2020 June 06 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് ബുക്ക് പ്രസിദ്ധീകരിക്കും

 

തിരുവനന്തപുരം: സംസ്ഥാനത്ത് അതിവര്‍ഷം ഉണ്ടാകുമെന്ന പ്രവചനത്തിന് പിന്നാലെ ദുരന്ത നിവാരണ അതോരിറ്റി ഓറഞ്ച് ബുക്ക് പ്രസിദ്ധീകരിക്കാനൊരുങ്ങുന്നു. പ്രളയ ദുരന്തത്തെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സര്‍ക്കാര്‍ അംഗീകരിച്ചതാണ് ഓറഞ്ച് ബുക്ക്. ഇത്തവണ കൊവിഡ് പ്രതിരോധത്തോടൊപ്പം പ്രളയ പ്രതിരോധത്തിനും പ്രാധാന്യം നല്‍കും.
ഓറഞ്ച് ബുക്കില്‍ പറയുന്ന മാനദണ്ഡങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ദുരന്തസമയത്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. 25ന് ഓറഞ്ച് ബുക്ക് പ്രസിദ്ധീകരിക്കുമെന്നാണ് സൂചന. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ രണ്ടാമത്തെ മണ്‍സൂണ്‍ പ്രവചനം 25നുള്ളില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനു ശേഷമാകും ഓറഞ്ച് ബുക്കിന്റെ പ്രസിദ്ധീകരണം.
2018ലെ അതിവര്‍ഷത്തെ തുടര്‍ന്ന് കേരളം കണ്ട ഏറ്റവും വലിയ പ്രളയമാണുണ്ടായത്. അതിനു ശേഷമാണ് പ്രളയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി ഒരു പൊതു മാര്‍ഗനിര്‍ദേശം വേണമെന്ന് മനസിലാക്കിയത്. 2019ലെ പ്രളയം മുതല്‍ ഓറഞ്ച് ബുക്ക് തയാറാക്കി തുടങ്ങി. 2019ല്‍ 26 വകുപ്പുകളുടെ ഏകീകരണം ഉറപ്പാക്കിയാണ് ബുക്ക് തയാറാക്കിയത്.
ഈ വര്‍ഷം 31 സര്‍ക്കാര്‍ വകുപ്പുകളെ അധികമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓറഞ്ച് ബുക്കിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ച് ദുരിതാശ്വാസ ക്യാംപുകളുടെ എണ്ണം, പ്രളയ സാധ്യതാ പ്രദേശങ്ങള്‍, ആ പ്രദേശങ്ങളിലെ ആളുകളുടെ എണ്ണം, പ്രളയ ജലം ഉയരാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍, നദികള്‍, അണക്കെട്ടുകള്‍, അപകടനിലയിലെത്തുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങള്‍, ദുരന്ത പ്രതികരണ സേനയുടെ വിന്യാസം, ഉരുള്‍ പൊട്ടല്‍ സാധ്യതാ പ്രദേശങ്ങള്‍, മണ്ണിടിച്ചില്‍-മലവെള്ളപ്പാച്ചില്‍ തുടങ്ങിയുള്ള എല്ലാ വിവരങ്ങളും ഓറഞ്ച് ബുക്കിലുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.