാത്ത മഴക്ക് കുട്ടനാട്ടിലും ആലപ്പുഴയിലും അല്‍പം ശമനം ഉണ്ടായെങ്കിലും ദുരിതം തോരാതെ തുടരുകയാണ്. ഇതിനിടെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു മറ്റൊരു സഹമന്ത്രിയായ അല്‍ഫോന്‍സ് കണ്ണന്താനത്തോടൊപ്പം എത്തി ദുരിതമേഖലയിലെ മൂന്നു ദുരിതാശ്വാസ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് 80 കോടിയുടെ സഹായ വാഗ്ദാനം നല്‍കിയിരിക്കയാണ്. സംസ്ഥാന സര്‍ക്കാര്‍ 8 31. 1 കോടിയുടെ സഹായം ആവശ്യപ്പെട്ടുവെങ്കിലും ഓഖി ദുരിതാശ്വാസത്തിന് നല്‍കിയ 203 കോടി സര്‍ക്കാരിന്റെ കൈയില്‍ ഉണ്ടെന്നു പറഞ്ഞൊഴിഞ്ഞിരിക്കുകയാ ണ് കേന്ദ്ര സര്‍ക്കാര്‍. കേ ന്ദ്ര സംഘത്തിന്റെ സന്ദര്‍ശനം പത്ത് ദിവസങ്ങള്‍ക്കുള്ളിലുണ്ടാകുമെന്നും അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ നഷ്ടപരിഹാരം നിശ്ചിയിക്കുക എന്നും കേന്ദ്രമന്ത്രി പറയുന്നു.

രാഷ്ട്രീയ ലാഭം ആഗ്രഹിച്ചു കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ റിജിജുവിനെയും അല്‍ഫോന്‍സ് കണ്ണന്താനത്തെയും കേരളത്തിലേക്ക് അയച്ചതെങ്കിലും അത്രത്തോളമെങ്കിലും ചെയ്യാന്‍ സംസ്ഥാനം ഭരിക്കുന്ന ഇടത് മുന്നണി സര്‍ക്കാര്‍ തയാറായില്ല. ഓഖിദുരന്തത്തില്‍നിന്ന് സര്‍ക്കാര്‍ പാഠം പഠിച്ചില്ല എന്നര്‍ഥം. ഓഖി ദുരന്തത്തില്‍ സംസ്ഥാനം ഞെട്ടിവിറച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നിസ്സംഗമായാണ് പ്രതികരിച്ചത്. ദുരന്തമേഖല സന്ദര്‍ശിക്കാന്‍ പോലും മുഖ്യമന്ത്രി കൂട്ടാക്കാതിരുന്നത് വ്യാപകമായ പ്രതിഷേധങ്ങള്‍ക്കാണ് ഇടവരുത്തിയത്. അവസരം മുതലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ നേട്ടത്തിനായി കേന്ദ്രമന്ത്രി സീതാരാമനെ ഓഖി ദുരിതബാധിത സ്ഥലത്തേക്കയച്ചു. കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളെ ബാധിച്ച മഴക്കെടുതിയിലും ബി.ജെ.പി സര്‍ക്കാര്‍ അതാവര്‍ത്തിച്ചിരിക്കുകയാണ്.
കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷിസംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു മഴക്കെടുതി ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ ആവശ്യങ്ങളെ വളരെ ലാഘവത്തോടെ സമീപിക്കുന്ന രീതിയായിരുന്നു പ്രധാനമന്ത്രി സ്വീകരിച്ചത്. അതിനുള്ള അവസരം സംഘത്തെ നയിച്ച മുഖ്യമന്ത്രി തളികയിലെന്നവണ്ണം നരേന്ദ്ര മോദിക്ക് നല്‍കുകയായിരുന്നു. മഴക്കെടുതികളെ ക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തനിക്ക് നിത്യേന കിട്ടിക്കൊണ്ടിരിക്കുന്നുണ്ടെന്നു പറഞ്ഞ് താങ്കള്‍ അമേരിക്കയില്‍ നിന്ന് വന്നതിന് ശേഷം അവിടം സന്ദര്‍ശിച്ചുവോ എന്ന് ചോദിച്ചു കൊണ്ട് പ്രധാനമന്ത്രി മുഖ്യമന്ത്രിയെ കൊച്ചാക്കുകയായിരുന്നു. നിവേദക സംഘത്തില്‍ എന്ത് കൊണ്ട് അല്‍ഫോന്‍സ് കണ്ണന്താനത്തെ ഉള്‍പ്പെടുത്തിയില്ല എന്ന് ചോദിക്കുകയും ഉള്‍പ്പെടുത്താത്തതിലുള്ള അമര്‍ഷമെന്നോണം രാഷ്ട്രീയ ലാഭം ലക്ഷ്യംവച്ച് കിരണ്‍ റിജിജുവിനൊപ്പം അല്‍ഫോന്‍സ് കണ്ണന്താനത്തെ വെള്ളപ്പൊക്ക ദുരിത പ്രദേശത്തേക്കയക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍ ഇതില്‍ നിന്നെല്ലാം പാഠം ഉള്‍ക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പിഴവുകള്‍ തിരുത്തുവാന്‍ തയാറാകുന്നുണ്ടോ, അതൊട്ടില്ല താനും.ഓഖിദുരന്തപ്രദേശം സന്ദര്‍ശിക്കാതിരുന്നത് പോലെ വെള്ളപ്പൊക്ക ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനും നാശനഷ്ടങ്ങള്‍ നേരില്‍ കാണുവാനും ഇത് വരെ അദ്ദേഹം തയാറായിട്ടില്ല.
അദ്ദേഹത്തിന്റെ അമേരിക്കന്‍ സന്ദര്‍ശനം വിവാദത്തിലായിരിക്കെ അത് തണുപ്പിക്കാന്‍ കുട്ടനാട്ടിലെങ്കിലും അദ്ദേഹം സന്ദര്‍ശനം നടത്തേണ്ടതായിരുന്നു.
മുഖ്യമന്ത്രി മാത്രമല്ല ആലപ്പുഴ ജില്ലയില്‍ നിന്നുള്ള ഇടത് മുന്നണി ജനപ്രതിനിധികളോ മന്ത്രിമാരോ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിട്ടില്ല. കേ ന്ദ്രമന്ത്രി വന്നപ്പോ ള്‍ മാത്രമാണ് ആലപ്പുഴ ജില്ലയില്‍ നിന്നുള്ള മന്ത്രി ജി. സുധാകരന് അദ്ദേഹത്തെ അനുഗമിക്കാന്‍ സമയം കിട്ടിയത്. സര്‍ക്കാരിനെപ്പോലെ തന്നെ സര്‍ക്കാര്‍ സംവിധാനങ്ങളും കാര്യക്ഷമമായിട്ടല്ല പ്രവര്‍ത്തിക്കുന്നത്. ഇത്തരമൊരു വെള്ളപ്പൊക്ക ദുരിതം മുമ്പൊരിക്കലും കണ്ടിട്ടില്ലെന്ന് പറഞ്ഞ് ഇതികര്‍തവ്യതാമൂഢരായി നില്‍ക്കുകയാണ് ഉദ്യോഗസ്ഥര്‍. ഓഖിദുരന്തം ഉണ്ടായപ്പോഴും ഇതേ ന്യായമായിരുന്നു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിരത്താനുണ്ടായിരുന്നത്. ദുരിതബാധിത പ്രദേശങ്ങള്‍ ഇപ്പോഴും ഒറ്റപ്പെട്ട് കഴിയുകയാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കേണ്ട ജില്ലയില്‍ നിന്നുള്ള മന്ത്രിമാരൊന്നും ഇത് വരെ കര്‍മ്മോത്സുകരായിട്ടില്ല. ആറ്‌ലക്ഷത്തിലധികം ജനങ്ങളെയാണ് മഴക്കെടുതി ദുരിതത്തിലാഴ്ത്തിയിരിക്കുന്നത്. ഒരു ലക്ഷത്തിലധികം പേര്‍ ദുരിതാശ്വാസ ക്യാംപുകളില്‍ അഭയം തേടിയിരിക്കുന്നു. ഇവര്‍ക്ക് മതിയായ ഭക്ഷണമില്ല, കുടിവെള്ളമില്ല. വൈദ്യുതിയില്ല. സ്ത്രീകളും കുട്ടികളും ശുചി മുറികളില്ലാതെ നരകിക്കുന്നു. ഭക്ഷണ സാധനങ്ങള്‍ക്ക് ടോക്കണ്‍ നല്‍കി ആലപ്പുഴ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന കേ ന്ദ്രത്തില്‍ പോയി വാങ്ങാന്‍ പറയുന്നു. ഉടുവസ്ത്രവുമായി വീട് വിട്ടിറങ്ങിയവര്‍ക്ക് മാറ്റിയുടുക്കാന്‍ ഒരു കഷ്ണം തുണി പോലുമില്ല. കുട്ടികളുടെ പഠനോപകരണങ്ങളും യൂനിഫോമുകളും വെള്ളപ്പൊക്കത്തില്‍ ഒഴുകിപ്പോയിരിക്കുന്നു. അവരുടെ കണ്ണീരൊപ്പുവാന്‍ സര്‍ക്കാരോ അവര്‍ തെരഞ്ഞെടുത്തയച്ച ജനപ്രതിനിധികളോ ഇല്ല. കുട്ടനാട് എം.എല്‍.എ തോമസ് ചാണ്ടി എവിടെയാണെന്നറിയില്ല കുട്ടനാട്ടുകാര്‍ക്ക്. സാങ്കേതിക കാരണങ്ങളും ചട്ടങ്ങളും നിരത്തി ഉദ്യോഗസ്ഥര്‍ അനങ്ങാപ്പാറ നയം തുടരുന്നു. എന്ത് സഹായം വേണമെങ്കിലും പണം നോക്കാതെ ചെലവഴിക്കുവാന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ ദുരിതബാധിതര്‍ക്ക് അതൊന്നും പ്രയോജനപ്പെടുന്നില്ല. ഇത് പോലൊരു സര്‍ക്കാര്‍ അനാസ്ഥ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലെന്നാണ് പൊതുപ്രവര്‍ത്തകരും ദുരിതബാധിതരും രാഷ്ട്രീയാഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവച്ച് കൊണ്ട് പറയുന്നത്.അതിനാല്‍ ഇനിയെങ്കിലും സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.
എന്നു വീടുകളിലേക്ക് മടങ്ങിപ്പോകാനാകുമെന്നോ മടങ്ങിച്ചെന്നാല്‍ വീടുകള്‍ താമസ യോഗ്യമാകുമെന്നോ തൊഴിലുപകരണങ്ങള്‍ ലഭിക്കുമെന്നോ എന്നതിനെക്കുറിച്ചൊന്നും യാതൊരു തിട്ടവുമില്ലാതെ അനിശ്ചിതത്വത്തിന്റെ തുരുത്തുകളില്‍ ഒറ്റപ്പെട്ടു പോയ മനുഷ്യരെ രക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്.മാറിമാറി വരുന്ന സര്‍ക്കാരുകളൊക്കെയും വികസനത്തിന്റെ പേരില്‍ പ്രകൃതിക്കേല്‍പിക്കുന്ന പരുക്കുകളുടെ അനന്തരഫലങ്ങളാണ് ഇത്തരം പ്രകൃതിദുരന്തങ്ങള്‍.വികസനത്തിന്റെ പേരില്‍ പ്രകൃതിയെ നശിപ്പിക്കുന്നതിന് സര്‍ക്കാരുകളും കൂട്ട് നില്‍ക്കുന്നു. ആവാസവ്യവസ്ഥക്ക് ആഘാതം ഏല്‍പിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ജനകീ യ കൂട്ടായ്മ കള്‍ ഉയര്‍ന്ന് വരുമ്പോള്‍ മാത്രമേ ഇത്തരം പ്രകൃതിദുരന്തങ്ങള്‍ക്ക് അറുതിയുണ്ടാകു. മനുഷ്യ കരങ്ങളാല്‍തീര്‍ക്കുന്ന അനര്‍ഥങ്ങളാണ് ഭൂമിയില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നത്. മലകളും, കുന്നുകളും ഇടിച്ച് നിരപ്പാക്കുകയും തണ്ണീര്‍ത്തടങ്ങളും വയലുകളും മണ്ണിട്ട് നികത്തുകയും ചെയ്ത് തലതിരിഞ്ഞ വികസന നയം നടപ്പിലാക്കുമ്പോള്‍ കോട്ടയം, കുട്ടനാട് എന്നിവിടങ്ങളില്‍ ഉണ്ടായതുപോലുള്ള വെള്ളപ്പൊക്ക ദുരന്തങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കും. ധനമോഹികളുടെയും അവര്‍ക്ക് ഓശാന പാടുന്ന അതത് കാലത്തെ ഭരണകൂടങ്ങളുടെയുംവികസന വിരോധികളെന്ന ആക്ഷേപം വകവെക്കാതെ അവശേഷിക്കുന്ന പ്രകൃതി സമ്പത്തെങ്കിലും സംരക്ഷിക്കുവാന്‍ അതത് പ്രദേശങ്ങളില്‍ രൂപപ്പെടുന്ന ജനകീയ കൂട്ടായ്മകള്‍ക്കെ കഴിയൂ.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.