2019 January 19 Saturday
ഒരു നല്ല വാക്ക് പറയുന്നതും അരോചകമായത് ക്ഷമിക്കുന്നതും ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉല്‍കൃഷ്ടമാകുന്നു

ദുരന്ത ഭൂമിയില്‍ രക്ഷകനായി രാജ്യസേവകന്‍ അന്‍വര്‍

അന്നമനട: അവധിക്ക് നാട്ടിലെത്തിയ അന്‍വര്‍ പ്രളയം നാശം വിതച്ച ദുരന്ത ഭൂമിയില്‍ രക്ഷകനായി. രാജ്യത്തിന്റെ കാവല്‍ ഭടനായി കാശ്മീരില്‍ സേവനമനുഷ്ഠിക്കുകയായിരുന്ന അന്‍വര്‍ അവധിക്ക് നാട്ടിലെത്തിയത് പ്രളയം ആഞ്ഞടിച്ച സ്വാതന്ത്ര്യ ദിനത്തിന് രണ്ടു മൂന്നു ദിവസത്തിനു മുന്‍പായിരുന്നു. ചാലക്കുടി പുഴയുടെ സമീപത്തുള്ള കാടുകുറ്റി പഞ്ചായത്തിലെ കുലയിടം, വാളൂര്‍, ചെറുവാളൂര്‍ പ്രദേശങ്ങളിലെ പ്രളയബാധിതര്‍ക്ക് താങ്ങും തണലായത് അന്‍വറിന്റെ ധൈര്യത്തിന്‍ കീഴിലണിനിരന്ന യുവനിരയായിരുന്നു. പുഴ കരകവിഞ്ഞ നിമിഷം മുതല്‍ ഇവിടത്തുക്കാരുടെ രക്ഷകനായിരുന്നു ഈ അതിര്‍ത്തി ഭടന്‍.
വഞ്ചിയും തുഴയുമില്ലാതെ നിലയില്ലാത്ത വെള്ളത്തില്‍ നീന്തി അടിയന്തിര രക്ഷാപ്രവര്‍ത്തനത്തിന് കുലയിടം പണിക്കവീട്ടില്‍ അന്‍വര്‍ മുന്നോട്ടിറങ്ങിയപ്പോള്‍ ആശ്വാസത്തിന്റെ തുരുത്തുകളിലെത്തിയത് അനവധി പേരാണ്. വാളൂരിലെ ചോലാന്‍ അമീറാലിയുടെ കുരുന്നു കുട്ടികളടങ്ങുന്ന കുടുംബത്തെ സാഹസികമായി രക്ഷപ്പെടുത്തിയത് മാത്രം മതി ആദരവും പ്രശംസാപത്രവും നല്‍കാന്‍. വെള്ളം പൂര്‍ണമായും ഇറങ്ങിയപ്പോള്‍ അമീറാലിയുടെ വീടും പരിസരവും കണ്ടപ്പോള്‍ ഞെട്ടിപ്പോയി. പുഴ വഴി മാറിയൊഴുകിയ ദിശയിലായിരുന്നു ആ വീട്. ഒഴിക്കിന്റെ ശക്തിയില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമായിരുന്നുവെന്നത് അന്‍വറും സംഘവും ഇപ്പോള്‍ ഭയാനകമായി ഓര്‍മിക്കുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മത്സ്യതൊഴിലാളികളുടെ കൂടെയുള്ള ബോട്ടില്‍ ഇടവേളയില്ലാത്ത രക്ഷാ പ്രവര്‍ത്തനത്തിനും അന്‍വറുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനം അവസാനിച്ചപ്പോള്‍ പലരും അവരവരുടെ കാര്യങ്ങളിലേക്ക് പിന്‍വലിഞ്ഞപ്പോള്‍ അന്‍വറിന്റെ കരുണ നിറഞ്ഞ മനസ് നിറഞ്ഞൊഴുകുകയായിരുന്നു. ക്യാംപുകളിലും ദുരിതമേഖലയിലും അന്‍വര്‍ ഓടി നടക്കുകയായിരുന്നു ദുരിതാശ്വാസ സാധനങ്ങളുമായി. ആലുവയിലും പറവൂരും കുഴൂരും ദുരിതാശ്വാസ കിറ്റുകള്‍ വിതരണം ചെയ്തു.
കിണര്‍ വൃത്തിയാക്കാന്‍ വലിയ പമ്പ് സെറ്റുകളുമായി ദുരിത വീടുകളില്‍ ആശ്വാസമായി അന്‍വറിന്റെ പിക്കപ് ജീപ്പ് പാഞ്ഞെത്തി. ദുരിതങ്ങള്‍ക്ക് പകുതി ആശ്വാസമായി ആളുകള്‍ വീടുകളില്‍ തിരിച്ചെത്തിയപ്പോള്‍ അവിടേക്ക് കുടിവെള്ളം എത്തിക്കുകയെന്ന യജ്ഞവുമായി അന്‍വര്‍ ഇപ്പോള്‍ തിരക്കിലാണ്. അതിരാവിലെ ആറിനു കുടിവെള്ളവുമായി വാളൂരും അന്നമനടയും ആറ്റപ്പാടവും കാതികുടവും താണ്ടി വീട്ടില്‍ തിരികെയെത്തുമ്പോള്‍ രാത്രിയായിരിക്കും.

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.