2019 June 24 Monday
ഭരിച്ചതുകൊണ്ടായില്ല ഭരണം ഉണ്ടെന്നു ജനങ്ങള്‍ക്ക് ബോധ്യപ്പെടുമ്പോഴേ ഏതൊരു ഗവണ്‍മെന്റും അര്‍ഥവത്താകുന്നുള്ളൂ -കാറല്‍ മാക്‌സ്‌

ദുരിതം പെയ്തൊഴിയാതെ ജില്ലയിലെ നെല്‍ കര്‍ഷകര്‍

പാലക്കാട്: കാലവര്‍ഷത്തിന്റെ കുത്തൊഴുക്കിന് ശേഷം വരള്‍ച്ച കുടി ശക്തി പ്രാപിച്ചതോടെ ജില്ലയില്‍ വ്യാപകമായി നെല്ലിന് ഓലകരിച്ചില്‍ രോഗം പടരുന്നു.ജില്ലയില്‍ ഏകദേശം 30,000 ഹെക്ടറിലാണ് ഒന്നാം വിള കൃഷിയിറക്കിയത്.ഇതില്‍ തന്നെ 10,000 ഹെക്ടര്‍ പ്രളയകൊടുതിയില്‍ നശിച്ചതായാണ് പ്രാഥമിക കണക്ക്.അതോടൊപ്പം ബാക്കിയുള്ള പാടശേഖരങ്ങളില്‍ കൂടി ഓലകരിച്ചല്‍രോഗം ബാധിച്ചതോടെ കര്‍ഷകര്‍ വെട്ടിലായിരിക്കുകയാണ്.
ഇലകളില്‍ അഗ്ര ഭാഗത്തു തുടങ്ങി തണ്ടിലേക്ക് വ്യാപിക്കുന്ന ഈ രോഗം കിഴക്കന്‍ മേഖലയിലെ ചിറ്റൂര്‍ താലൂക്കിലെപെരുമാട്ടി,നല്ലേപ്പിള്ളി,കൊല്ലങ്കോട്, പട്ടഞ്ചേരി പ്രദേശങ്ങളിലെ പാടശേഖരങ്ങളില്‍ വ്യാപകമായി പടര്‍ന്ന് പിടിച്ചിരിക്കുന്നത്.
അതിവേഗം വ്യാപിക്കുന്ന കീട ബാധ കര്‍ഷകരില്‍ ആശങ്ക ജനിപ്പിച്ചിട്ടുണ്ട്.ഉല്‍പ്പാദന ചെലവുകൂടുതലും വിലകുറവും കര്‍ഷകതൊഴിലാളി ക്ഷാമവും നിലനില്‌ക്കെ പണമിടപാട് സ്ഥാപനങ്ങളില്‍ നിന്നും മറ്റും പണം പലിശക്കെടുത്താണ് പലരും ഇത്തവണ കൃഷി ഇറക്കിയത്.ഇതില്‍ പലകുടുംബങ്ങളും മുടക്ക് മുതല്‍ പോലും തിരിച്ച് കിട്ടാതെ ആത്മഹത്യാമുനമ്പിലാണ്.ചെറുകിട കര്‍ഷകരെയാണ് ് സാമ്പത്തികമായി ബാധിച്ചിട്ടുള്ളത്.കളകള്‍ പറിച്ചു മാറ്റിയും വളപ്രയോഗങ്ങള്‍ നടത്തിയും നല്ലൊരു തുക ഇതിനോടകം ഇവര്‍ ചിലവഴിച്ചിട്ടുണ്ട്.ഒരിഞ്ചുഭുമി പോലും തരിശിടാതെ കഠിനാധ്വാനം ചെയ്യുന്ന ഇത്തരക്കാര്‍ക്ക് പ്രകൃതിയുടെ തിരിച്ചടികൂടിയാകുമ്പോള്‍ മറ്റ് മേഖലകളിലേക്ക് മാറേണ്ടി വരുന്ന സാഹചര്യമാണുള്ളത്.അവശേഷിക്കുന്ന ചിലരെങ്കിലും ഈ രംഗത്ത്
പിടിച്ചുനില്‍ക്കുന്നത് വളരെ ത്യാഗം സഹിച്ചാണ്.ഇവര്‍ക്ക് വീണ്ടും കൃഷി ഇറക്കണമെങ്കില്‍ സര്‍ക്കാര്‍ കനിഞ്ഞെ തീരു.
നിലവില്‍ ഏക്കറിന് രണ്ടായിരം രൂപ വീതം നഷ്ടപരിഹാരമായി സര്‍ക്കാര്‍ നല്‍കുന്നുണ്ടെങ്കിലും,കടകെണിയില്‍ നിന്നും മുക്തിനേടാന്‍ ഈ തുക തികയാത്ത സാഹചര്യമാണ് നിലവിലുള്ളത്.നിലവിലെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ഭീമമായ തുകയൊന്നും ഇവര്‍ ആവശ്യപ്പെടുന്നില്ല.ചുരുങ്ങിയത് ഏക്കറിന്പതിനായിരം രൂപയെങ്കിലും ധന സഹായമായി കിട്ടിയാല്‍ മാത്രമേ അവര്‍ക്ക് മുന്നോട്ടു പോകാന്‍ കഴിയു.
ആഗോള കാലാവസ്ഥാ പ്രതിഭാസത്തെ തുടര്‍ന്ന് സംസ്ഥാനം വരള്‍ച്ചയിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഗൗരവമായി കണക്കാക്കേണ്ടതുണ്ട്.ഭക്ഷ്യമേഖലയെ സാരമായി ബാധിക്കുന്ന ഇത്തരം വിഷയങ്ങളില്‍ ഇനിയും ഇവരെ സംരക്ഷിക്കാന്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സര്‍ക്കാരും തയ്യാറായില്ലെങ്കില്‍ മലയാളിയുടെ മുഖ്യഭക്ഷ്യവസ്തുവായ അരിക്ക് പൂര്‍ണ്ണമായും അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടതായി വരും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.